വോട്ടു വിളമ്പുന്ന തക്കാരം
Mail This Article
കുറച്ചു സ്നേഹക്കഞ്ഞി എടുക്കട്ടേ? കോഴിക്കോട് മാവൂർ റോഡിലെ വനിതാ ഹോട്ടലിൽ കയറിയതും ഒടിയൻ സിനിമയിൽ മഞ്ജു വാരിയർ മോഹൻലാലിനോടു ചോദിക്കുന്നതുപോലെ സ്നേഹം തിളച്ചുതൂവുന്ന ആ ചോദ്യം.
മൺചട്ടിയിൽ സംഗതി മുന്നിലെത്തി. ചൂടുകഞ്ഞി, ഇത്തിരി കപ്പ, കട്ടത്തൈര്, കഞ്ഞിക്കു നടുവിൽ തേങ്ങാച്ചമ്മന്തിയുരുള, അതിൽ കുത്തി നിർത്തിയിരിക്കുന്ന പച്ചക്കാന്താരി, പയറുതോരൻ. പിന്നെ വാഴയിലയിൽ ഒരു പൊരിച്ച മത്തി.
ചമ്മന്തിയുരുള പൊട്ടാതിരിക്കാൻ ജാഗ്രത പാലിച്ചു കഴിച്ചുതുടങ്ങിയതും വനിതാമൊഴി: അങ്ങനല്ല, എല്ലാം കൂടി ഒന്നിച്ചിളക്കിത്തിന്നണം. എന്നാലേ സ്നേഹക്കഞ്ഞിയാകൂ. ചൂടും എരിവും പുളിയും എല്ലാം ഒത്തുചേർത്തിളക്കി. കോഴിക്കോടുപോലെ രുചികരം. എരിവും പുളിയുമെല്ലാം ‘വിഭാഗീയതയില്ലാതെ’ ഒത്തുചേർന്നതിനാലാണത്രേ സ്നേഹക്കഞ്ഞി എന്ന പേര്.
തിരഞ്ഞെടുപ്പിലെ അതിഥി തക്കാരം
കർണാടകയിൽ നിന്നെത്തിയ ഇബ്രാഹിം സുലൈമാൻ സേട്ടിനെയും കൊച്ചിയിൽ നിന്നെത്തിയ ഡോ. വി.എ.സെയ്ദ് മുഹമ്മദിനെയും മലപ്പുറത്തുനിന്നെത്തിയ ഇ.കെ.ഇമ്പിച്ചിബാവയെയും കണ്ണൂരിൽ നിന്നെത്തിയ എം.കെ.രാഘവനെയും പാർട്ടി നോക്കാതെ വിളിച്ചിരുത്തി ‘സ്നേഹക്കഞ്ഞി’ വച്ചു വിളമ്പിയിട്ടുണ്ട് കോഴിക്കോട്. ആ തക്കാരത്തിന്റെ (സൽക്കാരത്തിന്റെ കോഴിക്കോടൻ വിളിപ്പേര്) രുചിയും കയ്പും അവർക്കറിയാം.
കോണിവച്ച് കയറും ഭൂരിപക്ഷം
4-ാം ജയത്തിനായി കോഴിക്കോടിന്റെ രാഘവേട്ടൻ മത്സരിക്കുന്നു. 2009ൽ ആദ്യമത്സരത്തിൽ മുഹമ്മദ് റിയാസിനെതിരെ നേടിയ 838 വോട്ടിന്റെ ലീഡ് അന്നു കേരളത്തിലെ ഏറ്റവും ചെറിയ ഭൂരിപക്ഷം. 2014ൽ എ.വിജയരാഘവനെ 16,883 വോട്ടിനു തോൽപിച്ചു ലീഡുയർത്തി. 2019ൽ ലീഡ് 85,225.... ലീഗിന്റെ കൂടി സഹായത്തോടെ ‘കോണി വച്ച്’ കയറിപ്പോവുകയാണ് ഭൂരിപക്ഷം. അതിൽനിന്നു താഴെയിറക്കാനാണ് ‘കരിംക്കാ’ എന്ന ബ്രാൻഡോടെ രാജ്യസഭാംഗം കൂടിയായ എളമരം കരീമിനെ സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. 37% മുസ്‌ലിം വോട്ടുള്ള മണ്ഡലത്തിൽ പലയിടത്തും ‘കരിംക്കാ’ ബോർഡുകൾ വച്ചിട്ടുണ്ട് സിപിഎം. മോദി ടാഗിന്റെ ചുവടുപിടിച്ച് എം.ടിയുടെ ഗാരന്റി എന്നതാണ് ബിജെപി സ്ഥാനാർഥി എം.ടി.രമേശിന്റെ പോസ്റ്റർ ടാഗ് ലൈൻ. ജനഹൃദയയാത്ര നടത്തിയാണ് എം.കെ.രാഘവൻ സജീവമായത്.
മണമില്ലാത്ത മുല്ലപ്പൂ
മിഠായിത്തെരുവിലെ ഹനുമാൻ മഠത്തിനരികിൽ വഴിപാടിനുള്ള വെറ്റിലമാല കെട്ടുകയാണ് ഗോകുൽദാസ്, രാജൻ, മുരളി, ഹരിദാസ് എന്നിവർ. രാഷ്ട്രീയമാണ് ചർച്ച. വോട്ടു ചോദിച്ചു വരുമ്പോൾ നേതാക്കളോട് അവർക്കു ചിലതു ചോദിക്കാനുണ്ട്. തിരഞ്ഞെടുപ്പ് ഒന്നുപോലും വിടാതെ വോട്ടുചെയ്യുന്നുണ്ട്. പക്ഷേ, എന്താണു ഗുണം എന്നാണു ഗോകുൽദാസിന്റെ സംശയം.
‘‘കേരളത്തിൽ പെൻഷൻ മുടങ്ങിയതും ജനങ്ങളുടെ ദുരിതവും ലോക്സഭാ തിരഞ്ഞെടുപ്പിലും ചർച്ചയാകും’’.
‘‘പ്രതിപക്ഷത്തെക്കൊണ്ടു കൊള്ളില്ല, അതാണു കേരളത്തിലെ പ്രശ്നം’’.
‘‘മഴക്കാലമായാൽ മിഠായിത്തെരുവിൽ പുഴപോലെ വെള്ളക്കെട്ടാണ്. അതു പരിഹരിക്കാത്തവർക്കു വോട്ടുകൊടുക്കരുത്’’.
‘‘ സ്ഥാനാർഥികൾ ഹൽവ മുറിക്കുന്ന ഫോട്ടോഷൂട്ടിനുവരും. ആവശ്യത്തിനു ടോയ്‌ലറ്റ് പോലും കൊണ്ടുവരാൻ അവർക്കു കഴിഞ്ഞിട്ടില്ല’’. ഇങ്ങനെ പോകുന്നു ചർച്ച...
കടയിൽ വന്നയാൾ മുല്ലപ്പൂമാല മണത്തുനോക്കി. മണക്കണ്ട; അതു മണമില്ലാത്ത മുല്ലപ്പൂവാണ്. എന്നിട്ട് ‘ചർച്ചക്കാരോട്’ ശബ്ദം താഴ്ത്തി പറഞ്ഞു: ചില നേതാക്കളെപ്പോലെ മണവും ഗുണവുമില്ലാത്തത്. പതിയെ മുല്ലമാല എടുത്തു മണത്തുനോക്കി. മണമില്ല. ഇതെന്തു മറിമായം !
ഈ സീസണിൽ വരുന്ന ബെംഗളൂരു മുല്ലപ്പൂ മണമില്ലാത്തതാണ്. തലയിൽ ചൂടാൻ വരുന്നവർക്കു കൊടുക്കാറില്ല. ഡെക്കറേഷനു കൊള്ളാം എന്നു രാജൻ.
റയോൺ, റയോൺ കം എഗെയ്ൻ
മാവൂർ റയോൺസിലെ സാധാരണ തൊഴിലാളിയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം. തൊഴിലാളി നേതാവും എംപിയുമായി വളർന്നു. ആ വളർച്ചയുടെ വേരിറങ്ങിയ മണ്ണിലെത്തിയപ്പോൾ കാണുന്നത് റയോൺസിന്റെ 3000 തൊഴിലാളി കുടുംബങ്ങൾ താമസിച്ചിരുന്ന ക്വാർട്ടേഴ്സുകൾ ജെസിബി പൊളിച്ചു നീക്കുന്നത്.
400 ഏക്കറിൽ, ഒരുകാലത്ത് കേരളത്തിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനമായിരുന്ന റയോൺസ് ഉൽപാദനം നിർത്തിയതിന്റെ ‘രജതജൂബിലി’ വർഷമാണിത്. ഒരുകാലത്ത് തിയറ്ററും സ്കൂളും ആശുപത്രിയും സൂപ്പമാർക്കറ്റുമെല്ലാമുണ്ടായിരുന്ന ‘ടൗൺഷിപ്’ ആണിതെന്നു വിശ്വസിക്കാൻ പ്രയാസം. അസ്ഥികൂടം പോലുള്ള കെട്ടിടങ്ങൾക്കു നടുവിൽ കാട്ടുപന്നിയും പാമ്പുമെല്ലാം ഇഷ്ടംപോലെ.
റയോൺസിലെ പഴയ തൊഴിലാളി കരീം കേരളത്തിന്റെ വ്യവസായമന്ത്രിയായപ്പോൾ റയോൺസ് തിരിച്ചുവരുമെന്നും നാടിന്റെ പ്രതാപം തിരിച്ചുകിട്ടുമെന്നും മാവൂരുകാർ വിശ്വസിച്ചതു വെറുതേയായി എന്ന പൊതുവികാരം മാവൂരിലുണ്ട്. എങ്കിലും ‘ഇന്ത്യൻ തൊഴിലാളി സമൂഹത്തിന്റെ ശബ്ദം കരുത്തോടെ ലോക്സഭയിൽ മുഴങ്ങട്ടെ’ എന്ന പ്രതീക്ഷ എഴുതിയ പോസ്റ്ററുകൾ റോഡരികിൽ കാണാം.
ചേവായൂരിൽ കണ്ട വെളിച്ചം
തിരികെ വരുംവഴി ചേവായൂരിലെ കോംപസിറ്റ് റീജനൽ സെന്റർ ഫോർ പഴ്സൻസ് വിത് ഡിസെബിലിറ്റീസ് (സിആർസി) കെട്ടിടത്തിനു മുന്നിൽ വണ്ടിനിർത്തി. ഒന്നര ലക്ഷത്തോളം ഭിന്നശേഷിക്കാർക്കു തെറപ്പിയും മറ്റു സേവനങ്ങളും നൽകിയ കേന്ദ്രം. സ്വയംതൊഴിൽ പരിശീലനങ്ങളിലൂടെ അവർക്കു പ്രതീക്ഷയുടെ വെളിച്ചം പകരുന്ന സ്ഥാപനം.
ഈ സെന്ററിനു പുറമേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് (ഇംഹാൻസ്), മെഡിക്കൽ കോളജിലെ കാൻസർ കേന്ദ്രം, പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രം എന്നിവയ്ക്കു പിന്നിലും സിറ്റിങ് എംപി എം.കെ.രാഘവന്റെ ശ്രമങ്ങൾ യുഡിഎഫ് എടുത്തുകാട്ടുന്നു.
കമഴ്ത്തിവച്ച കുടങ്ങൾ
നിലത്തുവീണ മിഠായിത്തുണ്ടിനെ ഉറുമ്പുകൂട്ടം പൊതിയുംപോലെ ജനം മിഠായിത്തെരുവിനെ പൊതിഞ്ഞിരിക്കുന്നു. ദിവസവും ലക്ഷക്കണക്കിനുപേർ വന്നു പോകുന്ന ഇടം. കച്ചവടക്കാരുടെ പുതുതലമുറ തുണിക്കടകളിലേക്കും മറ്റും ജനത്തെ വാശിയോടെ വിളിച്ചുകയറ്റുന്നു. പാതി വിരിഞ്ഞൊരു പുഞ്ചിരിയുമായി തെരുവിന്റെ കഥാകാരൻ എസ്.കെ.പൊറ്റെക്കാട്ടിന്റെ പ്രതിമ. ‘ഈ തെരുവിൽ പുതിയ കാൽപാടുകൾ പഴയ കാൽപാടുകളെ മായ്ച്ചുകളയുന്നു’ എന്നെഴുതിയ യാത്രികൻ.
എല്ലാ യാത്രകളും അവസാനിക്കുന്ന ആ പ്രതിമയ്ക്കുമുന്നിൽ നിൽക്കുമ്പോൾ.... അദ്ദേഹത്തിന്റെ നിശ്ശബ്ദ പ്രഭാഷണം കേൾക്കാനെന്നോണം നിരയായി ഇരിക്കുന്നവരെക്കണ്ടു. ഇരിപ്പിടങ്ങളായി കോൺക്രീറ്റ് കുറ്റികൾ. അതിനിടയിൽ പച്ച നിറമടിച്ച, കുടത്തിന്റെ രൂപത്തിലുള്ള ഭംഗിയുള്ള ഇരിപ്പിടങ്ങൾ. കുടം ഇരിപ്പിടം കൊള്ളാമല്ലോ എന്നു പറഞ്ഞപ്പോൾ വ്യാപാരി അബ്ദുറഹിമാൻ തിരുത്തി: അതു മാലിന്യമിടാൻ ടൂറിസം പ്രമോഷൻ കൗൺസിൽ കൊണ്ടുവന്നു വച്ചതാണ്. ആ പദ്ധതി പാളി. പാഴായകുടങ്ങൾ കമിഴ്ത്തിവച്ച് ജനം ഇരിപ്പിടമാക്കി! വോട്ടു ചോദിക്കാനെത്തുന്ന സ്ഥാനാർഥികളോട് ഈ ഇരിപ്പിടങ്ങൾ പറയുന്നു: എംപി ഫണ്ട് കുടം കമഴ്ത്തിവച്ച് ഒഴിക്കരുത്.
ആ കുടങ്ങൾ വച്ചതിനു ശേഷമാണോ പൊറ്റെക്കാട്ടിന്റെ പ്രതിമ ചിരിച്ചുതുടങ്ങിയതെന്നു സംശയം.