ADVERTISEMENT

ഒറ്റയ്ക്കു ജീവിക്കുകയും സ്വന്തം കാര്യങ്ങൾ നോക്കുകയും ചെയ്യുന്ന ഇന്നത്തെ തലമുറയോട് എനിക്ക് ആരാധനയാണ്. ഒരു റോഡ് ക്രോസ് ചെയ്യണമെങ്കിൽപോലും എന്റെ അപ്പുറവും ഇപ്പുറവും ആളുവേണം. തനിയെ റോഡ് ക്രോസ് ചെയ്യുന്നവരെയൊക്കെ ഞാൻ ആരാധനയോടെ നോക്കും. പ്രൊട്ടക്ടഡ് ആയ ചുറ്റുപാടിൽ വളർന്നു ജീവിക്കുന്ന എനിക്ക് തന്റെ കാര്യം സ്വന്തമായി ചെയ്യുന്ന മകളോടുവരെ ആരാധനയാണ്.

ഉർവശി 

യുവാക്കളിൽ വായനശീലം കുറഞ്ഞുവരുന്നു എന്ന വാദം ശരിയാണെന്നു തോന്നുന്നില്ല. വിക്കി മലയാളത്തിൽ കൂടുതലായി പങ്കെടുക്കുന്നതും വിക്കി ഗ്രന്ഥാലോകത്തിൽ പുസ്തകങ്ങൾ കൂടുതലായി ചേർത്തുകൊണ്ടിരിക്കുന്നതും സ്കൂൾ– കോളജ് വിദ്യാർഥികളാണ്. പുസ്തകവായനയെ സംബന്ധിച്ചിടത്തോളം ‘ഞങ്ങളുടെയൊക്കെ ചെറുപ്പകാലത്തെ’ വായനയെ മഹത്വവൽക്കരിച്ച് ഭൂതകാലത്തിൽ അഭിരമിക്കുന്നത് അവസാനിപ്പിക്കേണ്ട കാലമായി.

ഡോ. ബി.ഇക്ബാൽ 
 

നമ്മൾ എപ്പോഴും സ്മാർട് സിറ്റിയെപ്പറ്റിയേ പറയാറുള്ളൂ; സ്മാർട്ട് വില്ലേജിനെപ്പറ്റി പറയാറില്ല. നഗരങ്ങൾ സ്മാർട്ടാക്കാം, ഗ്രാമങ്ങൾ എങ്ങനെ വേണമെങ്കിലും ആയിക്കൊള്ളട്ടെ എന്നൊരു മനോഭാവമാണ് പൊതുവേയുള്ളത്. കാരണം നഗരവാസികളാണല്ലോ എല്ലായിടത്തും അഭിപ്രായരൂപീകരണം നടത്തുന്നത്.

ഡോ. ജെ.പ്രഭാഷ്

ചെറുപ്പകാലത്ത് ക്രിക്കറ്റ് താരമാകണമെന്നും സെഞ്ചറി അടിക്കണമെന്നും മോഹിച്ചിരുന്നു. കളിക്കിടെ പരുക്കു പറ്റിയതിനെത്തുടർന്ന് ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. പക്ഷേ, സിനിമയിൽ സെഞ്ചറി തികയ്ക്കാൻ നാലുചിത്രങ്ങൾ കൂടി മതി.

പ്രിയദർശൻ

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാമെന്നാണ് ഞാൻ വിചാരിച്ചത്. മുട്ടുമ്പോൾ ആനയോടു മുട്ടണ്ടേ. കരുത്തനായ സ്ഥാനാർഥി അല്ലേ മോഹൻലാൽ. നമ്മൾ മത്സരിച്ചാൽ മോഹൻലാൽ പിന്മാറും. മോനേ നീ എടുത്തോ എന്നു പറയും. ഞാൻ ഇല്ല ഈ പരിപാടിക്ക് എന്നു പറയും. സത്യത്തിൽ ഈ സ്ഥാനം ഞങ്ങൾ അദ്ദേഹത്തെ ഏൽപിക്കുകയാണ്. വേറൊരാളില്ല. 

ജോയ് മാത്യു 

തൂലിക പടവാളാക്കുക എന്നും മറ്റുമുള്ള കാൽപനിക വിശേഷങ്ങൾ നാം കാണാറുണ്ട്. പക്ഷേ, അത്തരമൊരു പടവാളാക്കൽ സാധിക്കുന്നതു ജനാധിപത്യത്തിൽ മാത്രമാണ് എന്നു നാം മറക്കേണ്ട. കാരണം, സ്വേച്ഛാധിപത്യങ്ങൾ ആദ്യം ചെയ്യുന്നത് എല്ലാ തൂലികകളുടെയും (അവരുടെ കൂലിയെഴുത്തുകാരുടേതൊഴിച്ച്) മുനയൊടിക്കുക എന്നതാണ്.

സക്കറിയ

സർഗാത്മക പ്രവർത്തനമേഖലകളെ ലക്ഷ്യംവയ്ക്കുന്ന സംഘടനകളും സ്ഥാപനങ്ങളും കെട്ടിപ്പടുത്തും പദവികളും ആദരങ്ങളും വച്ചുനീട്ടിയുമാണ് ഫാഷിസ്റ്റുകൾ പിന്തുണ സമാഹരിക്കുക. ഹിറ്റ്ലർക്കും മുസോളിനിക്കും വരെ ഈയിനം പിന്തുണ ധാരാളം കിട്ടിയിരുന്നു. അവരുടെ ഭരണത്തിൻകീഴിലുമുണ്ടായിരുന്നു സാഹിത്യ, സംഗീത, നാടക, ലളിതകലാ അക്കാദമികൾ എന്ന കാര്യം അധികമാർക്കുമറിയില്ലെങ്കിലും അതു വാസ്തവമാണ്.

കെ.സി.ഉമേഷ് ബാബു

അന്ധമായ കോൺഗ്രസ് വിരോധം കൊണ്ടുനടന്ന കാലത്ത് ആ പാർട്ടിയെ അധിക്ഷേപിക്കാൻ സിപിഎം ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്കാണ് കുടുംബാധിപത്യം! എന്നാൽ, 2021ൽ രണ്ടാം പിണറായി സർക്കാർ അധികാരമേറിയശേഷം സിപിഎം കുടുംബാധിപത്യം എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. കാരണം വ്യക്തമാണല്ലോ! 

ഡോ. അജയകുമാർ കോടോത്ത്

English Summary:

Vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com