സർക്കാർ വക്താവല്ല സ്പീക്കർ
Mail This Article
നിയമസഭ സ്വതന്ത്രവും നീതിപൂർവകവുമായി മുന്നോട്ടുപോകണമെങ്കിൽ പുലർത്തേണ്ട നിഷ്പക്ഷ നിലപാട് ഏതു സാഹചര്യത്തിലും നിയമസഭാ സ്പീക്കർ മറന്നുകൂടാത്തതാണ്. ഈ പദവിയിലിരിക്കുമ്പോൾ സ്വീകരിക്കേണ്ട നീതിബോധത്തിലും ജനാധിപത്യബോധ്യത്തിലും കറ പുരളാൻ പാടില്ലാത്തതുമാണ്. ഈ അടിസ്ഥാനമൂല്യങ്ങൾ മറന്ന്, സർക്കാർ വക്താവ് എന്ന മട്ടിലാണു സഭാധിപൻ പെരുമാറുന്നതെങ്കിൽ അത് അപലപനീയമാണെന്നതിൽ സംശയമില്ല.
ടി.പി കേസ് പ്രതികൾക്കു ശിക്ഷയിളവു നൽകാനുള്ള നീക്കത്തിനെതിരെ കെ.കെ.രമ നൽകിയ അടിയന്തരപ്രമേയ നോട്ടിസിനു നിർണായക പ്രാധാന്യമാണുണ്ടായിരുന്നത്. എന്നിട്ടും പ്രമേയാവതരണത്തിന് അനുമതി ലഭിച്ചില്ല. സർക്കാർ അങ്ങനെയൊരു നീക്കം ആലോചിച്ചിട്ടില്ലെന്നു വ്യക്തമായതിനാൽ പ്രമേയത്തിനു പ്രസക്തിയില്ലെന്നു പറഞ്ഞ് സ്പീക്കർ എ.എൻ.ഷംസീർ ചൊവ്വാഴ്ച അതു തള്ളുകയായിരുന്നു. സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിൽ പറയേണ്ട മറുപടിയാണ് സ്പീക്കർ പറഞ്ഞതെന്നും ഇത് അനുചിതമാണെന്നുമാണ് ആരോപണം. സർക്കാരിന്റെ പക്ഷം പറയാനാണോ സഭാധിപൻ വിശിഷ്ടമായ ആ കസേരയിൽ ഇരിക്കുന്നതെന്ന ചോദ്യമാണുയരുന്നത്.
ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പൊതുസമൂഹംകൂടി ഉയർത്തുന്ന ഗൗരവചോദ്യങ്ങളാണ് അവതരണാനുമതി നിഷേധിക്കപ്പെട്ട അടിയന്തരപ്രമേയത്തിൽ ഉദ്ദേശിക്കപ്പെട്ടിരുന്നത്. ഭർത്താവിന്റെ ഘാതകരെ വിട്ടയയ്ക്കാനുള്ള സർക്കാർ നീക്കത്തിനെതിരായ രമയുടെ പ്രസംഗവും അതിനു മുഖ്യമന്ത്രി നൽകുന്ന മറുപടിയും സഭയിൽ പ്രതീക്ഷിക്കപ്പെട്ടു. ഇതു നാടകീയരംഗങ്ങൾക്കു വഴിവയ്ക്കുമെന്ന കണക്കുകൂട്ടലിലാണ് നോട്ടിസ് പോലും അവതരിപ്പിക്കുന്നതിനുള്ള അനുമതി സ്പീക്കർ നിഷേധിച്ചതെന്നാണ് ആരോപണം. സഭയിൽ മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി ഒരുപാടു ചോദ്യങ്ങൾ ചോദിക്കാനുണ്ടായിരുന്നെന്നും ആ ചോദ്യങ്ങളെ ഭയപ്പെടുന്നതുകൊണ്ടാണു മുഖ്യമന്ത്രി പറയേണ്ടതു സ്പീക്കറെക്കൊണ്ട് പറയിപ്പിച്ചതെന്നും രമ ആരോപിക്കുമ്പോൾ അതിനു മുഴക്കമേറുന്നു.
സഭയിൽ ഒരിക്കൽ ചർച്ച ചെയ്തതും കോടതികളുടെ പരിഗണനയിലുള്ളതും അടിയന്തര സ്വഭാവമില്ലാത്തതുമായ വിഷയങ്ങളിന്മേലുള്ള അടിയന്തര പ്രമേയ നോട്ടിസുകളാണു ചട്ടപ്രകാരം തള്ളാറുള്ളത്. എന്നാൽ, ഇതിലൊന്നും പെടാത്ത നോട്ടിസ് സ്പീക്കർ സ്വന്തം നിലയ്ക്കു കാരണം ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു. പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്ത മറന്നുള്ള നടപടിയാണിതെന്ന വിമർശനമാണുയരുന്നത്.
സ്പീക്കറുടെയും ഡപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ നിയമസഭയെ നിയന്ത്രിക്കേണ്ട ‘സ്പീക്കർ പാനലിൽ’ വനിതകൾ മാത്രം അടങ്ങിയതിന്റെ പേരിൽ ചരിത്രത്തിൽ ഇടംപിടിച്ച അതേ നിയമനിർമാണസഭയിലാണ് വനിതാ അംഗം നൽകിയ അടിയന്തരപ്രമേയ നോട്ടിസ് നീതിബോധമില്ലാതെ സ്പീക്കർ തള്ളിയതെന്ന വൈരുധ്യവും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതിപക്ഷത്തിന്റെ അവകാശം സംരക്ഷിക്കാനുള്ള ഇടപെടലുകളുണ്ടാകുമെന്നും നിയമസഭയിൽ താൻ നിഷ്പക്ഷനായിരിക്കുമെന്നും സ്പീക്കർസ്ഥാനമേറ്റെടുത്ത വേളയിൽ വിവിധ വേദികളിൽ ഉറപ്പിച്ചുപറഞ്ഞ എ.എൻ.ഷംസീറിൽനിന്നു മുൻപും പക്ഷപാതിത്വ നടപടികളുണ്ടായതായി ആരോപിക്കപ്പെട്ടിട്ടുണ്ട്.
ടി.പി കേസിലെ പ്രതികളെ ജയിൽമോചിതരാക്കാൻ, ഹൈക്കോടതി ഉത്തരവിനെപ്പോലും വെല്ലുവിളിച്ചു സർക്കാർ നടത്തുന്ന വഴിവിട്ട നീക്കങ്ങൾ ഞെട്ടിക്കുന്നതാണ്. ഈ കേസിലെ പ്രതികളുടെ കാര്യത്തിൽ മുൻപു പലപ്പോഴുമുണ്ടായ ഉന്നത രാഷ്ട്രീയ ഇടപെടൽ തന്നെയാണ് ശിക്ഷയിളവു നീക്കത്തിലും ഉണ്ടായതെന്ന് ആരോപിക്കപ്പെട്ട സാഹചര്യത്തിൽ, ആഭ്യന്തര വകുപ്പുകൂടി കയ്യാളുന്ന മുഖ്യമന്ത്രി നൽകേണ്ട മറുപടിക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു. എന്നിട്ടും അതിനുള്ള അവസരം ബോധപൂർവം ഇല്ലാതാക്കിയതു സംശയങ്ങൾക്കു കൂടുതൽ ബലംനൽകുകയേയുള്ളൂ.
നിയമസഭയിൽ മുഖ്യമന്ത്രിക്കും സർക്കാരിനും വേണ്ടിയല്ല, ജനാധിപത്യത്തിനും ജനതയ്ക്കും നിയമസഭയ്ക്കും വേണ്ടിയാണ് സ്പീക്കർ നിലപാടുകളെടുക്കേണ്ടത്. കേരള നിയമസഭയുടെ സ്പീക്കർമാരായിരുന്ന പലർക്കും പ്രതിപക്ഷത്തിന്റെ വിശ്വാസ്യതയും ആദരവും നേടാൻ കഴിഞ്ഞതു നിഷ്‌പക്ഷതയും നീതിബോധവുംകൊണ്ടു സഭകൾ നയിക്കാൻ സാധിച്ചതിനാലാണെന്നുകൂടി ഓർമിക്കാം. സഭാനാഥൻ കാത്തുസൂക്ഷിക്കേണ്ട ഈ മൂല്യങ്ങൾ സ്പീക്കർ എ.എൻ.ഷംസീർ പക്ഷപാതിത്വത്തോടെ, സൗകര്യപൂർവം മറന്നുവെങ്കിൽ അതുവഴി അദ്ദേഹം കളങ്കം ചാർത്തിയതു നിയമസഭയിൽ മാത്രമല്ല, ജനാധിപത്യത്തിൽതന്നെയാണ്.