ADVERTISEMENT

ആധുനിക സയൻസിന്റെ സഹായത്തോടെ ആയുർവേദത്തിൽ ഗവേഷണമാകാമെന്നും ചികിത്സാഫലം മെച്ചപ്പെടുത്താൻ സഹായകമാവുമെന്നും ലോകത്തോടു വിളിച്ചു പറഞ്ഞത് ഡോ. വല്യത്താനാണ്.

കേന്ദ്രസർക്കാരിന്റെ ശാസ്ത്രസാങ്കേതിക കൗൺസിൽ (സിഎസ്ഐആർ) ഈ സംയോജിത ഗവേഷണ പദ്ധതി ആവിഷ്കരിച്ച് ആര്യവൈദ്യശാലയെ സമീപിച്ചു. ഡോ. വല്യത്താനായിരുന്നു ഈ വിഷയം അന്നത്തെ മാനേജിങ് ട്രസ്റ്റി ഡോ. പി.കെ.വാരിയരോട് പറഞ്ഞത്. പിന്നീട് ഡോ. മാഷേൽക്കറെയും മറ്റു ചില ഉന്നതശാസ്ത്രജ്ഞരെയുംകൂട്ടി കോട്ടയ്ക്കലിൽവന്നു. 

12 കൊല്ലം നീണ്ടുനിന്ന സംരംഭം. ഡോ. വല്യത്താൻ ഉപദേശകനായി. പല പുതിയ വിവരവും പേറ്റന്റുകളും അതിൽനിന്ന് ഉടലെടുത്തു. പാരമ്പര്യ സ്ഥാപനം എന്ന നിലയ്ക്ക് അറിയപ്പെട്ടിരുന്ന ആര്യവൈദ്യശാലയ്ക്ക് പുതിയൊരു മുഖമുണ്ടായി: ആധുനിക ശാസ്ത്രത്തെ മടികൂടാതെ സ്വീകരിക്കുമെന്ന പ്രതിഛായ. ഈ പദ്ധതിയുടെ തുടർച്ചയായിരുന്നു ഡോ. വല്യത്താന്റെ അതിപ്രശസ്തമായ ‘എ സയന്റിഫിക് ഇനീഷ്യേറ്റിവ് ഇൻ ആയുർവേദ’ (എഎസ്ഐഐഎ) എന്ന സംരംഭം. പല മുൻനിര ഗവേഷണസ്ഥാപനങ്ങളും ശാസ്ത്രജ്ഞരും ആയുർവേദസ്ഥാപനങ്ങളും പങ്കാളികളായി. കേന്ദ്രത്തിന്റെ മുഖ്യ ശാസ്ത്രഉപദേശകനായിരുന്ന ഡോ. ചിദംബരത്തിന്റെ സഹകരണവും വല്യത്താൻ നേടിയെടുത്തു.  ഉന്നതനിലവാരത്തിലുള്ള ഗവേഷണഫലങ്ങളുണ്ടായി. രസായനകൽപന, രസൗഷധികൾ എന്നീ പഠനങ്ങളിൽ ആര്യവൈദ്യശാലയും പങ്കാളിയായിരുന്നു. ഇതിൽനിന്നുള്ള നിരീക്ഷണങ്ങളും വിവരങ്ങളും നേച്ചർ, പ്ലോസ് വൺ (PLOS ONE) തുടങ്ങിയ മുൻനിര ജേണലുകളിൽ പ്രസിദ്ധീകരിച്ചു. 

ഈ സംരംഭം പിന്നീട് ‘ടാസ്ക്ഫോഴ്സ് ഓൺ ആയുർവേദിക് ബയോളജി’ എന്ന പേരിൽ കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പിന്റെ കീഴിൽ പ്രധാന വിഭാഗമായിത്തീർന്നു. ഇന്നു പല സർവകലാശാലകളിലെയും  ഗവേഷണപ്രവർത്തനങ്ങളുടെ അടിസ്ഥാനമാണത്. ഇന്ത്യയിലെ ഐഐടികളിൽ ആയുർവേദബയോളജിയെപ്പറ്റി പ്രസംഗപരമ്പരതന്നെ അദ്ദേഹം നിർവഹിച്ചു. സ്റ്റൈലോമെട്രി എന്ന സങ്കേതമുപയോഗിച്ച് അഷ്ടാംഗഹൃദയംപോലുള്ള ഗ്രന്ഥങ്ങളുടെ പഠനത്തിൽ മുഴുകിയിരിക്കുകയായിരുന്നു വല്യത്താൻ.  

തൊണ്ണൂറു കഴിഞ്ഞിട്ടും അദ്ദേഹം പ്രധാനപ്പെട്ട ഒരു ആയുർവേദ ഗവേഷണപദ്ധതിക്കു നേതൃത്വം നൽകുന്നുണ്ടായിരുന്നു. അൽസ്ഹൈമേഴ്സ് തടയാൻ ആയുർവേദശാസ്ത്രത്തിൽ പറയുന്ന 2 മേധ്യവർഗ ഔഷധങ്ങൾക്കുള്ള സാധ്യത. ആര്യവൈദ്യശാലയും മണിപ്പാൽ അക്കാദമിയും ബാംഗ്ലൂരിലെ നിംഹാൻസുമാണ് ഇതിൽ പങ്കാളികൾ. 4 വർഷത്തെ പഠനം ഈയിടെ പൂർത്തിയാക്കി. അവ എഴുതിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഡോ. വല്യത്താന്റെ വിയോഗം. 

English Summary:

Memories of Dr. P. M. Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com