ADVERTISEMENT

എന്നാൽ കാണിച്ചുതരാം’ എന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞതിന് ‘വയസ്സായതുകൊണ്ട് ഒന്നും കാണിക്കാതിരിക്കുന്നതാണ് നല്ലത്’ എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മറുപടി. ഒറ്റക്കാര്യത്തിനും ഗവർണർക്കു മറുപടി കൊടുക്കില്ല, ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും ചോദിച്ചു മനസ്സിലാക്കാമെന്നുവച്ചാൽ അവരെക്കാണാനും സമ്മതിക്കില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കടുംപിടിത്തം. അത്തരമൊരു നിവൃത്തികേടിലാണ് ഗവർണർ ‘കാണിച്ചുതരാം’ എന്നു കടുപ്പിച്ചതെന്നു തോന്നുന്നു. അപ്പറഞ്ഞതു സ്വന്തം മനസ്സമാധാനത്തിനെന്നേ ഇതുവരെയുള്ള രീതിവച്ച് കരുതാൻ കഴിയൂ. മൂന്നു ചുവടു മുന്നോട്ട്, നാലു ചുവടു പിന്നോട്ട് എന്നാണ് പിണറായിക്കു മുന്നിൽ ആരിഫിന്റെ എന്നത്തെയും അടവ്.

പഴയകഥ എന്തായാലും ‘ഗവർണറുടെ അധികാരം എന്താണെന്നു മുഖ്യമന്ത്രിക്കു കാണിച്ചു തരാം’ എന്നാണ് ഇത്തവണ ആരിഫ് ഉദ്ദേശിച്ചതെന്നാണ് ജനത്തിനു തോന്നിയത്. എന്നാൽ, പ്രായമായിക്കഴിഞ്ഞാൽ കാണിക്കാൻ പാടില്ലാത്ത എന്തോ ഒന്നു കാണിക്കാനാണ് ഗവർണറുടെ പുറപ്പാട് എന്നാണോ പാർട്ടി സെക്രട്ടറി സംശയിച്ചതെന്നറിയില്ല. ഗോവിന്ദനു ധൈര്യമുണ്ടെങ്കിൽ രാജ്ഭവനിൽ‍ നേരിട്ടുപോയി ഉള്ളിലിരിപ്പ് ‘നേരിൽക്കണ്ട്’ മനസ്സിലാക്കുന്നതു നല്ലതാണ്. മുഖ്യമന്ത്രിയെ കാണിക്കാനുള്ളതു പാർട്ടി സെക്രട്ടറിയെ ഗവർണർ കാണിക്കുമോ എന്നു പക്ഷേ ഉറപ്പില്ലെന്നു മാത്രം.

ഗവർണറെക്കുറിച്ചു പറയുമ്പോൾ ‘വയസ്സായതുകൊണ്ട്’ എന്ന ഗോവിന്ദന്റെ പ്രയോഗത്തിൽ പക്ഷേ, പ്രഥമദൃഷ്ട്യാ ഒരു നീതികേടുണ്ട്. അവെയ്‌ലബിൾ ആയിട്ടുള്ള കണക്കു ശരിയാണെങ്കിൽ ഗോവിന്ദന് 71 വയസ്സു തികഞ്ഞു. മൂത്തകാരണവരായി ഗോവിന്ദൻ കരുതുന്ന ആരിഫിന് 72. ഒരു കൊല്ലത്തിനു മൂത്തവരെ ‘വയസ്സൻ’ എന്നു കളിയാക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ടോ എന്നു സംശയമുണ്ട്. കാഴ്ചയിൽ ഗവർണർ മുത്തച്ഛനും പഴയ കായികാധ്യാപകന്റെ കായികബലത്തിൽ താൻ യുവാവുമാണെന്നു ഗോവിന്ദൻ മതിമറന്നതായിക്കൂടായ്കയുമില്ല. 

പക്ഷേ, ഇതെല്ലാം കേൾക്കുന്ന പിണറായി എന്തുകരുതുമെന്നു ഗോവിന്ദൻ ഓർക്കേണ്ടിയിരുന്നു. എഴുപത്തിരണ്ടുകാരനെ ‘വയസ്സായി’ എന്നു പരസ്യമായി അപഹസിക്കാൻ ധൈര്യപ്പെട്ട പാർട്ടി സെക്രട്ടറി 79 വയസ്സ് പിന്നിട്ട തന്നെപ്പറ്റി രഹസ്യമായി എന്താവും പറയുകയെന്ന് അന്തംവിട്ടിരിക്കുകയല്ല വിജയൻ എന്നാരു കണ്ടു? ഗോവിന്ദൻ മനഃപൂർവം അതുകൂടി ഉദ്ദേശിച്ചു പറഞ്ഞതല്ല എന്നും ആരറിഞ്ഞു? 

സിപിഎം നേതാക്കൾക്കു പിണറായിയെ നേരിട്ട് അധിക്ഷേപിക്കാൻ ധൈര്യമില്ലാത്തതുകൊണ്ട് പകരം തന്നെയാണ് എല്ലാ ചീത്തയും പറയാറുള്ളതെന്നും അതുകൊണ്ടു താനത് ആസ്വദിക്കുകയാണെന്നും കഴിഞ്ഞദിവസംകൂടി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞതേയുള്ളൂ. സതീശനെപ്പോലൊരു രണ്ടാം ഡമ്മിയായി ഗവർണറെ ഗോവിന്ദൻ ഉപയോഗിച്ചതായിക്കൂടായ്കയില്ല. 

അല്ലെങ്കിൽത്തന്നെ സിപിഎം പൊളിറ്റ്ബ്യൂറോ അംഗങ്ങൾ ബോഡി ഷെയ്മിങ്ങിൽ സ്പെഷലൈസ് ചെയ്യുന്ന സീസണാണെന്ന് അണികൾക്കുപോലും സംശയമുണ്ട്. നല്ല ഷർട്ടും പാന്റും ലിപ്സ്റ്റിക്കും ഇട്ടുവരുന്ന മാധ്യമപ്രവർത്തകരെ പാർട്ടിക്കാർ വിശ്വസിക്കരുതെന്ന് ഗോവിന്ദനൊപ്പം പിബിയിലുള്ള എ. വിജയരാഘവൻ കഴിഞ്ഞദിവസം പറഞ്ഞതേയുള്ളൂ. പിബിയിലെ വൃന്ദ കാരാട്ടോ സുഭാഷിണി അലിയോ എന്തിനു ഭാര്യ, മന്ത്രി ആർ.ബിന്ദുവോ പോലും വിജയരാഘവൻ സഖാവിനോട് ‘അപ്പറഞ്ഞതു സ്ത്രീവിരുദ്ധമായിപ്പോയി’ എന്നു പറയാൻ ധൈര്യപ്പെട്ടിട്ടില്ല. ലിപ്സ്റ്റിക്കിന്റെ കാര്യത്തിൽ ഒരുവേള പാർട്ടി  നിലപാട് എടുത്തിട്ടുണ്ടാവാം. പുറത്ത് അറിയാത്തതായിരിക്കും

അതിനൊക്കെ സിപിഎമ്മിലെ വനിതകൾ സിപിഐയിലെ ആനി രാജയെ കണ്ടുപഠിക്കണം. സ്ത്രീവിരുദ്ധമെന്നു തോന്നിയാൽ പിന്നെ മുൻപിൻ നോക്കാത്ത ആക്രമണമായിരിക്കും. അടക്കിനിർത്താൻ കേരള സെക്രട്ടറി ബിനോയ് വിശ്വം പോയിട്ട് ദേശീയ ജനറൽ സെക്രട്ടറിയായ ഭർത്താവ് ഡി.രാജ ശ്രമിച്ചാലും നടപ്പില്ല. വയനാട്ടിൽ ആന ഇടഞ്ഞാൽകൂടി നാട്ടിലും പാർട്ടിയിലും ഇത്ര അങ്കലാപ്പില്ല. വലത് എന്നു പേരിനു പറയുന്നതേയുള്ളൂ. അവരെ കഴിഞ്ഞിട്ടേയുള്ളൂ ഇടതുപക്ഷം.

മുഖ്യമന്ത്രിക്കു താൻ കാണാതെ എന്തോ ഒളിക്കാനുണ്ടെന്നാണു ഗവർണർക്കു സംശയം. ഒളിച്ചുവച്ചതു തന്നെ കാണിക്കണം എന്നാണു കക്ഷിയുടെ വാശിയും. തുരുമ്പെടുത്ത ആയുധങ്ങൾ കുറെക്കാലമായി പെട്ടിയിൽ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു ഗോവിന്ദന്റെ ഭാഷയിൽ വെറും ‘കെയർടേക്കർ’ ആയ ഗവർണറും. തേച്ചുമിനുക്കി പൂജിച്ചു പുറത്തെടുക്കാൻ നവരാത്രിപോലെ പറ്റിയ സമയം വേറെയില്ല. അവഗണനയും അപമാനവും എത്രനാളെന്നു കരുതിയാണ് സഹിക്കുക?. 

സ്പന്ദിക്കുന്ന അസ്ഥിമാടങ്ങൾ 

നായയുടെ വാൽ പന്തീരാണ്ടുകാലം കുഴലിലിട്ടാലും നിവരില്ലെന്നു പറയുന്നതുപോലെ തന്നെയാണ് കുഴപ്പംപിടിച്ച സംഗതികൾ തോണ്ടി പുറത്തിടുന്ന  മാത്യു കുഴൽനാടന്റെ ശീലവും. കുഴിച്ചെടുക്കാൻ ശ്രമിച്ചതെല്ലാം മാത്യു മാന്തിയെടുത്തതിന്റെ കോലാഹലം ഇപ്പോഴും മാറിയിട്ടുമില്ല. 

‘സഹനസൂര്യനായ’ പുഷ്പന്റെ മരണം മാത്യു വീണ്ടും നിയമസഭയിൽ കൊണ്ടുവന്നു. കൂത്തുപറമ്പിൽ എം.വി.രാഘവനെതിരെ ഡിവൈഎഫ്ഐ നടത്തിയ സ്വാശ്രയ വിദ്യാഭ്യാസവിരുദ്ധ സമരത്തിൽ വെടിയേറ്റ പുഷ്പൻ ശരീരം തളർന്നു പതിറ്റാണ്ടുകൾ കട്ടിലിൽ കിടന്നപ്പോൾ പലരുടെയും മക്കൾ സ്വാശ്രയ കോളജിൽ പഠിക്കാൻ പോയെന്നു മാത്യു പറഞ്ഞുവച്ചു. ഇതെല്ലാം സഹിക്കേണ്ടി വന്നതുകൊണ്ടുകൂടിയാണോ ‘സഹനസൂര്യൻ’ കിരീടം പുഷ്പനു നന്നായി ഇണങ്ങുന്നതെന്നു ചില സഖാക്കൾ മനസ്സിൽ ചോദിക്കുന്നുണ്ടാവാം.

അതേ എം.വി.രാഘവന്റെ മകനുതന്നെ പുഷ്പന്റെ ശരീരത്തിൽ പുഷ്പചക്രം വയ്ക്കാൻ പാർട്ടി അവസരം കൊടുക്കുമ്പോൾ പുഷ്പന്റെ ആത്മാവിൽ സ്പന്ദിച്ചത് എന്താവാം?. 

ചില ചോദ്യങ്ങൾക്കു കാലത്തിനുപോലും ഉത്തരമില്ല. മരണശേഷവും സഹനം എന്നതാവാം ചിലരുടെ നിയോഗം. 

കറങ്ങി കൊടച്ചക്രം വീണ്ടും

കുരുത്തം കെട്ടവൻ ചെല്ലുന്നതും കുന്തക്കാരൻ വരുന്നതും ഒരേ ദിശയിലാവുന്നതിനു കഷ്ടകാലം എന്നു പറയും. കുന്തക്കാരനെന്നു പറഞ്ഞതു മന്ത്രി സജി ചെറിയാനെത്തന്നെ. അല്ലെങ്കിൽപ്പിന്നെ എല്ലാവരും മറന്നു കഴിഞ്ഞ്, സജി തിരിച്ചു മന്ത്രിയും ആയിക്കഴിഞ്ഞ് ഹൈക്കോടതിക്ക് ഇപ്പോൾ ഇങ്ങനെയൊരു തോന്നലുണ്ടാവേണ്ട കാര്യമുണ്ടായിരുന്നോ? 

സജിയുടെ വിശ്വപ്രസിദ്ധമായ ‘കുന്തവും കൊടച്ചക്രവും’ പ്രസംഗത്തിൽ പ്രഥമദൃഷ്ട്യാ ഭരണഘടനയോട് അനാദരവുണ്ടെന്നു കോടതിക്ക് ഒരു സംശയം. താരതമ്യേന നിരുപദ്രവകാരിയാണ് കൊടച്ചക്രം. പക്ഷേ, നോക്കി നിന്നില്ലെങ്കിൽ കറങ്ങി കാലിനിടയിൽ വന്നു കയറും. സജി സൂക്ഷിക്കണം

സ്റ്റോപ് പ്രസ്

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽപോയി ബാക്കികാലം  ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് 

പി.വി.അൻവർ.

അമേരിക്കയുടെ ഭാഗ്യം. അൻവർ രഹസ്യം വെളിപ്പെടുത്തിയതിന്റെ പിറ്റേന്ന് ഡോളറിന് മൂല്യം കുതിച്ചുകയറി 84 രൂപയായി.

English Summary:

Ageism & Misogyny: Kerala's Political Circus Takes Center Stage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com