റെയിൽ വികസനത്തിലെ സമാന്തര പാതകൾ
Mail This Article
കേരളത്തോടുള്ള റെയിൽവേ അവഗണന തുടർക്കഥയായിട്ടും അതു പരിഹരിക്കാൻ കേന്ദ്രസർക്കാരോ കേരളമോ ക്രിയാത്മകനടപടികൾ എടുക്കുന്നില്ലെന്നതു കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്കുമേൽ കരിനിഴലായി വീണുകിടക്കുന്നു. മറ്റെല്ലാ സംസ്ഥാനങ്ങളിലും പുതിയ റെയിൽവേ ലൈനുകൾ വന്നുകൊണ്ടിരിക്കുമ്പോൾ കേരളത്തിൽ മാത്രം എന്നു തീരുമെന്നു രൂപമില്ലാതെ ഇഴയുന്ന ചില പാത ഇരട്ടിപ്പിക്കലുകളും സർവേ പ്രഖ്യാപനമായി തുടരുന്ന ഏതാനും പദ്ധതികളും മാത്രമാണുള്ളത്.
ആലപ്പുഴ റൂട്ടിൽ അമ്പലപ്പുഴ മുതൽ തുറവൂർവരെ പാത ഇരട്ടിപ്പിക്കലിന്റെ എസ്റ്റിമേറ്റിനു റെയിൽവേ ബോർഡ് അനുമതി നൽകിയിട്ടില്ല. അങ്കമാലി– എരുമേലി ശബരിപാത, ഗുരുവായൂർ– തിരുനാവായ പാത, നിലമ്പൂർ– നഞ്ചൻകോട് പാത തുടങ്ങി മുടങ്ങിയ പദ്ധതികളാണു കേരളത്തിൽ കൂടുതലും.
1997ൽ പ്രഖ്യാപിച്ച അങ്കമാലി– എരുമേലി ശബരിപാതയുടെ ചെലവു പങ്കിടുന്നതിനെച്ചൊല്ലി കേരളവും കേന്ദ്രവും തമ്മിലുള്ള തർക്കമാണു പുതിയ വിവാദം. ചെലവു പങ്കിടുന്ന കാര്യത്തിൽ കേരളം മറുപടിയൊന്നും നൽകിയില്ലെന്നു കേന്ദ്രവും കേന്ദ്രം തെറ്റിദ്ധരിപ്പിക്കുകയാണെന്നു കേരളവും കുറ്റപ്പെടുത്തുമ്പോൾ ഈ പദ്ധതി നടപ്പാക്കാൻ ആത്മാർഥമായ ശ്രമം ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന യാഥാർഥ്യം ബാക്കിനിൽക്കുന്നു. ഏറ്റെടുക്കാനായി കല്ലിട്ടു തിരിച്ച സ്വന്തം ഭൂമികൊണ്ട് ഒന്നും ചെയ്യാനാകാതെ, ഇന്നല്ലെങ്കിൽ നാളെ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ജനം കാത്തിരിക്കാൻ തുടങ്ങിയിട്ടു വർഷം 27 പിന്നിടുന്നു. കാത്തുകാത്തിരുന്ന് പലരും മൺമറഞ്ഞുപോകുകയും ചെയ്തു.
സർവേ പൂർത്തിയാക്കുന്നതിലും ഭൂമി ഏറ്റെടുത്തുനൽകുന്നതിലും മാറിമാറിവന്ന സംസ്ഥാന സർക്കാരുകൾ വീഴ്ച വരുത്തിയതുപോലെതന്നെ പദ്ധതിക്കാവശ്യമായ പണം നൽകാതെ കേന്ദ്ര സർക്കാരും അനാസ്ഥ കാട്ടി. ആകെ 111 കിലോമീറ്റർ ദൂരമുള്ള പദ്ധതിയിൽ 265 കോടി രൂപ മുടക്കി ഏഴു കിലോമീറ്റർ പാത നിർമിക്കുകയും 70 കിലോമീറ്റർ കല്ലിട്ടു തിരിക്കുകയും ചെയ്തശേഷം ഈ പദ്ധതിയിൽ താൽപര്യമില്ല, ചെങ്ങന്നൂരിൽനിന്നു പമ്പയ്ക്കുള്ള പുതിയ പദ്ധതിയാണു നല്ലതെന്നാണ് റെയിൽവേ മന്ത്രി പറയുന്നത്.
റെയിൽവേ കടന്നുചെല്ലാത്ത ഇടുക്കി ജില്ലയ്ക്കു റെയിൽവേ കണക്ടിവിറ്റി, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായി മലയോരമേഖലയിൽ 14 പുതിയ സ്റ്റേഷനുകൾ, ഭാവിയിൽ എരുമേലിയിൽനിന്നു പത്തനംതിട്ട വഴി പുനലൂരിലേക്കു നീട്ടിയാൽ കൊല്ലം– ചെങ്കോട്ട പാത വഴി തമിഴ്നാട്ടിലേക്കു ലഭിക്കുന്ന യാത്രാസൗകര്യം, പുനലൂരിൽനിന്നു നെടുമങ്ങാട് വഴി വിഴിഞ്ഞത്തേക്കു നീട്ടിയാൽ അങ്കമാലി മുതൽ തിരുവനന്തപുരംവരെ കേരളത്തിനു കിട്ടുന്ന സമാന്തര റെയിൽവേ പാത തുടങ്ങിയ ഒട്ടേറെ അനുകൂല ഘടകങ്ങൾ ശബരിപാതയ്ക്കുണ്ട്.
ശബരിപാതയ്ക്ക് അങ്കമാലി മുതൽ എരുമേലി വരെ 3810 കോടി രൂപ നിർമാണച്ചെലവു കണക്കാക്കുമ്പോൾ ചെങ്ങന്നൂർ– പമ്പ പദ്ധതിക്ക് അത് 7200 കോടിയാണ്. 3810 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ പണമില്ലെന്നു പറയുന്ന കേന്ദ്രസർക്കാർ എങ്ങനെയാണു മറ്റൊരു പദ്ധതിക്ക് 7200 കോടി രൂപ ചെലവഴിക്കുക? ഈ വൈരുധ്യം ചോദ്യം ചെയ്യേണ്ട എംപിമാരും ഒറ്റക്കെട്ടല്ലെന്നതാണു വലിയ ദുർവിധി.
ദേശീയപാത ആറുവരിയാക്കാൻ 5580 കോടി രൂപയാണു സംസ്ഥാന വിഹിതമായി കേന്ദ്രത്തിനു കേരളം നൽകുന്നത്. കിഫ്ബിയിൽനിന്നാണ് ഈ തുക നൽകുന്നത്. കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ കടമെടുപ്പുപരിധിയിൽ ഉൾപ്പെടുത്തിയതിനാൽ ശബരിപാതയ്ക്ക് ഇങ്ങനെ പണം നൽകാൻ കഴിയാതെവന്നു എന്നാണു സംസ്ഥാന സർക്കാർ പറയുന്നത്. പകരം, അടിസ്ഥാനസൗകര്യ വികസനത്തിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഒന്നരലക്ഷം കോടി രൂപയുടെ പലിശരഹിത വായ്പാപദ്ധതിയിൽനിന്നു ശബരിപാതയ്ക്കു പണം അനുവദിക്കുകയെന്ന നിർദേശവും സർക്കാർ മുന്നോട്ടു വച്ചിട്ടുണ്ട്.
തിരുവനന്തപുരം– കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനു ഭൂമി ഏറ്റെടുത്തു നൽകിയെങ്കിലും പൈപ്‌ലൈൻ മാറ്റി നൽകാൻ വാട്ടർ അതോറിറ്റി തയാറാകാത്തതിനാൽ പണി തടസ്സപ്പെട്ടിരിക്കുകയാണ്. കൊല്ലത്തു മെമു ഷെഡ് വികസനത്തിനു ഭൂമി വിട്ടുനൽകാതെ റെയിൽവേയുടെ ഭൂമിയിൽ നഗരസഭ അവകാശമുന്നയിച്ചിരിക്കുന്നു. അടിയന്തരമായി തിരുവനന്തപുരം– മംഗളൂരു റൂട്ടിലെ മൂന്നും നാലും പാതകൾക്കായി കേരളം സമ്മർദം ശക്തമാക്കുകകൂടി ചെയ്യേണ്ടിയിരിക്കെ, സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം സമീപനങ്ങളിൽ ഉടനടി മാറ്റം ഉണ്ടായേ തീരൂ.