ADVERTISEMENT

മുംബൈ∙ ‘‘56 പാർട്ടികൾ വേണ്ട. 56 ഇഞ്ച് നെഞ്ചളവുള്ള ഒറ്റയാൾ മതി രാജ്യം ഭരിക്കാൻ’’- കോലാപുരിൽ ബിജെപി-ശിവസേന സഖ്യത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ടു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വാക്കുകൾ. സംസ്ഥാനത്തു ചെറുപാർട്ടികളെയും തൊഴിലാളി യൂണിയനുകളെയും സന്നദ്ധ സംഘടനകളെയും കൂട്ടുപിടിച്ച് കോൺഗ്രസും എൻസിപിയും ചേർന്നു രൂപീകരിച്ച 56 കക്ഷികളുടെ സഖ്യത്തിനു നേരെയാണു പരിഹാസം. 

പിന്നാലെ പ്രസംഗിച്ച ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ, കൂപ്പുകൈകളോടെ ഫഡ്‌നാവിസിനോട് അഭ്യർഥിച്ചു– ‘‘എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ ഇനി വിമർശിക്കരുത്. താങ്കൾ വിമർശിക്കുന്നവരെല്ലാം ബിജെപി-സേന പാളയത്തിലേക്കു വരികയാണ്. ഇനി പവാറും ഇങ്ങോട്ടു വന്നാൽ കുഴപ്പമാകും.’’

അതെ, കൂറുമാറ്റമാണു മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ചൂടുള്ള വാർത്ത. ഏറെയും കോൺഗ്രസിൽനിന്ന്. പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകൻ സുജയ് മുതൽ മുൻ മുഖ്യമന്ത്രി വസന്ത് ദാദ പാട്ടീലിന്റെ കൊച്ചുമകൻ പ്രതീക് പാട്ടീൽ വരെയെത്തി നിൽക്കുന്ന പട്ടിക. 

ഫഡ്നാവിസിന്റെ തന്ത്രങ്ങൾ

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രതിച്ഛായയ്ക്കു കാര്യമായ മങ്ങലില്ല. അഞ്ചു വർഷവും ഇടഞ്ഞുനിന്ന ശിവസേനയെ മെരുക്കി സഖ്യത്തിൽ ഒപ്പം നിർത്തുകയും ചെയ്തു. ഈ അനുകൂല സാഹചര്യം മുതലെടുത്തു മറ്റു പാർട്ടികളിലേക്കു വലയെറിഞ്ഞ ബിജെപിക്കു ചാകര. 

കൂറുമാറ്റ ചർച്ചകൾ ഏറെ ചൂടുപിടിച്ചതു കർണാടകയിലാണെങ്കിലും ഇലയനക്കം പോലുമില്ലാതെ അതു നടപ്പായതു മഹാരാഷ്ട്രയിലാണ്. ഈ ഒഴുക്കിനിടയിലൊന്നു നിലയുറപ്പിക്കാനായിട്ടു വേണമല്ലോ, കോൺഗ്രസ്– എൻസിപി സഖ്യത്തിനു കർഷകദുരിതം, തൊഴിലില്ലായ്മ, റഫാൽ തുടങ്ങി പ്രചാരണവിഷയങ്ങൾ ഉന്നയിക്കാൻ. 

വോട്ട് ചോദിക്കാൻ അടി തീരണ്ടേ 

താൻ പറയുന്നതിനൊന്നും ആരും വിലകൽപ്പിക്കുന്നില്ലെന്നും രാജി ആലോചിക്കുകയാണെന്നും പിസിസി അധ്യക്ഷൻ അശോക് ചവാൻ പറയുന്ന ഫോൺ സംഭാഷണം പുറത്തുവന്നതു കഴിഞ്ഞ ദിവസമാണ്. ചന്ദ്രാപുരിലെ സ്ഥാനാർഥിത്തർക്കമായിരുന്നു കാരണം. ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിച്ച് പുതിയ ആളെ രംഗത്തിറിക്കി പ്രശ്നം പരിഹരിച്ചിട്ടുണ്ട്. 

വർഷങ്ങളായി ഗ്രൂപ്പ് പോരുള്ള കോൺഗ്രസ് മുംബൈ ഘടകം (എംആർസിസി) അധ്യക്ഷൻ സഞ്ജയ് നിരുപമിനെ മാറ്റി പകരം മിലിന്ദ് ദേവ്റെയെ നിയോഗിച്ചതിലൂടെ നഗരത്തിൽ നഷ്ടപ്പെട്ട മേൽക്കൈ തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണു കോൺഗ്രസ്. മിലിന്ദിനെ മുംബൈ സൗത്തിലും നിരുപമിനെ മുംൈബ നോർത്ത് വെസ്റ്റിലും സ്ഥാനാർഥികളാക്കിയും വെടിനിർത്തലിനു കളമൊരുക്കിയിട്ടുണ്ട്. 

ഉദ്ധവ്: അന്നും ഇന്നും

ഉദ്ധവ് താക്കറെയുടെ തനിനിറം തുറന്നുകാട്ടിക്കൊണ്ടായിരിക്കും കോൺഗ്രസ്-എൻസിപി പ്രചാരണം. അഞ്ചുവർഷം ഒളിഞ്ഞും തെളിഞ്ഞും ബിജെപിയെയും മോദിയെയും വിമർശിച്ച  ശേഷം ഇപ്പോൾ ബിജെപിയോടൊപ്പം നിൽക്കുന്നതു ചൂണ്ടിക്കാട്ടിയാണ് ആക്രമണം. ‘ചൗക്കീദാർ ചോർ ഹെ’ എന്ന രാഹുൽ ഗാന്ധിയുടെ മുദ്രാവാക്യം ഏറ്റുപിടിച്ചുള്ള ഉദ്ധവിന്റെ പ്രസംഗത്തിന്റെ വിഡിയോയും നെഹ്റു, ഇന്ദിര, രാജീവ് ഗാന്ധി എന്നിവരെയെല്ലാം പുകഴ്ത്തിയ ശിവസേനാ പത്രത്തിലെ മുഖപ്രസംഗങ്ങളും പ്രതിപക്ഷ ശേഖരത്തിലുണ്ട്. 

വെല്ലുവിളി എൻഡിഎയ്ക്കും

ഗ്രാമീണ മേഖലകളിൽ കർഷകദുരിതവും നഗരമേഖലകളിൽ തൊഴിലില്ലായ്മയും തങ്ങൾക്കുള്ള വോട്ടായി മാറുമെന്നാണ് ഇപ്പോഴും കോൺഗ്രസ്– എൻസിപി സഖ്യത്തിന്റെ പ്രതീക്ഷ. രാജ് താക്കറെയുടെ എംഎൻസ് ബിജെപിക്കെതിരെ രംഗത്തുണ്ട്. കഴിഞ്ഞ തവണ പത്തിലേറെ മണ്ഡലങ്ങളിൽ എൻഡിഎ വിരുദ്ധ വോട്ട് വിഘടിക്കാൻ കാരണമായ ആം ആദ്‌മി പാർട്ടി ഇത്തവണ ശക്തമായ സാന്നിധ്യമല്ല. സാമ്പത്തികപ്രതിസന്ധി ബിസിനസ് സമൂഹത്തെ ആശങ്കയിലാഴ്ത്തുന്നു. സംവരണത്തിലൂടെ മറാഠകളെ ഒപ്പം നിർത്താനുള്ള സർക്കാരിന്റെ ശ്രമം മറ്റു വിഭാഗക്കാരെ പിണക്കിയേക്കും. 

അത്ര വിശാലമല്ല സഖ്യം

കോൺഗ്രസ്– എൻസിപി സഖ്യത്തിൽ 56 കക്ഷികളുണ്ടെങ്കിലും പ്രകാശ് അംബേദ്കറുടെ റിപ്പബ്ലിക്കൻ പാർട്ടിയില്ല. എന്നാൽ, കഴിഞ്ഞ തവണ എൻഡിഎയുടെ ഭാഗമായിരുന്ന കർഷക നേതാവ് രാജു ഷെട്ടിയെ ഒപ്പം കൂട്ടാനായത് സഖ്യത്തിനു നേട്ടം. 

പ്രതിപക്ഷ സഖ്യത്തിൽ ഇടം നേടാനുള്ള നീക്കം പൊളിഞ്ഞെങ്കിലും ബിജെപിക്കെതിരെ പാൽഘറിൽ കോൺഗ്രസ്–എൻസിപി സഖ്യത്തെ സിപിഎം പിന്തുണയ്ക്കുന്നു. സഖ്യത്തിന്റെ ഭാഗമായി മൽസരിക്കുന്ന ബഹുജൻ വികാസ് അഘാഡി സ്ഥാനാർഥിക്കായി രംഗത്തിറങ്ങുമെന്നു സിപിഎം അറിയിച്ചു. മറ്റിടങ്ങളിലും ബിജെപിയുടെ മുഖ്യ എതിരാളിക്കായിരിക്കും വോട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com