ബെംഗളൂരു സൗത്തിൽ ആരവങ്ങളോടെ തേജസ്വി, മിണ്ടാതെ തേജസ്വിനി
Mail This Article
ബസവനഗുഡി ദൊഡ്ഡ ഗണപതി അമ്പലത്തിനു മുന്നിൽ ആർപ്പ്, ആരവം, മേളം, ഡാൻസ്.. അപ്പുറത്ത് സുമേരു അപാർട്മെന്റിൽ മൗനം, നിരാശ.
ബെംഗളൂരു സൗത്തിലെ ബിജെപിയുടെ അപ്രതീക്ഷിത സ്ഥാനാർഥി തേജസ്വി സൂര്യ (28) പത്രികാ സമർപ്പണത്തിനു മുൻപു പൂജയ്ക്കെത്തിയപ്പോഴുള്ള അനുയായികളുടെ ആഹ്ലാദപ്രകടനങ്ങളാണ് അമ്പല പരിസരത്തു കണ്ടത്. സുമേരു കണ്ടത്, സൗത്തിലെ പ്രിയ എംപി മുൻ കേന്ദ്രമന്ത്രി എച്ച്.എൻ.അനന്ത്കുമാറിന്റെ വിധവ ഡോ. തേജസ്വിനി(53)യെ അപ്രതീക്ഷിതമായി സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന്റെ പരിഭവം. തേജസ്വിനിയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ‘ഞെട്ടൽ.’
പ്രധാനമന്ത്രി നരേന്ദ്ര മോദി മൽസരിക്കുമെന്ന് അഭ്യൂഹം പരന്ന മണ്ഡലത്തിൽ തേജസ്വിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച വിവരമെത്തിയത് രാത്രി ഒന്നരയോടെ. സ്ഥാനാർഥി നിർണയം വൈകിയപ്പോൾ തന്നെ അപകടം മണത്ത അനന്ത്കുമാർ അണികൾ തേജസ്വിനിയുടെ അപാർട്മെന്റിനു മുന്നിൽ അണിനിരന്നു. ഒഴിവാക്കിയാൽ ശക്തമായി പ്രതികരിക്കണമെന്ന ആവശ്യം തേജസ്വിനി തള്ളിയെങ്കിലും അണികൾ ധർണ നടത്തി. എന്നിട്ടും, രാജ്യവും പാർട്ടിയുമാണു പ്രധാനം എന്ന വാക്കുകളിൽ തേജസ്വിനി പ്രതികരണം ഒതുക്കി. സ്ഥാനാർഥിയാക്കുമെന്ന് ഉന്നത നേതാക്കൾ ഉൾപ്പെടെ നൽകിയ ഉറപ്പിൽ അവർ ദിവസങ്ങൾക്കു മുൻപേ പ്രചാരണം തുടങ്ങിയിരുന്നു.
ബെംഗളൂരു സൗത്തിന് 1996 മുതൽ ഒറ്റ എംപിയേ ഉണ്ടായിരുന്നുള്ളു; അനന്ത്കുമാർ. അദ്ദേഹത്തിന്റെ മരണ ശേഷം മണ്ഡലത്തിൽ നടത്തിയ സർവേയിൽ അണികളിൽ ഭൂരിഭാഗവും പിന്തുണച്ചത് തേജസ്വിനിയെയാണ്. തേജസ്വിയെപ്പോലെ എബിവിപിയായിരുന്നു അവരുടെയും ആദ്യതട്ടകം. എൻജിനീയറിങ് ബിരുദധാരി. എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയിൽ ശാസ്ത്രജ്ഞയായിരുന്നു. പിന്നീട് ജോലിവിട്ട് സാമൂഹിക, പാരിസ്ഥിതിക പ്രവർത്തനങ്ങളുമായി അദമ്യ ചേതന ഫൗണ്ടേഷൻ തുടങ്ങി. സ്ഥാനാർഥിയാകുമെന്ന് അവർ വിശ്വസിക്കാനുള്ള രണ്ടാമത്തെ കാരണം അങ്ങനെ ലഭിച്ച ജനകീയത തന്നെ. ആദ്യത്തേത്, അനന്ത്കുമാറിനെ പാർട്ടി അത്രവേഗം മറക്കില്ലെന്ന ചിന്ത.
കല്ലുകടിയൊന്നും ഇല്ലെന്നു വരുത്താൻ പത്രികസമർപ്പണത്തിനു തേജസ്വിനിയെക്കൂടി എത്തിക്കാൻ ബിജെപി ശ്രമിച്ചെങ്കിലും നടന്നില്ല.
മോദി തിരഞ്ഞെടുത്ത ‘പയ്യൻ’
പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരു സൗത്തിൽ മൽസരിക്കുമെന്ന വാർത്തകളായിരുന്നു തിങ്കളാഴ്ച വരെ തലങ്ങും വിലങ്ങും. മോദി വന്നില്ല, പകരം യുവമോർച്ച ജനറൽ സെക്രട്ടറി തേജസ്വി സൂര്യയെ സ്ഥാനാർഥിയായി നേരിട്ടു നിർദേശിച്ചു. അഭിഭാഷകൻ, തീപ്പൊരി പ്രസംഗകൻ, കടുത്ത മോദി ആരാധകൻ. ബിജെപി ഐടി വിഭാഗം കോ– ഓർഡിനേറ്ററായിരുന്നു.
വനിതാ സംവരണ ബില്ലിനെതിരെയുള്ള അഭിപ്രായം വിവാദമായി. കൊച്ചച്ഛൻ രവി സുബ്രഹ്മണ്യ എംഎൽഎയാണ്.