വിദ്യാസാഗർ: ബംഗാളിന്റെ അഭിമാനം
Mail This Article
ബംഗാൾ ജനത രവീന്ദ്രനാഥ ടഗോറിനെയും നേതാജി സുഭാഷ് ചന്ദ്രബോസിനെയും പോലെ ആരാധിക്കുന്ന ദേശീയനേതാവാണ് ഈശ്വർ ചന്ദ്ര വിദ്യാസാഗർ (1820– ’91). 19 ാം നൂറ്റാണ്ടിൽ നവോത്ഥാനത്തിനു നേതൃത്വം നൽകി രാജാറാം മോഹൻ റായുടെ പിൻഗാമിയായി ചരിത്രത്തിൽ ഇടം നേടിയ ആൾ.
ബ്രിട്ടിഷ് സർക്കാരിൽ സമ്മർദം ചെലുത്തി 1856 ൽ വിധവാ വിവാഹത്തിനു നിയമം കൊണ്ടുവന്നതു മുതൽ ഇന്നത്തെ ബംഗാളി അക്ഷരമാലയിൽ തനതു സംഭാവന നൽകിയതു വരെ പല തലങ്ങളിലാണ് അദ്ദേഹത്തിന്റെ സംഭാവന.
കോളജിൽ പഠിക്കുമ്പോഴാണ് സംസ്കൃതത്തിലും തത്വചിന്തയിലുമുള്ള അഗാധ പാണ്ഡിത്യം കണക്കിലെടുത്ത് ‘വിദ്യാസാഗർ’ ബഹുമതി ലഭിച്ചത്. പിന്നീട് വിവിധ കോളജുകളിൽ അധ്യാപകനായി; സ്കൂളുകൾ സ്ഥാപിച്ചു.
അബ്രാഹ്മണ വിദ്യാർഥികൾക്ക് താൻ പ്രിൻസിപ്പലായ സംസ്കൃത കോളജിൽ പ്രവേശനം നൽകി. ശൈശവ വിവാഹം, ബഹുഭാര്യത്വം എന്നീ അനാചാരങ്ങൾക്കെതിരെയും ശക്തമായി പോരാടി.