വിജയം ആധികാരികം; ഇനി ‘ഉറച്ച’ ഭരണം
Mail This Article
ന്യൂഡൽഹി ∙ ഉത്തരേന്ത്യൻ പാർട്ടി എന്ന പ്രതിഛായയിൽ നിന്ന് രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വേരുപടർത്തി വെന്നിക്കൊടി പാറിക്കാനായി എന്നതാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന ജയം ബിജെപിക്കു നൽകുന്ന ആത്മവിശ്വാസം. മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള ചവിട്ടുപടി ആയി മാറുന്നു പാർട്ടിക്ക് ഈ മുന്നേറ്റം. ഒപ്പം രാജ്യത്തെ 31% പേരുടെ മാത്രം പിന്തുണയിലാണ് മോദി രാജ്യം ഭരിക്കുന്നതെന്ന 2014 ലെ ആക്ഷേപവും ഒഴിവായി. 37.71% വോട്ടുമായി തികഞ്ഞ ആധികാരികതയോടെ തന്നെ ഇനി ഭരണം നടത്താം. ആകെ വോട്ടിന്റെ 45% എൻഡിഎയ്ക്കു ലഭിച്ചെന്നാണു കണക്ക്.
ശക്തിദുർഗങ്ങളായ സംസ്ഥാനങ്ങളിലെ സമ്പൂർണ ആധിപത്യം, കൂടുതൽ സംസ്ഥാനങ്ങളിലേക്കുള്ള ശക്തമായ കടന്നുകയറ്റം, വിജയമുറപ്പിക്കാൻ നടത്തിയ വിട്ടുവീഴ്ചകൾ എന്നിവയാണ് പാർട്ടി പോലും പ്രതീക്ഷിക്കാത്ത കുതിപ്പിനു കാരണമായത്. പാർട്ടിക്ക് സ്വന്തമായി 303 സീറ്റുകൾ ലഭിച്ചു. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, കർണാടക, ഡൽഹി തുടങ്ങി 13 സംസ്ഥാനങ്ങളിൽ 50 ശതമാനത്തിലേറെ വോട്ടു നേടി. വോട്ടുശതമാനത്തിൽ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും തട്ടകമായ ഗുജറാത്തിലാണ് റെക്കോർഡ് നേട്ടം. സീറ്റുകൾ തൂത്തുവാരിയതിനു പുറമേ, കഴിഞ്ഞ തവണത്തേക്കാൾ 3% വോട്ടുവർധന– 62.2%. യുപിയിൽ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കകളെ മറികടന്ന് 49.5% വോട്ടു നേടാനായി. കഴിഞ്ഞ തവണ 42.3 ശതമാനമായിരുന്നു ഇത്.
ദക്ഷിണേന്ത്യയിൽ ഏറെ പരിഹസിക്കപ്പെട്ടെങ്കിലും സ്വച്ഛ ഭാരത് അഭിയാൻ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലുണ്ടാക്കിയ സ്വാധീനം രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൾക്കപ്പുറത്താണ്. പാവപ്പെട്ടവർക്ക് വീടു നൽകുന്ന പദ്ധതിയും ചുരുങ്ങിയ ചെലവിൽ ഗ്യാസ് കണക്‌ഷൻ നൽകുന്ന പദ്ധതിയും വലിയ ചലനങ്ങളുണ്ടാക്കി.
ഗ്രാമങ്ങളിലെ പിന്നാക്കസമുദായക്കാരും ദലിത് വിഭാഗങ്ങളുമാണ് ഇതിന്റെ ഗുണഭോക്താക്കളിലേറെയും. ബിഎസ്പിയുടെയും എസ്പിയുടെയും വോട്ടുബാങ്കുകളിലേക്ക് ബിജെപി ഇരച്ചുകയറിയത് ഇതുവഴിയാണ്. ഇടഞ്ഞുനിന്ന സഖ്യകക്ഷികളോട് പരമാവധി സംയമനം പുലർത്തിയും വിട്ടുവീഴ്ച കാണിച്ചും കൂടുതൽ സീറ്റുകൾ സമാഹരിക്കാൻ കഴിഞ്ഞു. ശിവസേനയും അസം ഗണപരിഷത്തും പോലുള്ള പാർട്ടികളെ തിരിച്ചു കൊണ്ടുവന്നത് ഉദാഹരണം. ബിഹാറിൽ ജെഡിയുവിന് തങ്ങളുടെ 5 സിറ്റിങ് സീറ്റുകൾ വിട്ടുകൊടുത്ത മഹാമനസ്കതയും ഗുണം ചെയ്തു.
ഏതാനും മാസം മുൻപു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് അധികാരം പോയ ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ തിളങ്ങുന്ന ലോക്സഭാ ജയത്തേക്കാൾ പാർട്ടി വിലമതിക്കുന്നത് ബംഗാളിലുണ്ടാക്കാനായ അഭൂതപൂർവമായ മുന്നേറ്റമാണ്. തൃണമൂലിന്റെ ശക്തമായ വെല്ലുവിളിയെ നേരിട്ട് 18 സീറ്റുകളിൽ നേടിയ ജയത്തിനു തിളക്കമേറെ.
ഹിമാചൽപ്രദേശ് (4), ഉത്തരാഖണ്ഡ് (5), ഗുജറാത്ത് (26), ഡൽഹി (7), അരുണാചൽ (2), ഹരിയാന (10) എന്നീ സംസ്ഥാനങ്ങൾ തൂത്തുവാരാൻ ബിജെപിക്ക് കഴിഞ്ഞു. സംസ്ഥാനഭരണം കൈവിട്ട രാജസ്ഥാനിൽ ഘടകകക്ഷി ഒരു സീറ്റ് നേടിയതുൾപ്പെടെ 25 എണ്ണവും പിടിച്ചു. മധ്യപ്രദേശിൽ 29 ൽ 28 എണ്ണവും ബിജെപിക്കൊപ്പമായി.
ഛത്തീസ്ഗഡിൽ 11 ൽ 9 സീറ്റും കർണാടകയിൽ 28 ൽ 25 സീറ്റും സ്വന്തമാക്കി. മഹാരാഷ്ട്രയിൽ 23 സീറ്റുകൾ നേടിയ ബിജെപി എൻഡിഎയുടെ 41 സീറ്റ് വിജയം അവിസ്മരണീയമാക്കി. ബിഹാറിൽ 40 ൽ 17 സീറ്റ് നേടിയ (16 സീറ്റ് സഖ്യകക്ഷിയായ ജെഡിയുവിന്) പാർട്ടിയും മുന്നണിയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും മികവു പുലർത്തി.
കേരളവും തമിഴ്നാടും; ശ്രമം തുടരും
പാർട്ടിയുടെ സാന്നിധ്യം ഇനിയും ശക്തമല്ലാത്ത സംസ്ഥാനങ്ങളാണ് ബിജെപിയുടെ അടുത്ത ലക്ഷ്യം. കഴിഞ്ഞ ദിവസം പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത അമിത് ഷാ നൽകിയ സൂചനയും ഈ നീക്കം സംബന്ധിച്ചാണ്. കേരളവും തമിഴ്നാടുമാണ് ബിജെപിയുടെ കുതിപ്പിനു തടയിട്ട സംസ്ഥാനങ്ങൾ.
എന്നാൽ, ഇരുസംസ്ഥാനങ്ങളിലും വോട്ടുവിഹിതം വർധിപ്പിക്കാനായതിലൂടെ ഇവ അപ്രാപ്യമല്ലെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. മധ്യപ്രദേശിലും കർണാടകയിലും സംസ്ഥാന സർക്കാരുകളെ വീഴ്ത്താനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കാനും ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പാർട്ടിക്ക് ഊർജമാകും.
അനുഗ്രഹം തേടി മോദി
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനു പിന്നാലെ ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി എന്നിവരുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുമെത്തി. രാവിലെ അഡ്വാനിയുടെ വസതിയിൽ അമിത് ഷായ്ക്കൊപ്പമെത്തിയ മോദി കാൽതൊട്ടു വന്ദിച്ചു. തുടർന്ന് അൽപനേരം ചർച്ച നടത്തി. ബിജെപി നേടിയ തിളങ്ങുന്ന വിജയത്തിന് അഡ്വാനി മോദിയെ നേരത്തേ അഭിനന്ദിച്ചിരുന്നു. പാർട്ടിയുടെ സന്ദേശം വോട്ടർമാരിലേക്കു ഫലപ്രദമായി എത്തിക്കുന്നതിൽ അമിത് ഷാ നടത്തിയ പരിശ്രമത്തെയും അഡ്വാനി പ്രശംസിച്ചു.
തുടർന്ന് മുരളി മനോഹർ ജോഷിയുടെ വസതിയിലും മോദിയും ഷായും പൂച്ചെണ്ടുമായി എത്തി. ജോഷി ഇരുവരെയും ഷാളണിയിച്ചു സ്വീകരിച്ചു. ബിജെപിയുടെ വിസ്മയ വിജയത്തിൽ മോദിയും ഷായും വഹിച്ച പങ്ക് വളരെ വലുതാണെന്ന് ജോഷി പിന്നീടു പറഞ്ഞു.
മോദിയുടെ നിലപാടുകളോട് അഡ്വാനി അകൽച്ചയിലാണെന്നും മുരളി മനോഹർ ജോഷി കോൺഗ്രസിനോട് അടുക്കുകയാണെന്നും തിരഞ്ഞെടുപ്പിനു മുൻപ് ഊഹാപോഹങ്ങളുണ്ടായിരുന്നു. പാർട്ടി കെട്ടിപ്പടുക്കാൻ അഡ്വാനിയെപ്പോലുള്ള മുതിർന്ന നേതാക്കൾ വർഷങ്ങളായി നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് ഇന്നത്തെ വിജയമെന്ന് പിന്നീട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ജോഷിയെപ്പോലുള്ളവർ താനടക്കമുള്ള ഒട്ടേറെ പ്രവർത്തകർക്ക് വഴികാട്ടിയാണെന്നും മോദി കുറിച്ചു.