ബ്രീഫ്കെയ്സ് OUT; തുണി സഞ്ചി IN
Mail This Article
ന്യൂഡൽഹി ∙ കാലാകാലങ്ങളായി നമ്മൾ കണ്ടു വന്ന ആ ‘ബജറ്റ് പെട്ടി’ ഇതാ പുറത്തായിരിക്കുന്നു. ലെതർ ബ്രീഫ്കെയ്സിനു പകരം തുണി സഞ്ചിയിലാണ് ഇന്നലെ ബജറ്റ് രേഖകളുമായി മന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തിയത്. ബ്രിട്ടിഷുകാരിൽ നിന്നു കടമെടുത്ത ബജറ്റ് അവതരണ രീതിക്കൊപ്പം ഇന്ത്യയിലേക്കു വിരുന്നെത്തിയതാണു ബജറ്റ് പെട്ടി. തുണിസഞ്ചിയിലേക്കുള്ള മാറ്റത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘ബ്രിട്ടിഷുകാരുടെ സ്വാധീനത്തിൽ നിന്നു മോചനം നേടേണ്ട സമയം അതിക്രമിച്ചു’ എന്നായിരുന്നു നിർമലയുടെ മറുപടി. ഭാവിയിൽ കോൺഗ്രസിന്റെ ധനമന്ത്രി ഐ പാഡിൽ ബജറ്റുമായി എത്തുമെന്നു മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം പ്രതികരിച്ചു.
5 മണി മാറിയിട്ട് 20 വർഷം
ഇന്ത്യയിൽ വൈകിട്ട് 5 മണിക്ക് ബജറ്റ് അവതരിപ്പിക്കുന്ന രീതി ഉപേക്ഷിച്ചതും എൻഡിഎ മന്ത്രിസഭയാണ്. 1999ൽ വാജ്പേയി സർക്കാരിന്റെ കാലത്ത് യശ്വന്ത് സിൻഹയാണ് ആദ്യമായി രാവിലെ 11ന് ബജറ്റ് അവതരിപ്പിച്ചത്. ബ്രിട്ടിഷ് ഭരണകാലത്ത്, ബ്രിട്ടനിലെ ജനപ്രതിനിധി സഭയുടെ സമയസൗകര്യത്തിനു വേണ്ടിയാണ് ഇന്ത്യയിലെ ബജറ്റ് അവതരണം വൈകിട്ട് 5 മണിക്കു നിശ്ചയിച്ചിരുന്നത്.