ADVERTISEMENT

വ്യക്തിഗത ആദായ നികുതി ഒഴിവിന്റെ പരിധി കൂട്ടുമെന്നു പ്രതീക്ഷിച്ചവർക്ക് നിരാശ. ഫെബ്രുവരിയിലെ ബജറ്റിൽ പറഞ്ഞതു പോലെ  87 എ വകുപ്പ് പ്രകാരം 5 ലക്ഷം രൂപ വരെ നികുതി ബാധകമായ വരുമാനമുള്ളവർക്ക് 12,500 രൂപയുടെ റിബേറ്റ് തുടരും. (5 ലക്ഷം രൂപ വരെ ഒഴിവല്ല. മറിച്ച് 12,500 രൂപയുടെ റിബേറ്റ് നൽകുന്നതു മൂലം ഫലത്തിൽ 5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിനു നികുതി നൽകേണ്ട. വരുമാനം 5 ലക്ഷം രൂപയിൽ കൂടിയാൽ രണ്ടര ലക്ഷം രൂപ മുതലുള്ള വരുമാനത്തിനു നികുതി നൽകണം. 60 തികഞ്ഞവരാണെങ്കിൽ 3 ലക്ഷം രൂപ മുതൽ. 80 തികഞ്ഞവർക്ക് 5 ലക്ഷം വരെ നികുതി ഒഴിവുണ്ട്. 2018–19 സാമ്പത്തിക വർഷത്തിൽ 87എ പ്രകാരം മൂന്നര ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 2500 രൂപയായിരുന്നു റിബേറ്റ്).

കമ്പനികൾക്ക് നേട്ടം

കമ്പനികൾക്കു സന്തോഷിക്കാൻ വകയേറെ. 2018–19  സാമ്പത്തിക വർഷത്തിലെ നിയമമനുസരിച്ച് 2016–17 സാമ്പത്തിക വർഷത്തിൽ 250 കോടി രൂപയിൽ താഴെ വാർഷിക വിറ്റുവരവുള്ളവർക്കു വരുമാനത്തിൻമേൽ 25 ശതമാനമാണു നികുതി. 250 കോടിയിൽ കൂടിയാൽ 30%. പുതിയ ബജറ്റ് പ്രകാരം 2017–18 ലെ വാർഷിക വിറ്റുവരവ് 400 കോടി രൂപയിൽ താഴെയാണെങ്കിൽ 2019–20 സാമ്പത്തിക വർഷത്തിലെ വരുമാനത്തിന് 25 % നികുതി നൽകിയാൽ മതി. അതായത് 2017–18 ൽ 250 മുതൽ 400 കോടി രൂപ വരെ വിറ്റുവരവുണ്ടായിരുന്നവർക്ക് നിരക്ക് 5 % കുറച്ചു. 

ഇ വാഹനം, വീട്: പലിശയ്ക്ക് കിഴിവ്

∙ഇലക്ട്രിക് വാഹനം വാങ്ങാൻ എടുക്കുന്ന വായ്പയുടെ പലിശയ്ക്ക് ഒന്നര ലക്ഷം രൂപ വരെ 80ഇഇ ബി വകുപ്പനുസരിച്ചു കിഴിവുണ്ട്. 2019 ഏപ്രിൽ ഒന്നിനും 2023 മാർച്ച് 31നും ഇടയ്ക്ക് എടുക്കുന്ന വായ്പയ്ക്കാണു കിഴിവ്. നേരത്തേ സ്വന്തം പേരിൽ ഇലക്ട്രിക് വാഹനം ഉള്ളവർക്കു കിഴിവിനർഹതയില്ല. ബിസിനസുകാർക്കും കിഴിവ് ലഭിക്കുമെങ്കിലും ഈ വകുപ്പ് പ്രകാരം കിഴിവു സ്വീകരിച്ചു വീണ്ടും ബിസിനസ് ചെലവായി പലിശ കിഴിവ് അനുവദിക്കില്ല.

∙ 45 ലക്ഷം രൂപ വരെ മൂല്യമുള്ള വീടിനുള്ള ഭവനവായ്പ പലിശയ്ക്ക് ഒന്നര ലക്ഷം രൂപയുടെ അധിക കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത് 80ഇഇഎ വകുപ്പായിട്ടാണു ധനകാര്യ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. (2013 ൽ ഉണ്ടായിരുന്ന  80ഇഇ വകുപ്പിനു സമാനമായ ഇളവാണിത്). 2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെ അനുവദിക്കുന്ന വായ്പയാണു പരിഗണിക്കുക. വായ്പ അനുവദിക്കുന്ന സമയത്തു മറ്റു വീടുകൾ സ്വന്തമായി ഉണ്ടാവരുത്. വസ്തുവിന്റെ മുദ്രമൂല്യം 45 ലക്ഷത്തിൽ കൂടാൻ പാടില്ല എന്നീ നിബന്ധനകൾ ഉണ്ട്.

വൻ തുകയ്ക്ക് 2% നികുതി

∙ 44 എഡി, 40 എ(3), 13എ, 43, 269 എസ്എസ്, 269 ടി, 269 എസ്ടി തുടങ്ങിയ വകുപ്പുകളിൽ വരുത്തിയ ഭേദഗതിപ്രകാരം ബാങ്ക് അക്കൗണ്ട് പേയി ചെക്ക് / ഡിഡി, ബാങ്ക് ക്ലിയറിങ് സംവിധാനം വഴിയുള്ള ഇടപാടുകൾക്കും ഇലക്ട്രോണിക് ഇടപാടുകൾക്കും ആനുകൂല്യം.

∙ പുതുതായി ചേർത്ത 194 എൻ വകുപ്പ് പ്രകാരം ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരുകോടി രൂപയിൽ കൂടുതൽ പണം പിൻവലിക്കുമ്പോൾ (സഹകരണ ബാങ്ക് ഉൾപ്പെടെ) സെപ്റ്റംബർ മുതൽ 2% നികുതി സ്രോതസ്സിൽ പിടിക്കും.

∙ പുതുതായി ചേർക്കുന്ന 269 എസ്‌യു വകുപ്പ് പ്രകാരം മുൻ വർഷം 50 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ളവർ ഇലക്ട്രോണിക് സംവിധാനത്തിലൂടെ പണം സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കണം. അല്ലെങ്കിൽ പ്രതിദിനം 5000 രൂപയാണു പിഴ.

∙ നിലവിൽ 194 ഐഎ വകുപ്പ് പ്രകാരം 50 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള വസ്തു / ഫ്ലാറ്റ് വാങ്ങുമ്പോൾ വാങ്ങുന്നയാൾ സ്രോതസ്സിൽ 1% നികുതി പിടിച്ച് സർക്കാരിലേക്ക് അടയ്ക്കണം. 

ഭേദഗതി പ്രകാരം ഫ്ലാറ്റ് വിലയ്ക്കു പുറമേ ക്ലബ് മെംബർഷിപ്, കാർ പാർക്കിങ് ഫീ, വൈദ്യുതി, വാട്ടർ ഫെസിലിറ്റി ഫീ, മെയ്ന്റനൻസ് ഫീ തുടങ്ങിയ ഇനങ്ങളിൽ പിരിക്കുന്ന തുകയ്ക്കും സ്രോതസ്സിൽ നികുതി പിടിക്കണം.

റിട്ടേൺ: വ്യാപ്തി കൂടി

വസ്തു വിൽപനയിലൂടെ ലഭിക്കുന്ന മൂലധന നേട്ടത്തിനു കിഴിവിന്റെ ഫലമായി നികുതി ബാധ്യതയില്ലെങ്കിലും റിട്ടേൺ നൽകണം. ബാങ്കിലെ കറന്റ് അക്കൗണ്ടിൽ ഒരു കോടി രൂപയിൽ കൂടുതൽ നിക്ഷേപം നടത്തിയവരും വിദേശ യാത്രയ്ക്ക് 2 ലക്ഷം രൂപയിൽ കൂടുതൽ ചെലവാക്കിയവരും ഒരു ലക്ഷം രൂപയിൽ കൂടുതൽ വൈദ്യുതി ബിൽ ഉള്ളവരും നികുതി ബാധകമായ വരുമാനമില്ലെങ്കിലും റിട്ടേൺ സമർപ്പിക്കണം.

പാനിന് പകരം ആധാർ

ആദായനികുതി ചട്ട പ്രകാരം വിവിധ രേഖകളിൽ പാൻ നമ്പർ രേഖപ്പെടുത്തണമെന്നു നിർബന്ധമുണ്ട്. ഭേദഗതിപ്രകാരം പാൻ നമ്പറിന് പകരം ആധാർ നമ്പറും ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com