സാമൂഹിക സേവനത്തിന് പണമൊരു പ്രശ്നമാകില്ല
Mail This Article
ന്യൂഡൽഹി ∙ സാമൂഹിക വിപ്ലവം ലക്ഷ്യമിട്ട് ‘സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച്’ രൂപീകരിക്കാൻ കേന്ദ്രം. സാമ്പത്തിക വളർച്ചയ്ക്കൊപ്പം സമഗ്ര മുന്നേറ്റം ലക്ഷ്യമിട്ടുള്ള സാമൂഹികമാറ്റവും വരുത്തേണ്ടതുണ്ടെന്നു നിർമല സീതാരാമൻ ബജറ്റ് പ്രഭാഷണത്തിൽ വ്യക്തമാക്കി. ഇതു കേരളത്തിലെ ഉൾപ്പെടെ സാമൂഹികസേവന പദ്ധതികൾക്കും സംഘടനകൾക്കും ഏറെ പ്രോത്സാഹനം നൽകുമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. സിംഗപ്പൂരിലെ ഇംപാക്ട് ഇൻവെസ്റ്റ്മെന്റ് എക്സ്ചേഞ്ച് ഏഷ്യയുടെയും ലണ്ടനിലെ സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെയും മാതൃകയിലാണ് ഇന്ത്യയിലും ഇതു നിലവിൽ വരുന്നത്.
എന്താണ് നേട്ടം
∙ സാമ്പത്തിക ലാഭം ലക്ഷ്യമിടാതെ സാമൂഹിക സംഘടനകളിൽ നിക്ഷേപം നടത്താൻ അവസരം
∙ പരിസ്ഥിതി ഉൾപ്പെടെയുള്ള രംഗങ്ങളിൽ മാറ്റം സൃഷ്ടിക്കാൻ സാധിക്കുന്ന പുതിയ പദ്ധതികൾ വരും.
∙ ഇത്തരം പ്രവർത്തനങ്ങളിൽ വൻകിടക്കാർക്കു പണം നിക്ഷേപിക്കാം. രാജ്യത്തെ പല അവികസിത രംഗങ്ങളിലും മാറ്റം വരുത്താൻ സാധിക്കും.
∙ ജലം, ഗ്രാമ നവീകരണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗങ്ങളിൽ നേട്ടം.
∙ സാമൂഹികസേവന പ്രവർത്തനങ്ങളിൽ പണമൊരു തടസ്സമാവില്ല.
പ്രവർത്തനം ഇങ്ങനെ
∙ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ(സെബി) കീഴിലാകും പ്രവർത്തനം.
∙ കമ്പനികൾ പ്രവർത്തിക്കുന്ന മാതൃകയിൽ സാമൂഹിക സംഘടനകൾക്കും എൻജിഒകൾക്കും ഇതിൽ റജിസ്റ്റർ ചെയ്യാം. ഓഹരികൾ വിൽക്കാം.