ബജറ്റ് പ്രസംഗം 2.17 മണിക്കൂർ
Mail This Article
രണ്ടു മണിക്കൂർ 17 മിനിറ്റ് പ്രസംഗത്തിനിടെ നിർമല സീതാരാമൻ വെള്ളം കുടിച്ചതേയില്ല ! ചരിത്രത്തിലെ ദൈർഘ്യമേറിയ ബജറ്റ് പ്രസംഗങ്ങളിലൊന്ന്. സഭയിൽ മന്ത്രി എത്തിയത് 10.53ന്. കൃത്യം 11നു ബജറ്റ് അവതരിപ്പിച്ചുതുടങ്ങി. മന്ത്രിയുടെ വാക്കുകൾക്കു ഭരണപക്ഷ എംപിമാർ മാത്രമല്ല, സന്ദർശക ഗാലറിയിൽനിന്നും കയ്യടി കേട്ടു. മകൾ വാങ്‌മയിയും ബന്ധുക്കളും ഗാലറിയിലുണ്ടായിരുന്നു. ബജറ്റിനു ശേഷം ഭരണപക്ഷ അംഗങ്ങൾ അഭിനന്ദനവുമായി ചുറ്റും കൂടുന്നതിനിടയിലും ഇടയ്ക്കു ഗാലറിയിൽ കുടുംബാംഗങ്ങളെ ശ്രദ്ധിക്കുകയായിരുന്നു നിർമല.
പ്രതിപക്ഷ നിരയിലെ പ്രമുഖരാരും അഭിനന്ദിക്കാൻ എത്തിയില്ലെന്നതും ശ്രദ്ധേയം. ബജറ്റ് തുടങ്ങി അൽപനേരത്തിനു ശേഷമാണു രാഹുൽ ഗാന്ധി സഭയിലെത്തിയത്. ബജറ്റ് പ്രസംഗം അവസാനിക്കും മുൻപേ സോണിയ ഗാന്ധി മടങ്ങി. രാജ്യസഭാംഗങ്ങളായ അൽഫോൻസ് കണ്ണന്താനം, ഡി.രാജ, സ്വപൻദാസ് ഗുപ്ത, നരേന്ദ്ര ജാദവ് തുടങ്ങിയവരും ഗാലറിയിലുണ്ടായിരുന്നു.