പൊതു ഓഹരി പങ്കാളിത്ത വർധന: വിപണിക്ക് ഡീലിസ്റ്റിങ് പേടി
Mail This Article
കൊച്ചി ∙ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിലെ പൊതുപങ്കാളിത്തം വർധിപ്പിക്കാനുള്ള ബജറ്റ് നിർദേശം 3,87,000 കോടി രൂപയുടെ ഓഹരി വിൽപനയ്ക്ക് ഇടയാക്കുമെന്നു കണക്കാക്കുന്നു. ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ പല സംരംഭങ്ങളും എക്സ്ചേഞ്ചുകളിൽ നിന്ന് ഡീ ലിസ്റ്റ് ചെയ്യാൻ നിർബന്ധിതമായേക്കുമെന്നും ഭയപ്പെടുന്നു. ലിസ്റ്റഡ് കമ്പനികളിലെ പൊതു ഓഹരി പങ്കാളിത്തം 25 ൽ നിന്നു 35 ശതമാനമായി ഉയർത്താനുള്ള നിർദേശമാണു ബജറ്റിലുള്ളത്.
അയ്യായിരത്തോളം ലിസ്റ്റഡ് കമ്പനികളിൽ 1174 കമ്പനികൾക്കു ബജറ്റ് നിർദേശം ബാധകമാകും. നിലവിലെ വിപണിവില അനുസരിച്ച് ഈ കമ്പനികളുടെ 10% ഓഹരികളുടെ വിൽപന 3,87,000 കോടി രൂപയുടേതായിരിക്കും.രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിനു തന്നെ 59,600 കോടി രൂപയുടെ ഓഹരികളാണു വിൽക്കേണ്ടിവരിക. വിപ്രോ, ഡി – മാർട്, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യൂണിലീവർ, ഐഡിബിഐ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക് തുടങ്ങിയവയ്ക്കും ഓഹരി വിൽക്കേണ്ടിവരും.
ബജറ്റ് നിർദേശം നടപ്പാക്കണമെങ്കിൽ പ്രമോട്ടർമാരുടെ പങ്കാളിത്തമാണു കുറയ്ക്കേണ്ടിവരിക. പല കമ്പനികൾക്കും ഇതിനോടു വിയോജിപ്പായിരിക്കും. അവയായിരിക്കും ഡീ – ലിസ്റ്റ് ചെയ്യാൻ തയാറാകുക. 4 ലക്ഷം കോടിയോളം രൂപയുടെ ഓഹരി വിൽപന വേണ്ടിവരുന്നതു വിപണിയിലെ പണലഭ്യതയെ ഗുരുതരമായി ബാധിക്കുമെന്നും ആശങ്കയുണ്ട്.