ADVERTISEMENT

ന്യൂഡൽഹി ∙ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ യഥാർഥ ചിത്രം വ്യക്തമാക്കുന്നില്ലെന്ന് ബിജെപിയിൽതന്നെ വിമർശനമുയർന്നു. വിമർശനങ്ങളെ തടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ ധനമന്ത്രി അരുൺ ജയ്റ്റ്ലിയും രംഗത്തെത്തി.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ എതിർക്കുമെന്ന് സ്വദേശി ജാഗരൺ മഞ്ചും (എസ്ജെഎം) സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചതു ശരിയല്ലെന്നു ശിവസേനയും വ്യക്തമാക്കി.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെന്തെന്നു സൂചിപ്പിക്കുന്ന കണക്കുകൾ മറച്ചുവയ്ക്കാനുള്ള ശ്രമം ബജറ്റിലും തുടരുന്നുവെന്നാണ് ആരോപണം. ധനക്കമ്മിയെക്കുറിച്ചുള്ള പരാമർശം പോലും ബജറ്റ് പ്രസംഗത്തിനു േശഷമാണു മന്ത്രി പറഞ്ഞത്.

വിദഗ്ധനല്ലെന്ന് മോദി

താൻ സാമ്പത്തിക വിദഗ്ധനല്ലെങ്കിലും രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള ദിശാബോധമുണ്ടെന്ന് മോദി ഇന്നലെ വാരാണസിയിൽ പറഞ്ഞത് വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

ബജറ്റിൽ വിവിധ വകുപ്പുകൾക്കുള്ള വകയിരുത്തൽ പരാമർശിച്ചില്ലെങ്കിലും 5 ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യത്തിനുള്ള മാർഗരേഖയുണ്ടെന്നും ഈ ലക്ഷ്യത്തെ വിമർശിക്കുന്ന ദോഷൈകദൃക്കുകളെ സൂക്ഷിക്കണമെന്നും മോദി പറഞ്ഞു.

നയരേഖയെന്ന് ജയ്റ്റ്ലി

ആദ്യം പീയൂഷ് ഗോയലിനെ പരിഗണിച്ചെങ്കിലും നിർമല സീതാരാമൻ ധനമന്ത്രിയാവണമെന്നു ജയ്റ്റ്ലിയാണു താൽപര്യമെടുത്തതെന്നു സൂചനയുണ്ടായിരുന്നു. ബജറ്റിനെക്കുറിച്ചുള്ള വിമർശനത്തെ ഫെയ്സ്ബുക് പോസ്റ്റിലൂടെ ജയ്റ്റ്ലി തടുത്തു.

അടിസ്ഥാനപരമായി വരവു ചെലവു കണക്കു സംബന്ധിച്ച പ്രസ്താവനയാണെങ്കിലും, സമ്പദ്‌വ്യവസ്ഥ വികസിച്ചതോടെ വാർഷിക ബജറ്റ് നയരേഖയായി മാറിയിട്ടുണ്ടെന്നു ജയ്റ്റ്ലി വാദിച്ചു. സാമ്പത്തിക വളർച്ചയിൽ അടുത്ത കാലത്തുണ്ടായ മന്ദതയിൽനിന്നു തിരിച്ചുവരാനുള്ള രൂപരേഖയാണു ബജറ്റ് മുന്നോട്ടുവയ്ക്കുന്നതെന്നും ജയ്റ്റ്ലി വിശദീകരിച്ചു.

എതിർപ്പുമായി എസ്ജെഎം

ധനസമാഹരണത്തിൽ സർക്കാർ നേരിടുന്ന പ്രതിസന്ധി വ്യക്തമാണെന്നും സ്വകാര്യ മുതൽമുടക്ക് ആകർഷിക്കാനും അടിസ്ഥാന സൗകര്യ, ഭവനനിർമാണ മേഖലകളെ ഉത്തേജിപ്പിക്കാനുമുള്ള പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും എസ്ജെഎം കോ കൺവീനർ അശ്വനി മഹാജൻ പറഞ്ഞു.

എന്നാൽ, ഓഹരികൾ വിൽക്കുന്നതിനെയും കൂടുതൽ മേഖലകളിൽ വിദേശ മുതൽമുടക്ക് അനുവദിക്കുന്നതിനെയും വിദേശ വായ്പയെയും അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

രാജ്യത്തിന്റെ ധനസ്ഥിതി ഇങ്ങനെ

∙ഈ വർഷം പ്രതീക്ഷിക്കുന്ന മൊത്തം ചെലവ് – 27,86,349 കോടി, കഴിഞ്ഞ വർഷത്തേതിൽ നിന്ന് 13.4% വർധന. മൊത്തം ആഭ്യന്തര ഉൽപാദത്തിന്റെ 13.2 %. 

∙പ്രതീക്ഷിക്കുന്ന മൊത്തം നികുതി വരുമാനം – 24,61,195 കോടി രൂപ. പ്രത്യക്ഷ നികുതി – 13,35,000 കോടി, പരോക്ഷ നികുതി – 11,22,015 കോടി, നികുതി ഇതര വരുമാനം – 3,13,179 കോടി. 

∙റവന്യു ചെലവ് – 24,47,780 കോടി, മൊത്തം ചെലവിന്റെ 87.8%. ഇതിൽത്തന്നെ 6,60,471 കോടി പലിശയിനത്തിലാണ്. റവന്യു വരുമാനത്തിന്റെ 33.7 %. 

∙സബ്സിഡി ഇനത്തിലുള്ള ചെലവ് – 3,01,694 കോടി.

∙പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപനയിലൂടെ ഈ വർഷം 1.05 ലക്ഷം കോടിയും അടുത്ത 2 വർഷങ്ങളിൽ 80,000 കോടി വീതവും. 

∙രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) 2017 ഏപ്രിൽ – ഡിസംബറിൽ 3570 കോടി ഡോളറായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 5160 കോടിയായി വർധിച്ചു.

∙ആഭ്യന്തര കടവും മറ്റു ബാധ്യതകളും (കഴിഞ്ഞ മാർച്ച് 31 വരെ)– 87,97,766.30 കോടി. വിദേശ കടം – 2,58,959.18 കോടി.

∙ഈ വർഷം വിപണിയിൽ നിന്ന് വായ്പയിനത്തിൽ മൊത്തം പ്രതീക്ഷിക്കുന്നത് – 7,10,000 കോടി. 

∙സ്വർണ ബോണ്ട് പദ്ധതിയിൽ കഴിഞ്ഞ വർഷം ലഭിച്ചത് – 641.6 കോടി. 

ബജറ്റിനു പിന്നാലെ വരുന്നു, കമ്മിറ്റിക്കാലം

ന്യൂഡൽഹി ∙ രാജ്യത്തെ സ്ത്രീ ശാക്തീകരണ സ്ഥിതിയെയും ബാങ്കിങ് മേഖലയിലെ അടിസ്ഥാനസൗകര്യ നിക്ഷേപത്തെയും കുറിച്ചു പഠിക്കാൻ പ്രത്യേകം സമിതികൾ വരും. ബജറ്റ് പ്രഖ്യാപനത്തിനിടെ ധനമന്ത്രി നിർമല സീതാരാമനാണു പുതിയ കമ്മിറ്റികൾ പ്രഖ്യാപിച്ചത്. ഇവയ്ക്കു പുറമേ, ദേശീയപാത പദ്ധതി, വാടക നയം, രാജ്യവളർച്ചയ്ക്കനുയോജ്യമായ ആവാസ വ്യവസ്ഥ തുടങ്ങിയവയുടെ കാര്യത്തിലും പ്രത്യേക സമിതികൾക്കു രൂപം നൽകിയേക്കും.

ബാങ്കിങ് അടക്കമുള്ള സാമ്പത്തിക മേഖലയിൽ അടിസ്ഥാനസൗകര്യ വികസനം സർക്കാരിന്റെ പ്രധാന ഊന്നലുകളിലൊന്നാണ്. പ്രത്യേകിച്ചും ഡിജിറ്റൽ ബാങ്കിങ്. വരുന്ന 5 വർഷത്തിനിടെ 100 കോടി രൂപ ഈ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനു മാത്രം നിക്ഷേപിക്കുകയാണു സർക്കാർ ലക്ഷ്യം. ഈ പശ്ചാത്തലത്തിലാണു സാമ്പത്തിക സ്ഥാപനങ്ങളുടെ സ്ഥിതി പഠനവിഷയമാകുന്നത്.

കമ്പനികൾക്ക് നികുതിയിളവ് സർക്കാരിന് നഷ്ടം1,08,785 കോടി രൂപ

ന്യൂഡൽഹി ∙ കോർപറേറ്റുകൾക്കു നൽകുന്ന നികുതിയിളവുകളിലൂടെ മാത്രം കേന്ദ്ര സർക്കാരിന് ഈ സാമ്പത്തിക വർഷം 1,08,785 കോടി രൂപയുടെ വരുമാന നഷ്ടമെന്നു ബജറ്റ് രേഖകൾ വ്യക്തമാക്കുന്നു. ചരക്ക്, സേവന നികുതി (ജിഎസ്ടി) സംവിധാനത്തിന്റെ പൂർണമെച്ചം അടുത്ത വർഷം പ്രതീക്ഷിച്ചാൽ മതിയെന്നാണു സർക്കാരിന്റെ വിലയിരുത്തൽ. 

∙കഴിഞ്ഞ മാർച്ച് 31വരെ 8,41,687 കമ്പനികളാണു നികുതി റിട്ടേൺ ഫയൽ ചെയ്തത്. 

∙3,90,644 കമ്പനികൾ (41%) മാത്രമാണു ലാഭം കാണിച്ചത്. നികുതിക്കു ശേഷമുള്ള മൊത്തം ലാഭം 11,24,393.42 കോടി രൂപ. ഇവയിൽ 373 കമ്പനികളാണ് 500 കോടിയിലേറെ വിറ്റുവരവുള്ളത്. 

3,62,829 കമ്പനികൾ (43.11%) നഷ്ടത്തിലാണ്. 88,214 കമ്പനികൾക്ക് ലാഭമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com