തിരഞ്ഞെടുപ്പ് കേസ്: മോദിക്ക് നോട്ടിസ്
Mail This Article
അലഹാബാദ് ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് മുൻ ബിഎസ്എഫ് കോൺസ്റ്റബിൾ തേജ് ബഹാദൂർ യാദവ് സമർപ്പിച്ച ഹർജിയിൽ അലഹാബാദ് ഹൈക്കോടതി മോദിക്ക് നോട്ടിസ് അയച്ചു. കേസിൽ ഓഗസ്റ്റ് 21നു വാദം കേൾക്കും.
വാരാണസി മണ്ഡലത്തിൽനിന്നു മോദിക്കെതിരെ സമാജ് വാദി പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുന്നതിനു യാദവ് സമർപ്പിച്ച നാമനിർദേശ പത്രിക തള്ളിയിരുന്നു. തന്റെ പത്രിക തള്ളിയത് അന്യായമാണെന്നും അതിനാൽ മോദിയുടെ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നുമാണ് യാദവിന്റെ ഹർജിയിലെ ആവശ്യം.
സൈനികർക്കു മോശം ഭക്ഷണം നൽകുന്നതിനെ വിമർശിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് യാദവിനെ ബിഎസ്എഫിൽനിന്നു പുറത്താക്കിയത്. ഈ വിവരം നാമനിർദേശ പത്രികയിൽ കാണിച്ചില്ലെന്ന കാരണത്താൽ യാദവിന്റെ പത്രിക തള്ളുകയായിരുന്നു.