കൊറോണ വൈറസ്: രക്ഷാദൗത്യം, മാർഗനിർദേശം
Mail This Article
ന്യൂഡൽഹി ∙ ഇറാനിൽ കുടുങ്ങിയവരെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ദൗത്യവുമായി വ്യോമസേനയുടെ വിമാനം പുറപ്പെട്ടു. നേരത്തേ, എത്തിച്ച 300 സ്രവ സാംപിളുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണു രക്ഷാദൗത്യം. വൈറസ് ബാധയില്ലെന്ന് ഉറപ്പിക്കുന്നവരെ മാത്രമേ നാട്ടിലേക്ക് കൊണ്ടുവരൂ. നിലവിൽ, ഏഴായിരത്തോളം പേർക്കു കോവിഡ് 19 സ്ഥിരീകരിച്ച ഇറാനിൽ വിദ്യാർഥികളും തീർഥാടകരും അടക്കം രണ്ടായിരത്തോളം ഇന്ത്യക്കാരുണ്ട്.
സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം
കൂടുതൽ സംസ്ഥാനങ്ങളിലേക്കു കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പൊതു മാർഗനിർദേശം നൽകാൻ കേന്ദ്ര സർക്കാർ. ഇന്നലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി അടക്കം സ്ഥിതി വിലയിരുത്തിയ ശേഷം കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനാ കേന്ദ്രങ്ങൾ സജ്ജമാക്കാനും കൂടുതൽ ആരോഗ്യജീവനക്കാരെ ഉപയോഗിക്കാനും കേന്ദ്രം നിർദേശിച്ചു.
മൂവായിരത്തോളം വിദേശികൾ
സംശയ സാഹചര്യത്തിൽ ഇന്ത്യയിലുള്ളത് മൂവായിരത്തോളം വിദേശസഞ്ചാരികളെന്നു സർക്കാർ. ചൈനയിൽ നിന്നു മറ്റു രാജ്യങ്ങളിലേക്കു രോഗം പടർന്നതു സ്ഥിരീകരിക്കുന്നതിനു മുൻപ് എത്തിയവരടക്കമുണ്ട് ഇതിൽ. അതുകൊണ്ടു തന്നെ പലരും പരിശോധനയ്ക്കു വിധേയമായിട്ടില്ലെന്ന ആശങ്കയുണ്ടായിരുന്നു.
സംശയമുള്ളവരെ ഒന്നാകെ നിരീക്ഷണത്തിൽ പാർപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് മൂവായിരത്തോളം പേരെ ആശുപത്രിയിലാക്കിയിരിക്കുന്നത്. ഇതുവരെ 8.74 ലക്ഷം പേരെ രാജ്യത്തെ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്കു വിധേയമാക്കി. ഇതിൽ 177 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന 33,599 പേരിൽ 21,867 പേരും ആശുപത്രി വിട്ടു.
മോദിയുടെ ബംഗ്ലദേശ് യാത്ര മാറ്റി
ഷെയ്ഖ് മുജീബുർ റഹ്മാന്റെ അനുസ്മരണ പരിപാടി മാറ്റിയ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലദേശ് സന്ദർശനം മാറ്റി.
എയർ ഇന്ത്യയും സഹായിക്കും
കോവിഡ് ആശങ്ക നിലനിൽക്കെ, മാർച്ച് 31 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കു പ്രത്യേക ഫീസില്ലാതെ യാത്രാ സമയം പുതുക്കാൻ സൗകര്യമൊരുക്കി എയർ ഇന്ത്യ. ഏപ്രിൽ 31 വരെയുള്ള യാത്രകൾക്ക് മാർച്ച് 12 മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണിത്. ടിക്കറ്റ് റദ്ദാക്കണമെങ്കിൽ ഫീസ് നൽകേണ്ടി വരും. നേരത്തേ ഇൻഡിഗോയും ഗോ എയറും ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഖത്തർ ഇന്ത്യൻ യാത്രക്കാർക്കു വിലക്ക് ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ, 17 വരെ ദോഹയിലേക്കുള്ള വിമാന സർവീസുകൾ ഇൻഡിഗോ റദ്ദാക്കി.
ബയോമെട്രിക് റദ്ദാക്കി ഉത്തരവ്
വിവിധ സംസ്ഥാനങ്ങളിൽ കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ, ദേശീയ ഹരിത ട്രൈബ്യൂണൽ ബയോമെട്രിക് ഹാജർ സംവിധാനം റദ്ദാക്കി. കേന്ദ്ര സായുധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിലായി 5400 കിടക്കകൾ സജ്ജമാക്കാൻ കേന്ദ്രം നിർദേശിച്ചു.