എല്ലാം പൂർത്തിയായി; 4 കുറ്റവാളികളെയും തൂക്കിലേറ്റിയത് പുലർച്ചെ അഞ്ചരയ്ക്ക്
Mail This Article
ന്യൂഡൽഹി ∙ നിർഭയക്കേസിലെ കുറ്റവാളികളായ മുകേഷ് സിങ് (33), അക്ഷയ് കുമാർ സിങ് (35), പവൻ ഗുപ‌്ത (26), വിനയ് ശർമ (27) എന്നിവരെ തിഹാർ ജയിലിൽ തൂക്കിലേറ്റി. ആരാച്ചാർ പവൻ ജല്ലാദാണ് ഇന്നലെ പുലർച്ചെ 5.30നു ശിക്ഷ നടപ്പാക്കിയത്. മരണം ഉറപ്പാക്കാൻ 4 ശരീരങ്ങളും അര മണിക്കൂർ തൂക്കുമരത്തിൽ തന്നെ കിടന്നു. തുടർന്ന് 6 മണിയോടെ ജയിൽ മെഡിക്കൽ ഓഫിസർ മരണം സ്‌ഥിരീകരിച്ചു.
ദീൻദയാൽ ഉപാധ്യായ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശരീരങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തതായി തിഹാർ ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ വ്യക്തമാക്കി. ശിക്ഷ നടപ്പാക്കുന്നതിനു മുൻപു മകനെ കാണണമെന്ന ആഗ്രഹം അക്ഷയ് കുമാർ അറിയിച്ചെങ്കിലും അനുവദിച്ചില്ല.
ശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രതികൾ അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി അക്ഷയ്, പവൻ, വിനയ് എന്നിവർ നൽകിയ ഹർജി വ്യാഴാഴ്ച പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. തുടർന്നാണു രാത്രി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഇതും തള്ളി. പവൻ ഗുപ്തയുടെ ദയാഹർജി തള്ളിയതിനെതിരെ നൽകിയ തിരുത്തൽ ഹർജിയും വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യവും പുലർച്ചെ 2.30 നാണു സുപ്രീം കോടതിയിൽ ജസ്റ്റിസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൺ, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് തള്ളിയത്.
2012 ഡിസംബർ 16നുണ്ടായ സംഭവത്തിൽ 7 വർഷത്തിനു ശേഷമാണു ശിക്ഷ നടപ്പാക്കുന്നത്. 6 പ്രതികളിൽ ഒരാൾക്കു പ്രായപൂർത്തിയായിട്ടില്ലെന്ന ആനുകൂല്യം ലഭിച്ചു. മുഖ്യപ്രതി രാംസിങ് ജയിലിൽ തൂങ്ങിമരിച്ചു.
English Summary: Nirbhaya case convicts hanged untill death