അതിർത്തിയിൽ പാക്ക് ഡ്രോണുകൾ; കനത്ത ജാഗ്രത
Mail This Article
ന്യൂഡൽഹി ∙ കശ്മീരിൽ നിയന്ത്രണരേഖയ്ക്കു സമീപം പാക്ക് ഡ്രോണുകൾ കണ്ടെത്തിയതിനു പിന്നാലെ അതിർത്തിയിലുടനീളം ജാഗ്രത ശക്തമാക്കി. ഡ്രോണുകൾ ഉപയോഗിച്ച് ഭീകരർക്കു വേണ്ടി ആയുധങ്ങൾ ഇന്ത്യയിലേക്കു കടത്താനാണു പാക്ക് ശ്രമമെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു.
നിയന്ത്രണരേഖയിലുള്ള വനമേഖലകൾ വഴി കശ്മീരിലേക്കു നുഴഞ്ഞുകയറാൻ ഭീകരർ ശ്രമിക്കുന്നതിന്റെ സൂചനയാവാം പുതിയ നീക്കമെന്നാണ് സേനയുടെ വിലയിരുത്തൽ. പുതിയ സാഹചര്യത്തിൽ അതിർത്തി മേഖലകളിൽ കരസേന, ബിഎസ്എഫ് സേനാംഗങ്ങൾ പട്രോളിങ് ശക്തമാക്കി.
ഇതിനിടെ, നിയന്ത്രണരേഖയിലുള്ള നൗഷേരയിൽ പാക്ക് സേന വ്യാപക ഷെല്ലാക്രമണം നടത്തി. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. ഇന്ത്യൻ ഭാഗത്ത് ആർക്കും പരുക്കില്ല. പാക്ക് ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്കു സേന മാറ്റി.
ഇതിനിടെ, ദക്ഷിണ കശ്മീരിലെ പുൽവാമയിലുള്ള ഛത്പുര ഗ്രാമത്തിൽ ജയ്ഷെ മുഹമ്മദ് ഭീകരനെ കരസേന പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു സേന സ്ഥലത്തെത്തിയത്.
സൈനികൻ ജീവനൊടുക്കി
ന്യൂഡൽഹി ∙ കശ്മീരിൽ നിയന്ത്രണരേഖയോടു ചേർന്നുള്ള പൂഞ്ചിൽ കരസേനാ ജവാൻ സ്വയം വെടിവച്ചു മരിച്ചു. അതിർത്തിയിൽ കാവൽ ജോലിയിലായിരുന്ന ഹവീൽദാർ രജീന്ദർ കുമാറാണ് ഇന്നലെ രാവിലെ എട്ടരയോടെ ജീവനൊടുക്കിയത്.