ADVERTISEMENT

കൊൽക്കത്ത ∙ തൃണമൂൽ കോൺഗ്രസിൽനിന്നു ബിജെപിയിലേക്കുള്ള താരപ്രവാഹത്തിൽ ഇന്നലെ മിഥുൻ ചക്രവർത്തിയുടെ ഊഴമായിരുന്നു. മിഥുൻ ചക്രവർത്തിയെന്ന ബംഗാളിന്റെ തലപ്പൊക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ തിരഞ്ഞെടുപ്പു റാലിയുടെ വേദിയിൽ ബിജെപിയുടെ കൊടി പിടിച്ചു. തന്റെ ഹിറ്റ് സിനിമയിലെ തീപ്പൊരി ഡയലോഗ് പറഞ്ഞ് ജനങ്ങളുടെ കയ്യടിയും നേടി.

‘വിഷമില്ലാത്ത പാമ്പാണെന്നു കരുതേണ്ട. ഞാൻ ഒന്നാന്തരം മൂർഖനാണ്. ഒറ്റക്കൊത്തിനു കൊല്ലുന്ന മൂർഖൻ’ – തന്റെ ‘എംഎൽഎ ഫടാകെഷ്തോ’ എന്ന സിനിമയിലെ ഡയലോഗ് വീശിയാണ് എഴുപതുകാരനായ മിഥുൻ ഇന്നലെ ജനങ്ങളെ കയ്യിലെടുത്തത്. 

മമത ബാനർജിയുടെ അടുത്തയാളായിരുന്ന മിഥുൻ 2014ൽ രാജ്യസഭാംഗമായെങ്കിലും ആരോഗ്യ കാരണങ്ങൾ പറഞ്ഞ് 2016ൽ രാജി വച്ചു. മമത ബാനർജിക്കെതിരെ ഉയർന്ന ശാരദ ചിട്ടി ഫണ്ട് ക്രമക്കേട് ആരോപണത്തിൽ മിഥുൻ ചക്രവർത്തിയുടെ പേരുമുണ്ടായിരുന്നു.

ഇന്നലെ പ്രധാനമന്ത്രി എത്തുന്നതിനു മുൻപേ റാലിയുടെ വേദിയിലെത്തിയ അദ്ദേഹം പാർട്ടി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിൽനിന്ന് പാർട്ടി പതാക ഏറ്റുവാങ്ങി. പാവങ്ങൾക്കു വേണ്ടി പ്രവർത്തിക്കണമെന്ന് എന്നും ആഗ്രഹിച്ചിരുന്നെന്നും ബിജെപി അതിന് അവസരം നൽകിയെന്നും മിഥുൻ ചക്രവർത്തി പറഞ്ഞു. 

മുൻ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല.

Content Highlights: Mithun Chakraborty joins BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com