താരം, അധികാരി; ബംഗാളിൽ ബിജെപിക്കു ചവിട്ടുപടിയാകാൻ നന്ദിഗ്രാമിന്റെ പുത്രൻ
Mail This Article
മമത ബാനർജിയുടെ നന്ദിഗ്രാമിലെ നിഴലായിരുന്നു സുവേന്ദു അധികാരി. നന്ദിഗ്രാം പ്രക്ഷോഭം മമതയ്ക്ക് അധികാരത്തിലേക്കുള്ള വഴിയായപ്പോഴും ഈ അൻപതുകാരൻ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിന്റെ രണ്ടാം നിരയിൽ പോലും എത്തിയില്ല. മന്ത്രിയായെന്നു മാത്രം.
പക്ഷേ, മാസങ്ങൾക്കു മുൻപു മമതയോടു പിണങ്ങിയതോടെ സുവേന്ദു നിഴലിൽനിന്നു വെളിച്ചത്തിലേക്കു വന്നു. ബിജെപി സുവേന്ദുവിനെ തോളിലേറ്റിയാണു സ്വീകരിച്ചത്. ഇപ്പോൾ, സംസ്ഥാനമൊട്ടാകെ പര്യടനം നടത്താനുള്ള ബിജെപിയുടെ താരപ്രചാരകരിൽ ഒരാളാണ് സുവേന്ദു. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഒപ്പം മുന്തിയ പ്രചാരകരുടെ പട്ടികയിലാണു സ്ഥാനം.
നന്ദിഗ്രാമിൽ മമതയോടെ പൊരുതുന്നു എന്നതായിരുന്നു തുടക്കത്തിൽ സുവേന്ദുവിന്റെ താരമൂല്യം. മമതയെ 50,000 വോട്ടിനെങ്കിലും തോൽപിച്ചില്ലെങ്കിൽ രാഷ്ട്രീയം വിടുമെന്നൊക്കെ പ്രഖ്യാപിച്ചാണു സുവേന്ദു കളത്തിലിറങ്ങിയത്. പക്ഷേ, ഇപ്പോൾ നന്ദിഗ്രാമിൽ മാത്രം വോട്ടു പിടിച്ചാൽ പോരാ എന്നതാണ് അവസ്ഥ. ബംഗാളിൽ എല്ലായിടത്തും അവതരിപ്പിക്കാവുന്ന മൂല്യം സുവേന്ദുവിൽ ബിജെപി കാണുന്നുണ്ട്.
ബിജെപിയുടെ പ്രചാരണത്തിനു തുടക്കമിട്ടു പ്രധാനമന്ത്രി നടത്തിയ റാലിയിൽ മോദിയോടടുത്തു കയ്യടി കിട്ടിയ 2 താരങ്ങൾ സുവേന്ദു അധികാരിയും മിഥുൻ ചക്രവർത്തിയുമാണ്.
നന്ദിഗ്രാമിൽനിന്നു മത്സരിക്കുന്നതിനാൽ അവിടെ ഇടയ്ക്കിടെ സുവേന്ദുവിനു സാന്നിധ്യം അറിയിച്ചേ പറ്റൂ. കൊൽക്കത്തയിലേക്കു തന്നെ 100 കിലോമീറ്ററിലേറെ ദൂരം. അതിന്റെ പേരിലൊന്നും സുവേന്ദുവിനെ വിടാൻ ഒരുക്കമല്ല നേതൃത്വം. നന്ദിഗ്രാമിൽനിന്നു പല ദിക്കുകളിലേക്കു പറക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. നന്ദിഗ്രാമിനടുത്ത് തെംഗുവയിൽ വയൽ നികത്തി സ്വകാര്യ ഹെലിപാഡ് തന്നെ നിർമിച്ചു. മമത ബാനർജി ഉപയോഗിക്കുന്ന നന്ദിഗ്രാം കോളജ് ഗ്രൗണ്ടിലെ ഹെലിപാഡ് കിട്ടാൻ സാങ്കേതിക പ്രശ്നമുണ്ടായാലോ എന്നു കരുതിയാണ് സ്വന്തം ഹെലിപാഡ് നിർമാണം. 4 ഏക്കർ വയലാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്ഥലത്തിന്റെ ഉടമകൾ സുവേന്ദുദായ്ക്കു വേണ്ടി സ്ഥലം സൗജന്യമായി വിട്ടുകൊടുത്തെന്നു ബിജെപി നേതാക്കൾ. ഹെലിപാഡിലേക്ക് പ്രധാന റോഡിൽനിന്നു ചെമ്മൺ പാതയുമുണ്ടാക്കി. അടുത്തയാഴ്ച മുതൽ പ്രചാരണ താരത്തിന്റെ പറക്കലുകൾ അവിടെനിന്നാണ്.
മമതയുടെ എതിർ സ്ഥാനാർഥി എന്നതു മാത്രമല്ല സുവേന്ദുവിനെ ബിജെപി പ്രചാരണത്തിൽ വിലപ്പെട്ട താരമാക്കുന്നത്. നർമത്തിൽ പൊതിഞ്ഞതാണു പ്രസംഗം. ശരിക്കും നാട്ടുകാരോടു വർത്തമാനം പറയുന്ന ശൈലി. ആക്രമണം ഏറെയും മമതയ്ക്കെതിരെയാണ്.
നന്ദിഗ്രാം കവലയിലെ കച്ചവടക്കാർ ഉൾപ്പെടെ പലരോടും വ്യക്തിപരമായ അടുപ്പമുള്ള സുവേന്ദു അണികളെ അകലെ നിർത്തുന്ന ശൈലിക്കാരനല്ല. ജനങ്ങളുടെ അടുപ്പക്കാരനായ നേതാവ് എന്ന പ്രതിഛായ സംസ്ഥാനത്ത് എവിടെയും ഉപയോഗിക്കാമെന്നാണു നേതാക്കളുടെ വിശ്വാസം.
കോൺഗ്രസിൽനിന്നു തൃണമൂലിലെത്തിയ പാരമ്പര്യം കുടുംബത്തിൽ സുവേന്ദുവിന്റെ പിതാവ് ശിശിർ അധികാരിയിൽ തുടങ്ങുന്നു. അദ്ദേഹം തൃണമൂൽ എംപിയും കേന്ദ്ര സഹമന്ത്രിയുമായിരുന്നു. എംഎൽഎയുമായിട്ടുണ്ട്. സുവേന്ദുവും 2 വർഷം എംപിയായി. 2016ൽ സുവേന്ദു നിയമസഭയിലേക്കു പോയപ്പോൾ പകരം സഹോദരൻ ദിബ്യേന്ദു ലോക്സഭയിലേക്കു ജയിച്ചു.
English Summary: Suvendu Adhikari to show his power for BJP in Bengal election