ജീൻസ്, ഭക്ഷ്യക്കിറ്റ്, സന്താനഭാഗ്യം: എല്ലാം വിവാദമാക്കി റാവത്ത്
Mail This Article
ന്യൂഡൽഹി ∙ കോവിഡ് കാലത്തെ സൗജന്യ ഭക്ഷ്യക്കിറ്റിന്റെ പേരിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് വിവാദത്തിൽ. സൗജന്യമായി നൽകിയ അരി പാവപ്പെട്ടവർക്ക് ഒരുകാലത്തും വാങ്ങാൻ പറ്റാത്തത്ര നിലവാരമുള്ളതായിരുന്നുവെന്ന പരാമർശം അവരെ അപമാനിക്കലാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇന്ത്യ 200 കൊല്ലം ഭരിച്ചത് യുഎസ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കോവിഡ് ബാധിതനായി ആശുപത്രിയിലാകുന്നതിനു മണിക്കൂറുകൾക്കു മുൻപാണ് മുഖ്യമന്ത്രി ഈ പരാമർശങ്ങൾ നടത്തിയത്. ഒരാൾക്ക് 5 കിലോ അരി വീതം എല്ലാ കുടുംബങ്ങൾക്കും നൽകിയതിനെക്കുറിച്ച് റാം നഗറിൽ ഒരു ചടങ്ങിൽ പരാമർശിക്കുകയായിരുന്നു അദ്ദേഹം.
‘10 അംഗങ്ങളുള്ള കുടുംബങ്ങൾക്ക് 50 കിലോ അരി കിട്ടി. 20 പേരുള്ളവർക്ക് ഒരു ക്വിന്റൽ കിട്ടി. ജീവിതത്തിൽ ഇന്നുവരെ കാണാത്ത വിധം നിലവാരമുള്ള അരിയാണു കൊടുത്തത്. പലരും അതു വിൽക്കാൻ ആളുകളെ തേടി നടന്നു. സമയം കിട്ടിയപ്പോൾ 20 മക്കളെ ജനിപ്പിച്ചവർക്ക് ഒരു ക്വിന്റൽ കിട്ടി. നിങ്ങൾക്കു സമയമുണ്ടായിട്ടും 2 മക്കൾ മാത്രമായത് ആരുടെ കുറ്റമാണ്? 20 ആക്കിക്കൂടായിരുന്നോ’ എന്നായിരുന്നു ചോദ്യം. കോവിഡ് കാലത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുന്നതിനിടെയാണ് 2 നൂറ്റാണ്ട് ഇന്ത്യയെ അടിമകളാക്കി വച്ച യുഎസ് കഷ്ടപ്പെടുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞത്.