മുഖ്യവിഷയം പൗരത്വ നിയമം: ആശങ്കയിൽ ബിജെപി; പ്രതീക്ഷയോടെ കോൺഗ്രസ്
Mail This Article
ഗുവാഹത്തി ∙ 47 സീറ്റുകളിലായി നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് 2 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ പൗരത്വ നിയമം ബിജെപിയുടെ ആശങ്കയും കോൺഗ്രസിന്റെ പ്രതീക്ഷയുമായി തെളിഞ്ഞുനിൽക്കുന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ വലിയ പ്രക്ഷോഭമാണ് സംസ്ഥാനത്തുണ്ടായത്.
കഴിഞ്ഞ ദിവസം ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിൽ പൗരത്വ നിയമം പരാമർശിക്കുന്നതേയില്ല. എന്നാൽ, സംസ്ഥാനത്ത് 2019 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച ദേശീയ പൗര റജിസ്റ്റർ (എൻആർസി) തിരുത്തുമെന്ന വാഗ്ദാനമുണ്ട്. 19 ലക്ഷം പേരാണ് പട്ടികയിലുൾപ്പെടാത്തതായി സംസ്ഥാനത്തുള്ളത്. പൗരത്വ നിയമം നടപ്പാക്കുമെന്നു പറഞ്ഞ് ബംഗാളിൽ വോട്ടു പിടിക്കുന്ന ബിജെപി, അസമിൽ അതെക്കുറിച്ചു പാലിക്കുന്ന മൗനത്തിൽ പാർട്ടിയുടെ വല്ലായ്മ വ്യക്തമാകുന്നു.
പൗരത്വ നിയമം സംസ്ഥാനത്തു നടപ്പാക്കില്ലെന്നും അതിനായി നിയമമുണ്ടാക്കുമെന്നുമാണ് കോൺഗ്രസിന്റെ വാഗ്ദാനം. എന്നാൽ, നിയമത്തിനെതിരെ സംസ്ഥാനത്തുണ്ടായ പ്രക്ഷോഭത്തിന്റെ നേതൃത്വം കോൺഗ്രസിനല്ലായിരുന്നു എന്നതു തിരിച്ചടിയാകാമെന്ന് പാർട്ടിക്കുതന്നെ വിലയിരുത്തലുണ്ട്.
ഇപ്പോൾ തിരഞ്ഞെടുപ്പുള്ള സംസ്ഥാനങ്ങളിൽ അസമിൽ മാത്രമാണ് ഭരണം നിലനിർത്തുകയെന്ന വെല്ലുവിളി ബിജെപി നേരിടുന്നത്. മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പദവി നിലനിർത്താമെന്നു പ്രതീക്ഷിക്കുമ്പോൾ, നറുക്ക് തനിക്കു വീഴുമെന്ന പ്രതീക്ഷയിലാണ് ധനമന്ത്രി ഹിമന്ത ബിശ്വ ശർമ. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്കു സോനോവാൾ ഒന്നാമത്, കോൺഗ്രസിന്റെ ഗൗരവ് ഗൊഗോയ് രണ്ടാമത് എന്നു പല അഭിപ്രായ സർവേകളിലും പറയുന്നു.
ബദറുദ്ദീൻ അജ്മലിന്റെ എഐയുഡിഎഫ് തങ്ങളുടെ പക്ഷത്തെന്നതു കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് വലിയ പ്രതീക്ഷ നൽകുന്നു. അതിൽ കാര്യമുണ്ടെന്നു കരുതുന്ന ബിജെപി, പ്രചാരണത്തിൽ ഏറ്റവും കൂടുതൽ ആക്രമിക്കുന്നതും അജ്മലിനെയാണ്. സംസ്ഥാനത്ത് 35 ശതമാനമുള്ള മുസ്‌ലിംകൾക്കിടയിൽ നിർണായക സ്വാധീനമാണ് എഐയുഡിഎഫിനുള്ളത്.
2016ൽ ബിജെപിക്കൊപ്പമുണ്ടായിരുന്നതും 12 സീറ്റ് നേടിയതുമായ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് ഇത്തവണ മഹാസഖ്യത്തിനൊപ്പമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിവിധ പാർട്ടികൾക്കു ലഭിച്ച വോട്ട് വച്ചു നോക്കിയാൽ ഇപ്പോൾ മേൽക്കൈ മഹാസഖ്യത്തിനാണ്: 47.49% വോട്ട്; എൻഡിഎക്ക്: 37.65%. അപ്പോഴും, പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിലൂടെ രൂപംകൊണ്ട അസം ജാതീയ പരിഷത്തും റെയ്ജോർ ദളും ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള സാധ്യത നിലനിൽക്കുന്നു.
അസം, ബംഗാൾ: ആദ്യഘട്ട പ്രചാരണം ഇന്നു തീരും
ന്യൂഡൽഹി ∙ അസമിലെയും ബംഗാളിലെയും ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. അസമിൽ 47, ബംഗാളിൽ 30 മണ്ഡലങ്ങളിലാണ് 27ന് ആദ്യഘട്ട തിരഞ്ഞെടുപ്പ്.
അസമിൽ 126 സീറ്റുകളിലേക്കായി 3 ഘട്ടമായാണു തിരഞ്ഞെടുപ്പ്; ബംഗാളിൽ 294 സീറ്റുകളിലേക്ക് 8 ഘട്ടമായും. കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മേയ് 2ന്.
Content Highlights: Assam assembly election