സുശീൽ കുമാറിനെ റെയിൽവേ സസ്പെൻഡ് ചെയ്തു
Mail This Article
ന്യൂഡൽഹി ∙ കൊലപാതകക്കേസിൽ അറസ്റ്റിലായ ഗുസ്തിതാരം ഒളിംപ്യൻ സുശീൽ കുമാറിനെ കൊമേഴ്സ്യൽ മാനേജർ സ്ഥാനത്തുനിന്ന് റെയിൽവേ സസ്പെൻഡ് ചെയ്തു. കേസ് ഡൽഹി ക്രൈംബ്രാഞ്ചിനു കൈമാറി.
സുശീലിനെ ഇന്നലെ മോഡൽ ടൗണിലെ വിവാദ ഫ്ലാറ്റ്, ഛത്രസാൽ സ്റ്റേഡിയം, ഷാലിമാർ ബാഗിലെ സുശീലിന്റെ വസതി എന്നിവിടങ്ങളിൽ തെളിവെടുപ്പിനു കൊണ്ടുപോയി. മരിച്ച ജൂനിയർ ഗുസ്തിതാരം സാഗർ ധൻകഡും എതിർ വിഭാഗവും തമ്മിലുള്ള തർക്കത്തിൽ ഇടനിലക്കാരനായിരുന്നുവെന്നാണു സുശീലിന്റെ വാദം. ഇടയ്ക്കു സാഗറിനെ കയ്യേറ്റം ചെയ്തതായി സുശീൽ സമ്മതിച്ചുവെങ്കിലും അയാളെയും കൂട്ടുകാരെയും സ്റ്റേഡിയത്തിലേക്കു പിടിച്ചു കൊണ്ടുവന്നുവെന്നതു സമ്മതിച്ചില്ല.
പലപ്പോഴും സുശീൽ അസ്വസ്ഥനായാണു പെരുമാറുന്നതെന്നും മൊഴി മാറ്റുന്നതായും പൊലീസ് പറഞ്ഞു. കേസിൽ കുടുക്കിയതാണെന്നും ഫ്ലാറ്റുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനാണു നോക്കിയതെന്നുമാണു ഇയാൾ പറഞ്ഞത്.