ഗാന്ധിയൻ ദൊരൈസ്വാമി ഇനി ഓർമ
Mail This Article
ബെംഗളൂരു ∙സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനും പത്രപ്രവർത്തകനും അഴിമതിവിരുദ്ധ പോരാളിയുമായ എച്ച്.എസ്. ദൊരൈസ്വാമി (103) അന്തരിച്ചു. ഈയിടെ കോവിഡിനെ അതിജീവിച്ചെങ്കിലും ശ്വാസകോശ രോഗത്തെതുടർന്ന് വീണ്ടും ചികിത്സയിലായിരുന്നു. രാംനാഥ് ഗോയങ്ക മാധ്യമപ്രവർത്തന പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ എതിർത്തു കത്തയച്ചതിന് 4 മാസം ജയിൽവാസം അനുഭവിച്ചു. നക്സൽ പ്രവർത്തകരെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ, അന്തരിച്ച മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനൊപ്പം കൈകോർത്ത അദ്ദേഹം അനധികൃത ഖനനം, പൗരത്വ നിയമം എന്നിവയ്ക്കെതിരെയും ശക്തമായ പ്രതിഷേധം ഉയർത്തി. ഡൽഹിയിൽ അണ്ണാ ഹസാരെ നയിച്ച അഴിമതി വിരുദ്ധ സമരത്തിനു പിന്തുണ നൽകി. സർക്കാർ ഭൂമി കയ്യേറ്റക്കാരിൽ നിന്നു തിരിച്ചുപിടിക്കുന്നതിൽ നിർണായക പോരാട്ടം നടത്തി. വനം ഭൂമി കയ്യേറി നടത്തിയ അനധികൃത ഖനനത്തിനെതിരെ രാഷ്ട്രീയ നോക്കാതെ പോരാടിയ അദ്ദേഹം, അഴിമതിക്കെതിരായ സമരങ്ങളിൽ മരണം വരെയും സജീവമായിരുന്നു.
ബ്രിട്ടിഷ് ഭരണത്തെ ശക്തമായി എതിർത്ത ‘പൗരവാണി’ പത്രം അദ്ദേഹത്തിന്റേതാണ്. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ 14 മാസം ജയിലിലായിരുന്നു. ഭൂദാന പ്രസ്ഥാനത്തിലും പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം മൈസൂരുവിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കാൻ നടത്തിയ പ്രക്ഷോഭത്തിൽ പങ്കാളിയായി. ഭാര്യ: പരേതയായ ലളിതമ്മ. രണ്ടു മക്കളുണ്ട്.
English Summary: Freedom fighter H.S. Doraiswamy passes away