കശ്മീർ: സുപ്രധാന യോഗം നാളെ; പങ്കെടുക്കുമെന്ന് ഗുപ്കർ സഖ്യം
Mail This Article
ശ്രീനഗർ ∙ കശ്മീരിന്റെ രാഷ്ട്രീയ ഭാവി ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച നാളത്തെ യോഗത്തിൽ പങ്കെടുക്കാൻ ഗുപ്കർ സഖ്യം (പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ – പിഎജിഡി) തീരുമാനിച്ചു. സഖ്യത്തിന്റെ അധ്യക്ഷനും നാഷനൽ കോൺഫറൻസ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുല്ലയുടെ വസതിയിൽ ചേർന്ന യോഗത്തിൽ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു. ന്യൂഡൽഹിയിൽ നാളെ നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രിക്കു പുറമേ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവർ പങ്കെടുക്കും.
കശ്മീരിലെ 14 പ്രമുഖ നേതാക്കളെയാണ് ചർച്ചയ്ക്ക് വിളിച്ചിട്ടുള്ളത്. കശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ച് വീണ്ടും സംസ്ഥാനമാക്കി മാറ്റണമെന്ന് ഗുപ്കർ സഖ്യം ആവശ്യപ്പെടുന്നു. 2019 ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ് 3 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചത്. അതിനുശേഷം നിശ്ചലമായ രാഷ്ട്രീയ പ്രക്രിയ പുനരാരംഭിക്കുന്നതിനുള്ള ആദ്യ ശ്രമമാണിത്. പ്രത്യേക അജൻഡ നിശ്ചയിച്ചിട്ടില്ലാത്ത യോഗത്തിൽ കശ്മീരിലെ നേതാക്കൾക്ക് അവരുടെ അഭിപ്രായം അറിയിക്കാൻ അവസരം ലഭിക്കും.
English Summary: Gupkar alliance leaders agree to attend PM Modi’s all-party meeting