ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് രാജിവച്ചു
Mail This Article
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവച്ചു. ത്രിവേന്ദ്ര സിങ് റാവത്തിനെ നീക്കി എംപിയായിരുന്ന തീരഥ് സിങ് കഴിഞ്ഞ മാർച്ച് പത്തിനാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ഡൽഹിയിൽ ബിജെപി ദേശീയ നേതൃത്വവുമായുള്ള ചർച്ചകൾക്കു ശേഷം മടങ്ങിയെത്തി രാത്രി വൈകിയാണു ഗവർണർ ബേബി റാണി മൗര്യയ്ക്കു രാജി സമർപ്പിച്ചത്. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ബിജെപി എംഎൽഎമാരുടെ യോഗം ഇന്നു മൂന്നിനു ചേരും. അടുത്തവർഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു നേതൃമാറ്റം.
ബിജെപി ദേശീയ പ്രസിഡന്റ് ജെ. പി. നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണു തീരഥ് സിങ്ങിന്റെ രാജിതീരുമാനം.
മന്ത്രിമാരും നേരത്തേ മുഖ്യമന്ത്രി സ്ഥാനത്തേക്കു താൽപര്യം പ്രകടിപ്പിച്ചവരുമായ സത്പാൽ മഹാരാജ്, ധനസിങ് റാവത്ത് എന്നിവരെക്കൂടി ബിജെപി ദേശീയ നേതൃത്വം ഡൽഹിയിലേക്കു വിളിച്ചു വരുത്തിയിരുന്നു.
മുഖ്യമന്ത്രിയായി തുടരാൻ സെപ്റ്റംബർ 10നകം തീരഥ് സിങ് നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടണമെങ്കിലും ഇതുവരെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറാകാതിരുന്നതാണു പ്രതിസന്ധിക്കിടയാക്കിയത്.
English Summary: Tirath Singh Rawat resigns as Uttarakhand chief minister