റഫാൽ ഓഫ്സെറ്റ് കരാർ 2015 മാർച്ച് 26ന്; അനിൽ അംബാനിയുടെ കമ്പനിയുണ്ടായത് 28ന്
Mail This Article
ന്യൂഡൽഹി ∙ റഫാൽ യുദ്ധവിമാന ഇടപാടിൽ നിന്ന് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിനെ (എച്ച്എഎൽ) ഒഴിവാക്കി, പകരം അനിൽ അംബാനിയുടെ റിലയൻസ് കമ്പനിയെ ഉൾപ്പെടുത്തിയതിനു പിന്നിൽ വൻ ക്രമക്കേട് നടന്നുവെന്ന ആരോപണം ശക്തമാകുന്നു.
റഫാൽ നിർമാതാക്കളായ ഡാസോ ഏവിയേഷനും അനിൽ അംബാനിയുടെ റിലയൻസ് കമ്പനിയും ഓഫ്സെറ്റ് കരാർ സംബന്ധിച്ച ആദ്യ ധാരണാപത്രം ഒപ്പിടുന്ന വേളയിൽ, അംബാനിയുടെ കമ്പനി നിലവിലുണ്ടായിരുന്നില്ലെന്ന വെളിപ്പെടുത്തലും പുറത്തുവന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി പാരിസിൽ വച്ച് ഇടപാട് സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് 15 ദിവസം മുൻപ്, 2015 മാർച്ച് 26നാണ് ഇരു കമ്പനികളും ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന്റെ പക്കലുള്ള രേഖ പ്രകാരം അംബാനിയുടെ റിലയൻസ് ഡിഫൻസ് ലിമിറ്റഡ് രൂപം കൊണ്ടത് അതേ വർഷം മാർച്ച് 28നും.30,000 കോടി രൂപയുടെ ഓഫ്സെറ്റ് കരാർ (ഇടപാടിന്റെ ഭാഗമായി വിദേശ കമ്പനി ഇന്ത്യയിൽ നടപ്പാക്കുന്ന അനുബന്ധ കരാർ) ആണു റിലയൻസ് സ്വന്തമാക്കിയത്. ഇന്ത്യൻ പ്രതിരോധ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഫ്സെറ്റ് കരാറായിരുന്നു ഇത്.
36 വിമാനങ്ങൾക്കുള്ള ആകെ കരാർ തുകയുടെ (59,000 കോടി രൂപ) ഏകദേശ പകുതി എന്ന കണക്കിലാണു ഓഫ്സെറ്റ് കരാർ തുക നിശ്ചയിച്ചത്.റിലയൻസുമായി ധാരണാപത്രം ഒപ്പിടുന്നതിന്റെ തലേന്നു പോലും എച്ച്എഎല്ലുമായി ഡാസോ ചർച്ച നടത്തിയിരുന്നു. 2015 മാർച്ച് 25ന് ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ ഡാസോ സിഇഒ: എറിക് ട്രപ്പിയർ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
എച്ച്എഎല്ലും ഡാസോയും തമ്മിലുള്ള കരാറിന് അന്തിമരൂപമായെന്നും ഉടൻ ഒപ്പിടുമെന്നും അന്നത്തെ വ്യോമസേനാ മേധാവി, എച്ച്എഎൽ ചെയർമാൻ എന്നിവരുടെ സാന്നിധ്യത്തിൽ ട്രപ്പിയർ വ്യക്തമാക്കി. അതിന്റെ പിറ്റേന്നാണ് അതേ കരാർ റിലയൻസുമായി ഡാസോ ഒപ്പിട്ടുവെന്ന വിവരം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
English Summary: More wrongdoings out in Rafale deal