ADVERTISEMENT

ന്യൂഡൽഹി ∙ ഇംഗ്ലിഷ് വാരികയായ ‘ദ് വീക്ക്’ പുറത്തിറക്കിയ ‘സേവിങ് ദ് വേൾഡ് ഫ്രം ഹിറ്റ്ലർ: ഇന്ത്യാസ് ബാറ്റിൽസ് ഇൻ ദ് സെക്കൻഡ് വേൾഡ് വാർ’ എന്ന പുസ്തകം കരസേനാ മേധാവി ജനറൽ എം.എം. നരവനെയ്ക്കു സമ്മാനിച്ചു. പുസ്തക രചയിതാവും ദ് വീക്ക് സീനിയർ കോഓർഡിനേറ്റിങ് എഡിറ്ററുമായ ആർ. പ്രസന്നനാണു പുസ്തകം കൈമാറിയത്.

രണ്ടാം ലോകയുദ്ധത്തിൽ വടക്കേ ആഫ്രിക്കയിൽ ഇറ്റലിയുടെയും ജർമനിയുടെയും സേനകൾക്കെതിരെ പോരാടിയ തന്റെ അമ്മാവൻ ലഫ്റ്റനന്റ് അനന്ത് എസ്. നരവനെയെക്കുറിച്ചുള്ള ഓർമകൾ ജനറൽ നരവനെ പങ്കുവച്ചു. ‘ആർട്ടിലറി റജിമെന്റിൽ ചേർന്ന ആദ്യ ഇന്ത്യക്കാരിൽ ഒരാളായ അനന്ത്, ബീർ ഹക്കീമിലെ പോരാട്ടത്തിൽ പിടിയിലായി.

പിന്നീട് ഇന്ത്യയുടെ കരസേനാ മേധാവിയായി സേവനമനുഷ്ഠിച്ച ജനറൽ പി.പി. കുമാരമംഗലം, പാക്കിസ്ഥാൻ സേനാ മേധാവികളായി ഉയർന്ന ജനറൽ യഹ്യ ഖാൻ, ജനറൽ ടിക്ക ഖാൻ എന്നിവരായിരുന്നു പിജി 63 എന്ന പേരിലുള്ള ക്യാംപിൽ അനന്തിന്റെ സഹതടവുകാർ. ക്യാംപിൽനിന്നു രക്ഷപ്പെട്ട അനന്ത് 6 മാസത്തിനു ശേഷം വീണ്ടും പിടിയിലായി.

3 വർഷം ജർമനിയുടെ തടവിൽ ക്രൂരപീഡനങ്ങൾക്കിരയായി. യുദ്ധത്തിനു ശേഷം ഇന്ത്യയിലേക്കു തിരിച്ചെത്തിയ അദ്ദേഹം കരസേനയിൽ മേജർ ജനറൽ റാങ്കിലേക്കുയർന്നു’ – നരവനെ പറഞ്ഞു.

ഇന്ത്യയുടെ പോരാട്ടകഥകൾ പുതുതലമുറയ്ക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയുംവിധം പറയേണ്ടത് അനിവാര്യമാണെന്നും നരവനെ പറഞ്ഞു. ദ് വീക്കിനു വേണ്ടി മനോരമ ബുക്സ് ആണു പുസ്തകം പുറത്തിറക്കിയത്.

English Summary: The week book - Saving the world from Hitler; India's battles in the second world war

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com