ഹുറിയത് കോൺഫറൻസിനെ നിരോധിക്കാൻ കേന്ദ്ര നീക്കം
Mail This Article
ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനകളുടെ ഏകോപനസമിതിയായ ഹുറിയത് കോൺഫറൻസിനെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) നിരോധിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. യുഎപിഎ നിയമത്തിലെ മൂന്നാം ചട്ടത്തിലെ ഒന്നാം ഉപവകുപ്പ് ആണ് ഹുറിയത്തിനെതിരെ ചുമത്താൻ ആലോചിക്കുന്നത്. ഹുറിയത് കൂട്ടായ്മയിലെ ചില സംഘടനകൾ ഭീകര പ്രവർത്തനങ്ങൾക്കു പണം നൽകിയതു സംബന്ധിച്ച് അന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചിട്ടുണ്ട്.
കശ്മീരിൽ നിന്നുള്ള വിദ്യാർഥികൾക്കു പാക്കിസ്ഥാനിലെ മെഡിക്കൽ കോളജുകളിൽ എംബിബിഎസിനു പ്രവേശനം നൽകിയിരുന്നു. സീറ്റ് കിട്ടാൻ വിദ്യാർഥികളിൽ നിന്നു പണം വാങ്ങിയ ഹുറിയത് നേതാക്കൾ, അത് ഭീകര സംഘടനകൾക്കു കൈമാറിയെന്നാണു വിവരം.
മിർവായിസ് ഉമർ ഫാറൂഖ്, അബ്ദുൽ ഗനി ലോൺ എന്നിവരുടെ നേതൃത്വത്തിലുള്ള മിതവാദികളും സയ്യിദ് അലി ഷാ ഗീലാനി, മസ്‍റത് ആലം എന്നിവർ നയിക്കുന്ന തീവ്ര നിലപാടുകാരുമുൾപ്പെട്ട 2 വിഭാഗങ്ങളുമാണു ഹുറിയത്തിലുള്ളത്. കഴിഞ്ഞ 2 വർഷമായി മിർവായിസ് വീട്ടുതടങ്കലിലാണ്. ഹുറിയത്തിൽ നിന്ന് ഒഴിയുകയാണെന്ന് കഴിഞ്ഞ വർഷം ഗീലാനി പ്രഖ്യാപിച്ചിരുന്നു. മസ്റത് ആലം, ഷബീർ അഹമ്മദ് ഷാ, നയീം ഖാൻ ഉൾപ്പെടെയുള്ള നേതാക്കൾ ജയിലിലാണ്.
1993 ജൂലൈ 31നു രൂപമെടുത്ത ഹുറിയത് കോൺഫറൻസ് 2005 ലാണു രണ്ടായി പിരിഞ്ഞത്. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെയാണ് ഹുറിയത്തിനെതിരെ കേന്ദ്രം നിലപാട് കടുപ്പിച്ചത്.
English Summary: Centre may ban Hurriyat Conference