ADVERTISEMENT

ചണ്ഡിഗഡ് ∙ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചണ്ഡിഗഡ് കോർപറേഷൻ മേയർ സ്ഥാനം ബിജെപിക്ക് ലഭിച്ചു. ബിജെപി സ്ഥാനാർഥി സരബ്​ജിത് കൗർ 14 വോട്ടും ആംആദ്മി പാർട്ടിയുടെ അഞ്ജു കട്ട്യാൽ 13 വോട്ടും നേടി. ആദ്യഘട്ടത്തിൽ ഇരുപാർട്ടികളും 14 വോട്ടുവീതം നേടിയെങ്കിലും ആംആദ്മി അംഗത്തിന്റെ വോട്ട് അസാധുവായി പ്രഖ്യാപിച്ചതോടെയാണ് ബിജെപി വിജയിച്ചത്. വോട്ട് അസാധുവായി പ്രഖ്യാപിച്ചതിനെതിരെ ആംആദ്മി കുത്തിയിരിപ്പ് സമരം നടത്തി. 

36 അംഗ കോർപറേഷനിൽ 28 കൗൺസിലർമാരാണ് വോട്ടു ചെയ്തത്. കോൺഗ്രസിന്റെ 7 പേരും അകാലിദളിന്റെ ഒരാളും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. തിരഞ്ഞെടുപ്പിൽ ആംആദ്മി 14, ബിജെപി 12, കോൺഗ്രസ് 8, അകാലിദൾ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് അംഗം ഹർപ്രീത് കൗർ ബബ്​ല ബിജെപിയിൽ ചേർന്നു. ഇതിനു പുറമേ അനൗദ്യോഗിക അംഗമായ ചണ്ഡിഗഡ് എംപിക്കും വോട്ടുണ്ട്. ബിജെപിയുടെ കിരൺ ഖേർ ആണ് ചണ്ഡിഗഡ് എംപി. പഞ്ചാബിൽ മുഖ്യ എതിരാളി ആംആദ്മി പാർട്ടി ആയതിനാലാണ് മേയർ തിരഞ്ഞെടുപ്പിൽ അവർക്ക് പിന്തുണ നൽകേണ്ടതില്ലെന്നു തീരുമാനിച്ച് കോൺഗ്രസ് വിട്ടുനിന്നത്. 

കോർപറേഷനിലെ മുൻ പ്രതിപക്ഷ നേതാവായിരുന്ന കോൺഗ്രസ് നേതാവ് ദേവീന്ദർ സിങ് ബബ്‌ലയുടെ ഭാര്യയാണ് ബിജെപിയിൽ ചേർന്ന ഹർപ്രീത് കൗർ ബബ്​ല. കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് ചണ്ഡിഗഡിലെ പാർട്ടി അധ്യക്ഷൻ സുഭാഷ് ചാവ്‌ലയും ഉപാധ്യക്ഷൻ ദേവീന്ദർ സിങ് ബബ്‍ലയും ഗാലറിയിലിരുന്ന് പരസ്യമായി വഴക്കടിച്ചിരുന്നു. അടുത്ത ദിവസം ബബ്‌ലയെ കോൺഗ്രസ് പുറത്താക്കി. തുടർന്ന് ബബ്‌ലയും ഭാര്യയും ബിജെപിയിൽ ചേരുകയും ചെയ്തു. 

English Summary: BJP's Sarabjit Kaur becomes Chandigarh mayor, defeats AAP rival by just 1 vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com