ADVERTISEMENT

മുംബൈ ∙ ഗോവയിൽ മുൻമുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ ബിജെപി പട്ടികയിലില്ല. ഉത്പലിനെ ആം ആദ്മി സ്ഥാനാർഥിയായി മത്സരിക്കാൻ അരവിന്ദ്‌ കേജ‌്‍രിവാൾ ക്ഷണിച്ചു. ഉത്പൽ ഇന്നു നയം വ്യക്തമാക്കും. 

ഗോവയിലെ 34 സീറ്റുകളിലേക്കുള്ള പട്ടികയാണു പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് സാൻക്വിലിമിലും ഉപമുഖ്യമന്ത്രി മനോഹർ അജ്ഗാവ്ങ്കർ മഡ്ഗാവിലും മത്സരിക്കും. മന്ത്രിമാരിൽ 2 പേർ ഒഴികെയുള്ളവർ ആദ്യ പട്ടികയിലുണ്ട്. 

ഉത്പൽ പരീക്കർ താൽപര്യം പ്രകടിപ്പിച്ചിരുന്ന പനജി സീറ്റിൽ സിറ്റിങ് എംഎൽഎയും കോൺഗ്രസ് വിട്ടുവന്നയാളുമായ അതനാസിയോ ബാബുഷ് മൊൺസെരാറ്റെ തന്നെ മത്സരിക്കും. തൊട്ടടുത്ത തലെയ്ഗാവ് സീറ്റ് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും നൽകി. 

ഉറച്ച സീറ്റായ ബിചോലിം ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും 25 വർഷം പിതാവു ജയിച്ച പനജി മതിയെന്നാണ് ഉത്പലിന്റെ നിലപാട്. കേന്ദ്രനേതാക്കളായ ജെ.പി.നഡ്ഡയും അമിത്ഷായും ദേവേന്ദ്ര ഫഡ്നാവിസും ഉത്പലിനോടു സംസാരിച്ചതായി അറിയുന്നു. 

ഇതിനിടെ, ബിജെപി എംഎൽഎ വിൽഫ്രെഡ് ഡി സാ പാർട്ടി വിട്ടു. സ്വതന്ത്രനായി മത്സരിക്കും. ഒന്നര മാസത്തിനുള്ളിൽ ബിജെപി വിടുന്ന ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള നാലാമത്തെ എംഎൽഎയാണ് ഇദ്ദേഹം. 2019ൽ കോൺഗ്രസ് വിട്ടു ബിജെപിയിലേക്കു ചേക്കേറിയ 10 എംഎൽഎമാരിൽ ഉൾപ്പെടുന്നയാളാണ്. 

അങ്ങോട്ടും ഇങ്ങോട്ടും കറക്കം; ഒടുവിൽ സ്വതന്ത്രൻ

ഗോവയിൽ കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ ഇടം പിടിച്ച ശേഷം തൃണമൂൽ കോൺഗ്രസിൽ ചേരുകയും പിന്നീടു തൃണമൂലിൽനിന്നു രാജിവയ്ക്കുകയും ചെയ്ത അലക്സിയോ റെജിനാൾഡോ ലോറെൻസിയോ സ്വതന്ത്രനായി മത്സരിക്കും. കോൺഗ്രസ് വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് തൃണമൂലിൽ നിന്നു തിരിച്ചുവന്നതെങ്കിലും പരിഗണിച്ചില്ല. കോൺഗ്രസ് സീറ്റ് നിഷേധിച്ച നേതാവ് ബെഞ്ചമിൻ സിൽവ തൃണമൂലിൽ ചേർന്നു. വെളിം മണ്ഡലത്തിൽ മത്സരിക്കും.

English Summary: Son Of Ex Chief Minister Manohar Parrikar Is Not A BJP Candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com