ADVERTISEMENT

ന്യൂഡൽഹി ∙ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന 5ജി വരുന്ന സാമ്പത്തിക വർഷം തന്നെ രാജ്യത്തെത്തുമെന്നു കേന്ദ്ര ബജറ്റ്. ഇക്കൊല്ലം തന്നെ സ്പെക്ട്രം ലേലം നടക്കുമെന്നും മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 5ജി ട്രയലുകൾ നിലവിൽ നടക്കുന്ന 13 നഗരങ്ങളിലായിരിക്കും 2022ൽ 5ജി സേവനം ആദ്യമെത്തുകയെന്ന് ടെലികോം വകുപ്പ് മുൻപ് വ്യക്തമാക്കിയിരുന്നു.

ഗുരുഗ്രാം, ബെംഗളൂരു, കൊൽക്കത്ത, മുംബൈ, ചണ്ഡിഗഡ്, ഡൽഹി, ജാംനഗർ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലക്നൗ, പുണെ, ഗാന്ധിനഗർ എന്നിവയാണ് നഗരങ്ങൾ. ആദ്യ റൗണ്ടിൽ കേരളമുണ്ടാകില്ല. ഏപ്രിൽ–മേയ് മാസങ്ങളിൽ സ്പെക്ട്രം ലേലം നടന്നേക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ.

ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) ലേലം സംബന്ധിച്ചു വിവിധ കൂടിയാലോചനകൾ നടത്തുകയാണ്. ട്രായ് ഫെബ്രുവരി–മാർച്ച് കാലയളവിൽ ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും. ഇതിനു ശേഷമാകും ലേലം.

ടെലികോം കമ്പനികൾക്ക് 5ജി ട്രയൽ നടത്താനുള്ള സമയം 6 മാസം കൂടി നീട്ടിക്കൊടുത്തിരുന്നു. ലേലത്തിനു മുന്നോടിയായി ആഭ്യന്തര മന്ത്രാലയം, വ്യോമയാന മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ഐ എസ്ആർഒ എന്നിവയിലെ പ്രതിനിധികളുമായി ടെലികോം വകുപ്പ് ചർച്ച നടത്തും. ഈ മന്ത്രാലയങ്ങൾ ഉപയോഗിക്കുന്ന ബാൻഡുകളുടെ വിവരവും ശേഖരിക്കും.

ഉൽപാദന ബന്ധിത ആനുകൂല്യ പദ്ധതി വരും

5ജിയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ വികസിപ്പിക്കാനായി ഉൽപാദന ബന്ധിത ആനുകൂല്യ പദ്ധതിയും (പിഎൽഐ) ബജറ്റ് പ്രഖ്യാപിച്ചു. ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് എത്തിക്കാനും പണം പ്രത്യേകമായി കണ്ടെത്തും. രാജ്യമെങ്ങും ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിക്കുന്ന ഭാരത് നെറ്റ് പദ്ധതി 2025ൽ പൂർത്തിയാകും.

ഡിജിറ്റൽ ബാങ്കിങ് പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യമെങ്ങും 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ സ്ഥാപിക്കും. ഡിജിറ്റൽ പേയ്മെന്റുകൾക്ക് സർക്കാർ മുൻപ് പ്രഖ്യാപിച്ച ആനുകൂല്യം ഇത്തവണയും തുടരും.

Content Highlight: Union Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com