ADVERTISEMENT

ഇന്ത്യൻ ട്രെയിനുകൾക്ക് ആധുനിക മുഖം നൽകുകയെന്ന ലക്ഷ്യത്തോടെയാണു 400 വന്ദേഭാരത് ട്രെയിനുകൾ 3 വർഷത്തിനുള്ളിൽ പുറത്തിറക്കുമെന്ന ബജറ്റ് പ്രഖ്യാപനം. റെയിൽവേ, ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) തദ്ദേശീയമായി രൂപകൽപന ചെയ്ത മികച്ച സൗകര്യങ്ങളോടു കൂടിയ ആധുനിക ഇഎംയു (ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിൻ സെറ്റാണു വന്ദേഭാരത്. മെമു ട്രെയിൻ മാതൃകയിൽ രണ്ടറ്റത്തും ഡ്രൈവർ കാബിനുകളുള്ള ട്രെയിനിൽ എസി ചെയർകാർ കോച്ചുകളാണുള്ളത്.

നിലവിൽ 2 വന്ദേഭാരത് ട്രെയിനുകളാണു രാജ്യത്തുള്ളത്. ഡൽഹി–കത്ര, ഡൽഹി– വാരാണസി റൂട്ടുകളിലാണ് ഇവ സർവീസ് നടത്തുന്നത്. 2023 ഓഗസ്റ്റ് 15നു മുൻപായി 75 വന്ദേഭാരത് ട്രെയിനുകൾ ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനത്തെത്തുടർന്ന് ഐസിഎഫിനു പുറമേ റായ് ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറി (എംസിഎഫ്) കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറി (ആർസിഎഫ്) എന്നിവിടങ്ങളിലും ട്രെയിനുകൾ നിർമിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

180 കിലോമീറ്റർ വേഗം പരീക്ഷണ ഓട്ടങ്ങളിൽ വന്ദേഭാരത് കൈവരിച്ചിട്ടുണ്ടെങ്കിലും 160 കിലോമീറ്റർ വേഗത്തിൽ ഓടിക്കാനാണു സാങ്കേതിക അനുമതി. ട്രാക്ക് പരിമിതി മൂലം 130 കിലോമീറ്ററായി വേഗം നിജപ്പെടുത്തിയാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. രേഖപ്പെടുത്തിയിരിക്കുന്ന കൂടിയ ശരാശരിവേഗം മണിക്കൂറിൽ 94 കിലോമീറ്ററാണ്. എന്നാൽ കേരളത്തിൽ ഇത്രയും വേഗം സാധ്യമല്ലെങ്കിലും വേഗം കുറച്ചു സർവീസ് നടത്താൻ തടസ്സമില്ലെന്ന് അധികൃതർ പറയുന്നു.

3 വർഷം കൊണ്ടു 400 ട്രെയിനുകൾ നിർമിക്കുക എന്നതു ശ്രമകരമായ ദൗത്യമാണെങ്കിലും അതിൽ പകുതി ട്രെയിനുകൾ പുറത്തിറക്കാൻ കഴിഞ്ഞാൽ തന്നെ അതു വലിയ നേട്ടമാകും. ശതാബ്ദി, തേജസ്സ് തുടങ്ങിയ പ്രീമിയം ട്രെയിനുകളാകും ആദ്യഘട്ടത്തിൽ വന്ദേഭാരത് ട്രെയിനുകളുപയോഗിച്ച് ഓടിക്കുക. ചെയർകാർ കോച്ചുകൾക്കു പുറമേ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും റെയിൽവേ പരിഗണിക്കുന്നുണ്ട്. സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കുന്ന ഘട്ടത്തിൽ രാജധാനി, ഹംസഫർ, തുരന്തോ എന്നിവയും വന്ദേഭാരത് സർവീസുകളാക്കി മാറ്റാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിൽ നിന്നുള്ള ട്രെയിനുകളിൽ തിരുവനന്തപുരം–നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിനായിരിക്കും പ്രഥമ പരിഗണന.

Content Highlight: Union Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com