ADVERTISEMENT

ന്യൂഡൽഹി ∙ ആഗോള നിക്ഷേപ പ്രതിസന്ധിയും മഹാമാരിയും മൂലം സാമ്പത്തിക മേഖല നേരിടുന്ന നിശ്ചലാവസ്ഥയും പൊതു ധനസ്ഥിതിയിലെ ഞെരുക്കവും വെളിപ്പെടുത്തുന്നതാണു നിർമല സീതാരാമന്റെ നാലാമത്തെ ബജറ്റ്. ഇതൊരു പ്രായോഗിക ബജറ്റ് ആണ്. കാരണം  ഈ സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കൽ അടക്കം സർക്കാർ ലക്ഷ്യമിട്ടതൊന്നും നേടിയില്ല. അതേസമയം, സർക്കാർ ചെലവുകൾ വല്ലാതെ വർധിക്കുകയും ചെയ്തു. നാണ്യപ്പെരുപ്പ നിരക്ക് അപകടകരമായ നിലയിലേക്ക് അടുക്കുന്നു. കഴിഞ്ഞ വർഷം ഇന്ധന, ഭക്ഷ്യവസ്തു വിലയും കുതിച്ചുയർന്നു.

വിറ്റഴിക്കൽ കടമ്പകൾ

2021–22 സാമ്പത്തികവർഷം തീരാൻ 2 മാസം കൂടിയുണ്ടെങ്കിലും ഭാരത് പെട്രോളിയം, 2 പൊതുമേഖല ബാങ്കുകൾ, ഒരു ജനറൽ ഇൻഷുറൻസ് കമ്പനി എന്നിവയുടെ വിറ്റഴിക്കലിനു കടമ്പകൾ ശേഷിക്കുന്നു. എൽഐസിയുടെ ഓഹരിവിൽപനയാണു മറ്റൊരു ദൗത്യം. കോവിഡ് രണ്ടാം തരംഗത്തോടെ പാവങ്ങൾക്കുള്ള സൗജന്യ റേഷൻ നീട്ടേണ്ടിവന്നതും കർഷകസമരം ശക്തമായതോടെ അരി, ഗോതമ്പ് സംഭരണം ഉയർത്തിയതും കേന്ദ്ര ബജറ്റിൽ വലിയ സമ്മർദമുണ്ടാക്കി. ഇതിനിടെ സായുധസേനയ്ക്കായി ചെലവേറിയ റഫാൽ പോർവിമാനങ്ങളും എസ്400 മിസൈൽ സംവിധാനവും ഓട്ടമാറ്റിക് റൈഫിളുകളും വാങ്ങുകയും ചെയ്തു. 

ബജറ്റിലെ രാഷ്ട്രീയ കൗശലം

താളം തെറ്റാതിരിക്കാനായി സന്തുലിതമായ നടപടികളാണു നിർമല സീതാരാമൻ സ്വീകരിക്കുന്നത്. ഉയർന്ന പൊതുനിക്ഷേപ വാഗ്ദാനങ്ങൾ യാഥാർഥ്യമാകൽ അടുത്ത സാമ്പത്തിക വർഷം കടന്നും നീണ്ടേക്കാം. ഇതിനിടെ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ വൻതോതിൽ കടം വാങ്ങേണ്ട അവസ്ഥയും ഉണ്ടാകും. 2025ൽ ധനക്കമ്മി 4.5 ശതമാനത്തിനു താഴേക്കു കൊണ്ടുവരികയാണു ലക്ഷ്യം.

എന്നാൽ 2024ൽ രാജ്യം അടുത്ത പൊതുതിരഞ്ഞെടുപ്പിലേക്കു നീങ്ങും. അതിനാൽ 2023 ലെ ബജറ്റിൽ കേന്ദ്രസർക്കാരിനു ജനപ്രിയ പദ്ധതികൾക്കായി കയ്യയച്ചു ചെലവഴിക്കാതെ നിവൃത്തിയില്ല. ഇതാണ് ഇപ്പോൾ 5 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു നടക്കുന്നുവെങ്കിലും ജനപ്രിയ നികുതി ഇളവുകളോ സബ്സിഡി വർധനകളോ പ്രഖ്യാപിക്കാതെ ബജറ്റിൽ രാഷ്ട്രീയകൗശലം കാട്ടിയത്.

അടുത്ത ബജറ്റിനു മുൻപേ ഗുജറാത്തിലും ഹിമാചൽപ്രദേശിലും മാത്രമേ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനുള്ളൂ. 2023ൽ ബിജെപിക്കു സുപ്രധാനമായ കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കും. ഇടത്തരക്കാർക്കും പാവങ്ങൾക്കും വേണ്ടി ബജറ്റിൽ ഒന്നുമില്ലെന്ന വിമർശനം ശക്തമാണെങ്കിലും ഈ വർഷം ആനുകൂല്യങ്ങൾ വാരിച്ചൊരിയേണ്ട രാഷ്ട്രീയ ആവശ്യമില്ലെന്നാണു ഭരണപക്ഷ നിലപാട്.

യുഎസിലെ മാറ്റങ്ങൾ

ഒരു വലിയ ഇടവേളയ്ക്കുശേഷം യുഎസിൽ പലിശനിരക്ക് ഉയർത്താനുള്ള അമേരിക്കൻ ഫെഡറൽ റിസർവ് തീരുമാനം ഓഹരിവിപണിയിൽ നേരിയ ഇളക്കമുണ്ടാക്കി. പലിശ ഉയർന്നാൽ നേരിട്ടുള്ള വ്യവസായ നിക്ഷേപങ്ങളിലും സ്വകാര്യ ഓഹരിനിക്ഷേപങ്ങളിലും കാര്യമായ ഇടിവ് ഉണ്ടാകുമെന്ന് ധനമന്ത്രാലയത്തിനും റിസർവ് ബാങ്കിനും ആശങ്കയുണ്ട്. മറ്റൊരു കാര്യം ചൈനയിലേക്കു പോകാതെ അമേരിക്കയിൽ നിക്ഷേപം നടത്താൻ വൻകിട കമ്പനികൾക്കുമേൽ യുഎസ് സർക്കാരിന്റെ ശക്തമായ സമ്മർദമാണ്. യുഎസ് ഭീമന്മാരായ ബോയിങ്, ജനറൽ മോട്ടോഴ്സ് എന്നിവ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അവിടെ വൻകിട പദ്ധതികൾ പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ ചൈന ഉപേക്ഷിക്കുന്നവരും ഇന്ത്യയിലേക്കു നീങ്ങാതെ യുഎസിൽ നിക്ഷേപിക്കാനാണു കൂടുതൽ സാധ്യത. 

തൊഴിലില്ലായ്മ നേരിടാൻ മൂന്നിന നയം

വർധിക്കുന്ന തൊഴിലില്ലായ്മ പരിഹരിക്കാൻ സർക്കാർ ഇടപെടുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. ഈ സാഹചര്യത്തിൽ തൊഴിൽലഭ്യത ഉയർത്താൻ 3 നയസമീപനങ്ങളുമായാണു ബജറ്റ് മുന്നോട്ടു പോകുന്നത്.  ആദ്യത്തേത് ഹൈവേ, തുറമുഖം, വിമാനത്താവളം, ജലസേചനം തുടങ്ങിയ മേഖലകളിലെ അടിസ്ഥാനസൗകര്യ വികസനത്തിനു നിക്ഷേപം ഉയർത്തുക എന്നതാണ്.  അടിസ്ഥാനസൗകര്യങ്ങൾ വർധിക്കുന്നതോടെ കൂടുതൽ തൊഴിലവസരങ്ങളും ഉണ്ടാകുമെന്ന് മോദി സർക്കാർ വിശ്വസിക്കുന്നു. കേൻ ബേത്‌വ നദീസംയോജന പദ്ധതിയിൽ ഈ വർഷം കേന്ദ്രസർക്കാർ വൻനിക്ഷേപമാണു നടത്തിയത്. ദക്ഷിണേന്ത്യയിൽ തമിഴ്നാട് വരെ നീളുന്ന 5 നദീസംയോജന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. 

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ധനമന്ത്രിയുടെ രണ്ടാം സമീപനം, ഇറക്കുമതി തീരുവ വർധിപ്പിക്കുന്നതിലൂടെ മെയ്ക് ഇൻ ഇന്ത്യ, ആത്മനിർഭർ പദ്ധതികൾക്കു കീഴിലുള്ള ആഭ്യന്തര ഉൽപാദന സംരംഭങ്ങൾക്കു പ്രോത്സാഹനം നൽകുന്നതാണ്. ഉൽപാദനം ഉയർത്തുന്നതിനൊപ്പം യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറുകൾ പാലിക്കേണ്ട ബാധ്യതയും സർക്കാരിന് വെല്ലുവിളി ഉയർത്തുന്നു. ഇറക്കുമതി ചട്ടങ്ങൾ ലഘൂകരിക്കാനുള്ള ഈ രാജ്യങ്ങളുടെ സമ്മർദത്തിനു സർക്കാരിനു വഴങ്ങേണ്ടിവരും.

സ്റ്റാർട്ടപ്പുകളുടെ വിജയത്തെ അടിസ്ഥാനമാക്കിയുള്ളതാണു ധനമന്ത്രിയുടെ മൂന്നാമത്തെ സമീപനം. സ്റ്റാർട്ടപ്പുകളിൽ ചിലത് കഴിഞ്ഞ വർഷം 100 കോടി ഡോളറിലേറെ നിക്ഷേപം ആകർഷിക്കുകയുണ്ടായി. 

സൗരോർജ, പാരമ്പര്യേതര ഊർജ മേഖലകളിലേക്കു വിദേശ നിക്ഷേപകരെ ആകർഷിക്കാനുള്ള ഇളവുകളാണ് ധനമന്ത്രി മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാൽ, നിക്ഷേപകരുടെ പ്രധാന ആവശ്യം രാജ്യത്തെ റഗുലേറ്ററി സംവിധാനം ലഘൂകരിക്കണമെന്നാണ്. വൈദ്യുതി, കൃഷി തുടങ്ങിയ മേഖലകളിൽ ഉദാരനിക്ഷേപത്തിന് അവസരമൊരുക്കുന്ന സംസ്ഥാനങ്ങൾക്കു കൂടുതൽ പലിശയില്ലാത്ത വായ്പകൾ അനുവദിക്കുന്ന നടപടി 2019ലും നിർമല സീതാരാമൻ സ്വീകരിച്ചിരുന്നു.

9% വളർച്ച എന്ന ലക്ഷ്യം നേടാൻ ആഭ്യന്തരവും ബാഹ്യവുമായ ഘടകങ്ങൾ സഹായിച്ചാൽ മാത്രമേ ബജറ്റ് വിജയകരമാകുകയുള്ളൂ. ഒപ്പം 50 ശതമാനത്തോളം അധിക വിദേശനിക്ഷേപം കൂടിയുണ്ടായാൽ വരുമാനവർധനയ്ക്കൊപ്പം നാണ്യപ്പെരുപ്പം തടഞ്ഞുനിർത്താനും കഴിയും.

Content Highlight: Union Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com