ADVERTISEMENT

കൊച്ചി ∙ ബാങ്കിങ് മേഖല പ്രതീക്ഷിച്ച പല പ്രഖ്യാപനങ്ങളുമുണ്ടായില്ലെന്നു മാത്രമല്ല പ്രഖ്യാപിച്ചവ വാണിജ്യ ബാങ്കുകളുടെ പ്രവർത്തനത്തിനു വെല്ലുവിളി ഉയർത്തുന്നതുമായി.

പൊതു മേഖലയിലെ രണ്ടു ബാങ്കുകളുടെ സ്വകാര്യവൽക്കരണം കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും അതു നടപ്പാക്കുന്നതു സംബന്ധിച്ചു ധനമന്ത്രി ഒന്നും വെളിപ്പെടുത്തിയില്ല. സ്വകാര്യവൽക്കരിക്കാൻ ഉദ്ദേശിക്കുന്ന ബാങ്കുകളുടെ പേരു പറയാൻപോലും അവർ തയാറായില്ല. ഐഡിബിഐ ബാങ്കിൽ കേന്ദ്ര സർക്കാരിനുള്ള 45.5% പങ്കാളിത്തം കുറയ്ക്കുന്നതു സംബന്ധിച്ചും മന്ത്രി മൗനം പാലിച്ചതേയുള്ളൂ.

പൊതു മേഖലയിലെ ബാങ്കുകളുടെ പുനർമൂലധനവൽക്കരണത്തിനു ബജറ്റിൽ വക കൊള്ളിക്കുന്ന പതിവ് ഇത്തവണയുണ്ടായില്ല. ‘ബാഡ് ബാങ്ക്’ എന്ന് അറിയപ്പെടുന്ന സംവിധാനത്തിന്റെ ആവിർഭാവമാണ് കാരണമെന്നു കരുതാമെങ്കിലും കിട്ടാക്കടം മൂലം വിഷമിക്കുന്ന ബാങ്കുകളെ ഇതു കൂടുതൽ കഷ്ടത്തിലാക്കിയേക്കുമെന്ന് ആശങ്കയുണ്ട്. സാമ്പത്തിക മേഖല മുൻപത്തെ പോലെ ഉഷാറാവുകയും വായ്പ വളർച്ചയ്ക്ക് അനുകൂല സാഹചര്യമുണ്ടാകുകയും ചെയ്യുമ്പോൾ ആവശ്യക്കാർക്കു മുന്നിൽ വെറുംകയ്യോടെ നിൽക്കേണ്ട ഗതികേടിലാകും ഈ ബാങ്കുകൾ.

പൊതു, സ്വകാര്യ ബാങ്കുകളിലെ വിദേശ പങ്കാളിത്തം വർധിപ്പിക്കുന്നതു സംബന്ധിച്ചും ബജറ്റ് മൗനം പാലിക്കുകയാണുണ്ടായത്.

ഇവയൊക്കെ അവഗണനയുടെ പട്ടികയിൽ പെടുന്നുവെങ്കിൽ വാണിജ്യ ബാങ്കുകൾക്കു പ്രഹരമായതു തപാൽ ബാങ്കുകളെല്ലാം കോർ ബാങ്കിങ് സംവിധാനത്തിലാക്കുമെന്ന പ്രഖ്യാപനമാണ്. ഈ പ്രഖ്യാപനം നടപ്പാകുന്നതോടെ സകല ബാങ്കിങ് പ്രവർത്തനവും തപാൽ ബാങ്കുകളിലൂടെ സാധ്യമാകും. കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്ന തപാൽ ബാങ്കുകളിലേക്കു വാണിജ്യ ബാങ്ക് അക്കൗണ്ട് ഉടമകൾ വൻതോതിൽ ചേക്കേറുകയായിരിക്കും ഫലം.

ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ വ്യാപകമായി ആരംഭിക്കാനും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്കു പ്രാമുഖ്യം നൽകാനുമുള്ള നീക്കങ്ങളെ കാലോചിത പരിഷ്കാരങ്ങളായി കണക്കാക്കാമെങ്കിലും ‘ബ്രാഞ്ച് ബാങ്കിങ്’ സംവിധാനം ക്രമേണ നിലച്ചുപോകുകയായിരിക്കും ഫലമെന്നു ബാങ്കർമാർ തന്നെ ചൂണ്ടിക്കാട്ടുന്നു. ‘റിലേഷൻഷിപ് ബാങ്കിങ്’ എന്നും മറ്റുമുള്ള പ്രയോഗങ്ങൾ അതോടെ അർഥരഹിതമാകുമെന്നും അവർ പറയുന്നു.

Content Highlight: Union Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com