ADVERTISEMENT

ന്യൂഡൽഹി ∙ നാലാം തവണ ബജറ്റ് അവതരിപ്പിച്ച നിർമല സീതാരാമന്റെ ഏറ്റവും ഹ്രസ്വമായ പ്രസംഗമായിരുന്നു ഇന്നലത്തേത്. 90 മിനിറ്റ് നീണ്ട പ്രസംഗത്തിന് ഇതാദ്യമായി മെയ്ഡ് ഇൻ ഇന്ത്യ ടാബ്‌ലറ്റ് ആണ് മന്ത്രി ഉപയോഗിച്ചത്.

മഹാഭാരതത്തിലെ ശാന്തി പർവത്തിലുള്ള ഭരണനീതിയെക്കുറിച്ചുള്ള ശ്ലോകത്തിന്റെ സാരം ഉദ്ധരിച്ചാണു നികുതി നിർദേശങ്ങളിലേക്കു മന്ത്രി കടന്നത്. അലംഭാവം ഉപേക്ഷിച്ച് പ്രജകളുടെ ക്ഷേമത്തിനുതകുന്ന നീതിപൂർവകമായ ഭരണമുറപ്പാക്കാനും ധർമത്തിന് അനുസരിച്ച നികുതികൾ ഏർപ്പെടുത്താനുമാണ് ഈ ശ്ലോകത്തിൽ വിശദീകരിക്കുന്നത്.

ഇത്തവണ ബജറ്റ് ‍ഡിജിറ്റലാണെന്ന സ്പീക്കർ ഓം ബിർലയുടെ കമന്റോടെയായിരുന്നു പ്രസംഗം തുടങ്ങിയത്. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ വിദേശ സർവകലാശാലകളുടെ ശാഖകളെക്കുറിച്ചു പറഞ്ഞപ്പോൾ ഇത് ഗുജറാത്തിനുള്ള ബജറ്റാണോയെന്ന് തൃണമൂൽ അംഗം സൗഗത റോയ് ചോദിച്ചു. എൽഐസിയുടെ ഓഹരിവിൽപനയെക്കുറിച്ചു പറഞ്ഞപ്പോൾ ‘എല്ലാം വിറ്റഴിക്കുകയാണോ’യെന്ന് ടി.എൻ.പ്രതാപനും വിളിച്ചു ചോദിച്ചു. സംസ്ഥാനങ്ങൾക്കു കൂടുതൽ ജിഎസ്ടി വിഹിതം വേണമെന്നു ദയാനിധി മാരനും ആവശ്യപ്പെട്ടതൊഴിച്ചാൽ ഭരണകക്ഷി ബെഞ്ചുകളുടെ കയ്യടികൾക്കായിരുന്നു പ്രസംഗത്തിനിടെ പ്രാമുഖ്യം.

പലവട്ടം മന്ത്രി ലെമനേഡ് കുടിക്കുന്നതും കാണാമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വ മികവിനെക്കുറിച്ച് ഒരു തവണ മാത്രമാണ് ബജറ്റ് പ്രസംഗത്തിൽ പരാമർശമുണ്ടായത്.

ബജറ്റിന്റെ പ്രിന്റഡ് കോപ്പികൾ നൽകാതിരുന്നതിൽ അംഗങ്ങളിൽ ചിലർക്കു പ്രതിഷേധമുണ്ടായിരുന്നു. ബജറ്റ് പ്രസംഗം കഴിഞ്ഞയുടൻ പതിവിനു വിപരീതമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ ബെഞ്ചുകൾക്കു സമീപത്തേക്കു ചെന്നു. കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, ആർഎസ്പി അംഗം എൻ.കെ.പ്രേമചന്ദ്രൻ എന്നിവരുടെ കൈ പിടിച്ചു കുശലം പറഞ്ഞ മോദിയോട് ബജറ്റ് ഡിജിറ്റലായി വായിക്കുന്നതിന്റെ ബുദ്ധിമുട്ട് പ്രേമചന്ദ്രൻ അവതരിപ്പിച്ചു. ‘അതൊക്കെ തുടക്കത്തിന്റെ പ്രശ്നമാണെന്നും നിരന്തരം നോക്കിയാൽ ശീലമായിക്കോളു’മെന്നും പ്രധാനമന്ത്രി ചിരിച്ചു കൊണ്ടു പറഞ്ഞു.

Content Highlight: Union Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com