ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പ്രതിസന്ധി ഒഴിഞ്ഞിട്ടില്ലെന്നിരിക്കെ ആരോഗ്യമേഖലയിൽ വൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. എന്നാൽ, കോവിഡ് ഒട്ടേറെപ്പേരിൽ മാനസികപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന തിരിച്ചറിവിൽ ടെലിമെഡിസിൻ സംവിധാനം മാനസികാരോഗ്യ രംഗത്തേക്കു വ്യാപിപ്പിക്കാൻ വലിയ പദ്ധതി പ്രഖ്യാപിച്ചു. നാഷനൽ ടെലി മെന്റൽ ഹെൽത്ത് പദ്ധതിയിലൂടെ 23 ടെലിമെഡിസിൻ കേന്ദ്രങ്ങൾ സജ്ജമാക്കും. ബെംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) നോഡൽ സ്ഥാപനവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി സാങ്കേതികസഹായം നൽകുന്ന സ്ഥാപനവുമാകുമെന്നു ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

ആരോഗ്യരംഗത്തു സമ്പൂർണ ഡിജിറ്റൽവൽക്കരണം ലക്ഷ്യമിട്ട് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനും പ്രഖ്യാപിച്ചു. ഡോക്ടർമാരുടെയും ആശുപത്രികളുടെയും റജിസ്ട്രി, സവിശേഷ ആരോഗ്യ തിരിച്ചറിയൽ രേഖ തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകൾ.

∙ മെഡിക്കൽ പഠനരംഗത്തെ പ്രധാന സ്ഥാപനങ്ങളായ എയിംസ്, പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പിജി മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച് എന്നിവയ്ക്കുള്ള ബജറ്റ് വിഹിതത്തിൽ കാര്യമായ വർധനയുണ്ട്. പുതിയ മെഡിക്കൽ കോളജുകൾ തുടങ്ങാനും മെഡിക്കൽ സീറ്റ് വർധിപ്പിക്കാനുമുള്ള വിഹിതത്തിൽ 3000 കോടിയോളം രൂപ കൂട്ടി.

∙ വയനാട് അടക്കം കേന്ദ്ര സർക്കാരിന്റെ ആസ്പിരേഷനൽ ജില്ലകളിൽ 95% ഇടത്തും ആരോഗ്യചികിത്സാ അടിസ്ഥാനസൗകര്യം കൂടുതൽ മെച്ചപ്പെട്ടതായി ധനമന്ത്രി അറിയിച്ചു.

∙ കഴിഞ്ഞ ഒക്ടോബറിൽ തുടക്കമിട്ട പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ പദ്ധതിയിൽ 4117 കോടി രൂപ നീക്കിവച്ചു. കഴിഞ്ഞ ബജറ്റിൽ ഇല്ലാതിരുന്ന പദ്ധതിക്കായി പുതുക്കിയ ബജറ്റ് വിഹിതത്തിൽ 585 കോടി രൂപ വകയിരുത്തി.

വാക്സിനേഷൻ ലക്ഷ്യത്തിലേക്ക്; ബജറ്റിൽനിന്ന് ഒഴിവാക്കി

ന്യൂഡൽഹി ∙ കോവിഡ് വാക്സീന്റെ ആവശ്യം ഗണ്യമായി കുറഞ്ഞതോടെ ആരോഗ്യചികിത്സയ്ക്കുള്ള വിഹിതത്തിൽ ഒറ്റയടിക്കു കുറഞ്ഞത് 33,089 കോടി രൂപ. കഴിഞ്ഞ തവണത്തെ ബജറ്റിൽ ഈ വിഭാഗത്തിൽ നീക്കിവച്ചത് 74,820 കോടി രൂപയായിരുന്നു; ഇക്കുറി 41,011 കോടിയും.

രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള 90% പേർക്ക് ഒരു ഡോസും 75 ശതമാനത്തിലേറെ ആളുകൾക്കു 2 ഡോസും നൽകിക്കഴിഞ്ഞു. 15–18 പ്രായക്കാരിലും കുത്തിവയ്പ് കാര്യമായി മുന്നേറിയതും ചെറിയ കുട്ടികൾക്കു വാക്സീൻ നൽകാൻ നിലവിൽ തീരുമാനം ഇല്ലാത്തതുമാണ് ബജറ്റ് വിഹിതം ഒഴിവാക്കാൻ കാരണം. കഴിഞ്ഞ വർഷം വാക്സീൻ കുത്തിവയ്പിനു മാത്രം 35,000 കോടി രൂപയാണു നീക്കിവച്ചത്.

മറ്റു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ഇത്തവണ തുക നീക്കിവച്ചില്ല. കോവിഡ് ചികിത്സാ സംവിധാനവും മറ്റും ഒരുക്കാൻ കഴിഞ്ഞ വർഷം 2 തവണയായി 12,359 കോടി രൂപ അനുവദിച്ചെങ്കിലും ഇക്കുറി തീർത്തും പണമില്ല. അതേസമയം, ആരോഗ്യ മന്ത്രാലയത്തിന് ആകെ അനുവദിച്ച തുകയിൽ 16% വർധനയുണ്ട്.

വകയിരുത്തൽ ഇങ്ങനെ: (ബ്രാക്കറ്റിൽ കഴിഞ്ഞ തവണത്തേത്)

ആരോഗ്യ മന്ത്രാലയം – 83,000 കോടി (71,269)

ആരോഗ്യരംഗത്തെ ഗവേഷണം – 3200 കോട‌ി (2663)

ആയുഷ് മന്ത്രാലയം – 3050 കോടി (2970)

English Summary: Union Budget 2022: Fighting Covid stress, mental health strain on priority list.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com