‘ജനജീവിതം ദുസ്സഹമാകുമ്പോൾ എങ്ങനെ നിശ്ശബ്ദനാകും; ഏതു പാർട്ടിക്കൊപ്പമെന്നതു കാലം നിശ്ചയിക്കും’
Mail This Article
ന്യൂഡൽഹി∙ അടുത്ത തിരഞ്ഞെടുപ്പിൽ ഏതു പാർട്ടിയിൽ നിന്നു മത്സരിക്കുമെന്നത് കാലം നൽകേണ്ട ഉത്തരമാണെന്ന് ബിജെപി എംപി വരുൺഗാന്ധി. ജനങ്ങളിലൂന്നിയുള്ള, എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയമാണ് തന്റെ രക്തത്തിലുള്ളതെന്നും അദ്ദേഹം ‘മനോരമ’യോടു പറഞ്ഞു. തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അതു പരിഹരിക്കാൻ കേന്ദ്രസർക്കാർ കൂടുതൽ ഊർജ്വസ്വലമായ നടപടികളെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർഷക വിഷയങ്ങൾ, തൊഴിലില്ലായ്മ, കോവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ വരുൺഗാന്ധി എടുത്ത നിലപാടുകൾ ബിജെപിയെ വിഷമവൃത്തത്തിലാക്കിയിരുന്നു. നിലപാടുകളിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഭിമുഖത്തിന്റെ പൂർണരൂപം:
∙ യുപി തിരഞ്ഞെടുപ്പാണ്. വീണ്ടും അധികാരത്തിൽ വരുമെന്ന് ബിജെപി പറയുന്നു. എന്താണ് താങ്കളുടെ വിലയിരുത്തൽ? ബിജെപിക്ക് രണ്ടാമൂഴമുണ്ടാകുമോ?
2017ൽ ജനങ്ങൾ 325 സീറ്റുകളോടെ വലിയ ഭൂരിപക്ഷമാണ് ഞങ്ങൾക്കു തന്നത്. സംസ്ഥാനമൊട്ടാകെ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നാണ് ജനങ്ങൾ പ്രതീക്ഷിച്ചിരുന്നത്. അടിസ്ഥാന സൗകര്യവികസനങ്ങളിൽ മാത്രമല്ല, ഭരണത്തിന്റെ സമസ്ത മേഖലകളിലും മാറ്റത്തിനാണ് ജനങ്ങൾ വോട്ടു ചെയ്തത്. ജനങ്ങളുടെ ആ പ്രതീക്ഷകൾ സഫലമായോ?
∙ എന്താണ് യുപിയിലെ മുഖ്യ തിരഞ്ഞെടുപ്പു വിഷയം?
ചെറുപ്പക്കാർക്ക് മുൻതൂക്കമുള്ള നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണ്. റെയിൽവേ റിക്രൂട്മെന്റ് പരീക്ഷയിൽ നടന്നതെന്താണെന്ന് നിങ്ങൾ കണ്ടില്ലേ? 35000 ഒഴിവുകളിലേക്ക് 1.25 കോടി ആൾക്കാരാണ് അപേക്ഷിച്ചത്. 20 ശതമാനത്തിനു പകരം 5% പേരെയേ റിക്രൂട്ട് ചെയ്യൂവെന്ന് റെയിൽവേ ബോർഡ് പറഞ്ഞതോടെ യുവാക്കൾ സമാധാനപരമായി പ്രതിഷേധിച്ചു. പൊലീസ് അവരെ തല്ലിച്ചതച്ചു. ഈ യുവസ്വപ്നങ്ങൾക്ക് നീതി ലഭിക്കുമോ? നല്ലൊരു ജോലി കിട്ടാനുള്ള അവരുടെ ആഗ്രഹം ഈ രീതിയിൽ പൂർത്തിയാക്കാനാവുമോ?.
വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. പൊതുവിതരണം തൊട്ട് വിദ്യാഭ്യാസവും ആരോഗ്യവും വരെയുള്ള രംഗങ്ങൾ അഴിമതി മുക്തമായാലേ ജനങ്ങൾക്ക് ആശ്വാസമുണ്ടാകൂ. ഇത്തവണ വിലക്കയറ്റം, തൊഴിലില്ലായ്മ, ദുരിതത്തിലായ കർഷകർ, ദലിത് പീഡനങ്ങൾ, വനിതാ സുരക്ഷ എന്നിവയാണ് മുഖ്യ വിഷയങ്ങൾ. പല കാര്യങ്ങളും മനസ്സിൽ വച്ചാണ് വോട്ടർമാർ വോട്ടു ചെയ്യുന്നത്. ഈ വിഷയങ്ങളെല്ലാം അതിൽ പ്രതിഫലിക്കുമെങ്കിലും ഏത് വിഷയം എത്രത്തോളം പ്രത്യാഘാതമുണ്ടാക്കുമെന്നത് പ്രവചനാതീതമാണ്.
∙ കർഷക സമരവും 3 വിവാദ കൃഷി നിയമങ്ങളും പ്രതിഫലിക്കുമോ?
ജനാധിപത്യത്തിൽ എല്ലാ ബഹുജന മുന്നേറ്റങ്ങൾക്കും അതിന്റേതായ കരുത്തും ഫലവുമുണ്ടാകും. ബിജെപിയുടെ പ്രസ്ഥാനം മുതൽ അണ്ണാഹസാരെ വരെ തെളിയിച്ചത് ബഹുജന മുന്നേറ്റങ്ങൾക്ക് സർക്കാരുകളെ മാറ്റാൻ മാത്രമല്ല, പുതിയ നേതൃത്വത്തെ കൊണ്ടുവരാനും കഴിയുമെന്നാണ്. കർഷകർ നമ്മുടെ സ്വന്തം ചോരയാണ്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക നിർണായകമാണ്.
∙ കർഷകർക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നു പരാതിയുണ്ട്..?
അവരിപ്പോഴും ഉത്തരങ്ങൾക്കു കാത്തു നിൽക്കുകയാണ്. മിനിമം താങ്ങുവിലയ്ക്ക് നിയമപ്രാബല്യം, രക്തസാക്ഷികളായ 700 കർഷകരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം, കള്ളക്കേസുകൾ പിൻവലിക്കൽ, ലഖിംപുർ കേസിൽ ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ രാജി ഒക്കെയുണ്ട്. ഈ വിഷയങ്ങളെ സർക്കാർ അവഗണിക്കുകയാണെങ്കിൽ വീണ്ടും കർഷക സമരമുണ്ടാവാൻ സാധ്യതയുണ്ട്.
∙ താങ്കൾ യുപിയിലെയും കേന്ദ്രത്തിലെയും ബിജെപി സർക്കാരുകളെ വിവിധ വിഷയങ്ങളിൽ നിരന്തരം വിമർശിച്ചിരുന്നു. എന്തുകൊണ്ടാണ് സ്വന്തം സർക്കാരിനെ സംരക്ഷിക്കുന്നതിനു പകരം ആക്രമിക്കുന്നത്?
വിമർശനം ജനാധിപത്യപരമായ അവകാശമാണ്. ഏതെങ്കിലും പാർട്ടിയുടെയോ സർക്കാരിന്റെയോ സൗകര്യത്തിനുനസരിച്ചല്ല ഞാൻ പ്രശ്നങ്ങൾ ഉന്നയിക്കുന്നത്. ആരെയെങ്കിലും അസ്വസ്ഥരാക്കാനുമല്ല. ജനങ്ങൾക്കു വേണ്ടി സംസാരിക്കുകയെന്നത് എന്റെ ജനാധിപത്യപരമായ അവകാശവും കടമയുമാണ്. അതില്ലെങ്കിൽപ്പിന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലല്ലോ. ഈ പറഞ്ഞ വിഷയങ്ങളെല്ലാമുണ്ടാകുമ്പോൾ ഞാനെങ്ങനെ നിശബ്ദനാകും? ആരോടാണ് എനിക്ക് ഉത്തരവാദിത്തമുണ്ടാകേണ്ടത്?
എന്റെ വ്യക്തിതാൽപര്യങ്ങൾക്കല്ല ഞാൻ രാഷ്ട്രീയത്തിൽ വന്നത്. ജനങ്ങൾ എന്നെ എംപിയായി തിരഞ്ഞെടുത്തത് അവരുടെ കാര്യം പറയാനാണ്. ഭയത്തിന്റെയോ വ്യക്തിപരമായ ലാഭ നഷ്ടങ്ങളുടെയോ രാഷ്ട്രീയത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ പറയാനാവുന്നില്ലെങ്കിൽ ആ രാഷ്ട്രീയത്തിൽ അർഥമില്ല. ഞാൻ ജനങ്ങൾക്കു വേണ്ടിയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.
∙ യുപിയിൽ ഇപ്പോൾ വികസനത്തിനു പകരം വിഭാഗീയ രാഷ്ട്രീയമാണല്ലോ ചർച്ചയാകുന്നത്?
ഒരു തിരഞ്ഞെടുപ്പിനെയും 80:20 എന്ന അനുപാതത്തിലോ (യുപിയിൽ 80 ശതമാനം പേർ രാമക്ഷേത്ര നിർമാണമടക്കമുളള പ്രവർത്തനങ്ങളെ അനുകൂലിക്കുന്നുവെന്നും 20 ശതമാനം തീവ്രവാദത്തെ അനുകൂലിക്കുന്നുവെന്നും യോഗി ആദിത്യനാഥ് അടുത്തിടെ പറഞ്ഞിരുന്നു) 85:15 എന്ന രീതിയിലോ ഞാൻ കാണുന്നുമില്ല, അംഗീകരിക്കുന്നുമില്ല. ജാതിയും മതവും നോക്കി വോട്ടറെ വിലയിരുത്തുന്നത് അധാർമികമാണ്. വോട്ടറാണ് ജനാധിപത്യത്തിലെ ഏറ്റവും വലിയ പങ്കാളി.
∙ എന്തുകൊണ്ടാണ് ജെഎൻയുവിലെ പുതിയ വിസിയുടെ നിയമനത്തെ താങ്കൾ വിമർശിച്ചത്?
രാജ്യാന്തര നിലവാരമുള്ള കുറച്ചു സർവകലാശാലകളേ നമുക്കുള്ളൂ. നേട്ടത്തിലേക്കു കുതിക്കാനാവുന്ന സർവകലാശാലകളെ നയിക്കാൻ ശരിയായ നേതാക്കൾ വേണം. വിദ്യാഭ്യാസ വീക്ഷണമോ, യോഗ്യതകളോ ഇല്ലാത്ത, എന്തിന് മര്യാദയ്ക്ക് ആശയവിനിമയം പോലും നടത്താനാറിയാത്ത ഒരാളെ അത്തരമൊരു സ്ഥാനത്തേക്കു കൊണ്ടുവരുന്നത് നിലവാരത്തകർച്ചയാണ്. മാത്രമല്ല, മാനവശേഷി മൂലധനത്തെക്കുറിച്ചുള്ള നിരക്ഷരതയുമാണത്.
ശരിയായ മൂല്യങ്ങളും അച്ചടക്കമുള്ളവരാണ് തലപ്പത്തു വരേണ്ടത്. സ്വന്തം നിയമനത്തെക്കുറിച്ചുള്ള ആദ്യ പത്രക്കുറിപ്പു പോലും ഇറക്കാനാറിയാത്തവരല്ല. ജെഎൻയുവിന്റെ തലപ്പത്തു വരേണ്ടത് സഹാനുഭൂതിയും സംവേദന ശേഷിയും നേതൃപാടവവുമുള്ളയാളാണ്. അല്ലാതെ വായിൽതോന്നിയത് വിളിച്ചു പറയുന്ന ആളല്ല. അക്കാദമിക യോഗ്യതയും മുൻപരിചയവുമാണ് മാനദണ്ഡമാകേണ്ടത്. അല്ലാതെ മുൻപ് ആരുടെയൊക്കെ ട്വീറ്റുകൾ റീ ട്വീറ്റു ചെയ്തുവെന്നു നോക്കിയല്ല.
∙ ഇപ്പോൾ പിൻവലിച്ച കൃഷി നിയമങ്ങളെ താങ്കൾ എതിർത്തിരുന്നു. എന്തായിരുന്നു അടിസ്ഥാനപരമായ എതിർപ്പ്?
ആ നിയമങ്ങളിലെ ചില വകുപ്പുകൾ വിപണിയെ മുച്ചൂടും നശിപ്പിക്കുന്നതും കൃഷിയെയും വ്യാപാരത്തെയും ചില സ്വകാര്യ കമ്പനികൾക്കു തീറെഴുതുന്നതുമായിരുന്നു. കുറച്ചു കാലം കഴിഞ്ഞാൽ കർഷകനും ഉപഭോക്താവും ഒരുപോലെ കഷ്ടപ്പെടാനിടയാക്കുന്നതായിരുന്നു. അടിസ്ഥാനപരമായ ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റവുമുണ്ടാകുമായിരുന്നു.
∙ യുപിയിലെ ജനങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ആ സംസ്ഥാനം കേരളമോ ബംഗാളോ പോലെയാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. പടിഞ്ഞാറൻ യുപിയിൽ കാര്യങ്ങൾ പന്തിയല്ലെന്ന തോന്നലാണോ അതിനു പിന്നിൽ?
ഹിന്ദു–മുസ്‌ലിം അല്ലെങ്കിൽ മുന്നാക്കം–പിന്നാക്കം എന്നു മാത്രമേ നമ്മൾ കേൾക്കുന്നുള്ളൂ. വോട്ട് വീഴുന്നത് ഇത്തരം വിഭാഗീയ കാര്യങ്ങളുടെ അടിസ്ഥാനത്തിലല്ല. അഴിമതി ഇല്ലാതോയോ? കർഷകർക്കു നീതി കിട്ടിയോ? വിലക്കയറ്റം തടയപ്പെട്ടോ? തൊഴിൽ ലഭിച്ചോ തുടങ്ങിയ കാര്യങ്ങളാണ് യുപിയിലെ വോട്ടർമാർ പരിഗണിക്കേണ്ടതെന്നാണ് എന്റെ അഭിപ്രായം. വോട്ടർമാരെ നിങ്ങളുടെ (ഭരണകൂടത്തിന്റെ) തീരുമാനങ്ങളിൽ പരിഗണിച്ചില്ലെങ്കിൽ അവർ അവരുടെ തീരുമാനങ്ങളിൽ നിങ്ങളെയും പരിഗണിക്കില്ല.
∙ പൊതുമേഖല സ്വകാര്യവൽക്കരണത്തിനുള്ള നീക്കങ്ങൾ കൂട്ടത്തോടെയുള്ള അടച്ചുപൂട്ടലിലേക്കും പിരിച്ചുവിടലിലേക്കും നയിക്കുമെന്ന് താങ്കൾ പറഞ്ഞിരുന്നു. സ്വകാര്യവൽക്കരണം ജോലി സംവരണത്തെയും ബാധിക്കുമെന്ന് വാദമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള മികച്ച മാർഗമെന്താണ്?
പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മികച്ച ആനുകൂല്യങ്ങൾ നൽകുകയും കൂടുതൽ സ്വയംഭരണാവകാശം നൽകുകയും വേണം. അവയിൽ ലക്ഷ്യബോധത്തോടെയും മൂല്യവർധന ലക്ഷ്യമിട്ടുമുള്ള സമീപനം അപ്പോഴേ ഉണ്ടാവൂ. ഒരു വലിയ പൊതു കമ്പനി പൊതുമേഖലാ സ്ഥാപനങ്ങളിൽ ഓഹരികളെടുക്കുകയും രാജ്യാന്തര തലത്തിൽ നേട്ടങ്ങളുണ്ടാക്കുന്ന വിധത്തിലുള്ള മാർഗരേഖ തയാറാക്കി വികസന പ്രവർത്തനങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്ന രീതി ഉചിതമാകും. വിവിധ മന്ത്രാലയങ്ങൾക്കു ചേർന്ന് പൊതുമേഖലയ്ക്ക് ഊർജം പകരുന്ന നയങ്ങളുണ്ടാക്കുകയും ചെയ്യാം. ചൈനയിലും സിംഗപ്പുരിലും അത്തരം നീക്കങ്ങൾ പൊതുമേഖലയെ രക്ഷിച്ചിട്ടുണ്ട്. സിംഗപ്പുരിൽ ടെമസെക് എന്ന കമ്പനിയാണ് സിംഗ്ടെൽ, എയർലൈൻസ്, വൈദ്യുതി എന്നിവ കൈകാര്യം ചെയ്യുന്നത്. നയം രൂപീകരിക്കുന്നത് ധനമന്ത്രാലയമാണ്. ചൈനയുടെ പൊതുമേഖല കുതിക്കുന്നതും സമാനമായ രീതിയിലാണ്.
∙ ഈ കാലഘട്ടത്തിൽ തൊഴിലുകളുണ്ടാവുന്നില്ലെന്നും താങ്കൾ പറഞ്ഞിരുന്നു. വാഗ്ദാനം ചെയ്തതു പോലെ ഇപ്പോഴത്തെ സർക്കാർ തൊഴിലവസരങ്ങളുണ്ടാക്കുന്നതിൽ പരാജയപ്പെട്ടോ?
നമ്മുടെ തൊഴിലില്ലായ്മ വളരുന്നതല്ലാതെ പരിഹരിക്കപ്പെടുന്നില്ല. 2023–2030 കാലത്ത് കൃഷി മേഖലയിലല്ലാതെ നമുക്ക് 9 കോടി തൊഴിലവസരങ്ങൾ വേണ്ടി വരും. എന്നാൽ പൊതുമേഖലയിലെ തൊഴിലവസരങ്ങൾ 2017ൽ 11.3 ലക്ഷം ഉണ്ടായിരുന്നത് 2019ൽ 10.3 ലക്ഷമായി കുറഞ്ഞു. തൊഴിലില്ലായ്മയെക്കുറിച്ച് നമ്മൾ ഒരു ദേശീയ സംവാദം നടത്തേണ്ടിയിരിക്കുന്നു.
ആദ്യം, ഒഴിവുകൾ നികത്തുന്നതിനെക്കുറിച്ചാണു ചിന്തിക്കേണ്ടത്. കരാർ തൊഴിലുകളെ സ്ഥിരം ജോലികളാക്കിയും പൊതുസേവനങ്ങൾ (പ്രത്യേകിച്ച്, ആരോഗ്യം, വിദ്യാഭ്യാസം) ഊർജിതമാക്കിയും തന്നെ 52 ലക്ഷത്തോളം തൊഴിലവസരങ്ങൾ ഉണ്ടാക്കാനാവും. അതോടൊപ്പം ആഭ്യന്തര വിപണിയിലും സേവനമേഖലയിലും ആവശ്യകത വർധിക്കുന്നത് സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കും.
രണ്ടാമതായി ഒരു ദേശീയ നഗര തൊഴിലുറപ്പു പദ്ധതി പ്രഖ്യാപിക്കണം. നഗര മേഖലകളിലെ 2 കോടിയോളം താൽക്കാലിക ജീവനക്കാർക്ക് ഇതുപകാരപ്പെടും. നഗരങ്ങളിലെ സൗകര്യങ്ങൾ അറ്റകുറ്റപ്പണി നടത്തിയും പുതുക്കിയും ഈ തൊഴിലുകൾ കണ്ടെത്താം. മൂന്നാമതായി ജലസംരക്ഷണം. മലിനജല സംസ്കരണം, നഗരങ്ങളിലെ കൃഷി തുടങ്ങിയമേഖലകളിൽ തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കണം. നന്നായി പ്രവർത്തിക്കുന്ന ഒരു മുനിസിപ്പാലിറ്റിക്ക് പതിനായിരം തൊഴിലവസരങ്ങളുണ്ടാക്കാം. അത് എല്ലാ നഗരങ്ങളിലേക്കും വ്യാപിപ്പിച്ചാൽ നിരവധി അവസരങ്ങളുണ്ടാകും. കൃത്യമായ ധാരണയോടുകൂടിയുള്ള നടപടികളുണ്ടായാൽ തൊഴിൽതേടി അലയുന്നതിൽ നിന്ന് നമ്മുടെ യുവാക്കൾ രക്ഷപ്പെടും.
∙ താങ്കൾ അടുത്ത തവണ യുപിയിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ തയാറാവുമോ?
നാളെ എന്തുണ്ടാകുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. കാലമാണ് അതിനുള്ള ഉത്തരങ്ങൾ നൽകേണ്ടത്.
∙ അടുത്ത 10 വർഷത്തിനപ്പുറം താങ്കൾ ഏതു രാഷ്ട്രീയമാവും സ്വീകരിക്കുക?
ഞാൻ ജനങ്ങളിലൂന്നിയ രാഷ്ട്രീയമാണ് ആഗ്രഹിക്കുന്നത്. സമഭാവനയും വിശാല വീക്ഷണവുമുൾക്കൊള്ളുന്ന രാഷ്ട്രീയമാണ് എന്റെ രക്തത്തിലുള്ളത്. സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലള്ളയാളുടെ ആശങ്കകളാണ് എന്റെ രാഷ്ട്രീയത്തിൽ മുഖ്യ പരിഗണന നേടുന്നത്.
Content Highlight: Varun Gandhi, UP Assembly Election, BJP