ADVERTISEMENT

ന്യൂഡൽഹി ∙ ജീവൻരക്ഷയ്ക്കുള്ളത് ഉൾപ്പെടെ എണ്ണൂറിലേറെ മരുന്നുകൾക്ക് ഏപ്രിൽ ഒന്നുമുതൽ 10 ശതമാനത്തിലേറെ വില കൂടും. ഉയർന്ന പരിധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മൊത്തവില സൂചികയിലെ വർധന മുൻവർഷത്തെക്കാൾ 10.76% ആണെന്നും ഇതനുസരിച്ചുള്ള വിലവർധനയുണ്ടാകുമെന്നും നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) വ്യക്തമാക്കി. വിലനിയന്ത്രണമുള്ള മരുന്നുകൾക്ക് 1997ൽ എൻപിപിഎ നിലവിൽവന്ന ശേഷം ഒറ്റയടിക്കുണ്ടാകുന്ന റെക്കോർഡ് വിലവർധനയാണിത്. കഴിഞ്ഞവർഷം 0.5 ശതമാനവും 2020ൽ 2 ശതമാനവും മാത്രമായിരുന്നു വർധന.

അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോൾ, അസിത്രോമൈസിൻ ഉൾപ്പെടെയുള്ള ആന്റിബയോട്ടിക്കുകൾ, വിളർച്ച ചെറുക്കാനുള്ള മരുന്നുകൾ, വൈറ്റമിൻ – മിനറൽ ഗുളികകൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ, കോവിഡ് ചികിത്സയ്ക്കുള്ള ചില മരുന്നുകൾ, സ്റ്റിറോയ്ഡുകൾ തുടങ്ങിയവയ്ക്കെല്ലാം വില കൂടും.

ഷെഡ്യൂൾഡ് പട്ടികയിലില്ലാത്ത (വില നിയന്ത്രണമില്ലാത്ത) മരുന്നുകളുടെ വില വർഷംതോറും 10% കൂട്ടാൻ കമ്പനികൾക്ക് അനുവാദമുണ്ട്. എന്നാൽ വില നിയന്ത്രണമുള്ള മരുന്നുകളുടെ വില കൂട്ടാൻ എൻപിപിഎ അനുവദിക്കണം.  മൊത്തവില സൂചികയുടെ കൂടി അടിസ്ഥാനത്തിലാണിത്. വിൽക്കുന്നവയിൽ 16% ആണു വിലനിയന്ത്രണമുള്ള മരുന്നുകൾ.

കമ്പനികൾ ആവശ്യപ്പെട്ട വർധന

ഷെഡ്യൂൾഡ് മരുന്നുകൾക്കു 10% വില കൂട്ടണമെന്നു മരുന്നുകമ്പനികളുടെ കൂട്ടായ്മയായ ഇന്ത്യൻ ഡ്രഗ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ നവംബറിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മരുന്നുനിർമാണ ഘടകങ്ങളുടെ വിലവർധന മുതൽ പാക്കേജിങ്, ഇറക്കുമതി ചെലവുകൾ വരെയുള്ള കാരണങ്ങളാണു ചൂണ്ടിക്കാട്ടിയത്.

English Summary: Drug price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com