ADVERTISEMENT

ഗുവാഹത്തി ∙ ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്‍നേഷ് മേവാനിക്കു ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ, അസമിലെ ബാർപേട്ട ജില്ലാ സെഷൻസ് കോടതി അധികാരപരിധി ലംഘിച്ചെന്ന് ഹൈക്കോടതി വിമർശിച്ചു. വിധിക്കെതിരെ അസം പൊലീസ് നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു മേൽക്കോടതി. 

ജാമ്യം അനുവദിച്ചതിനെക്കുറിച്ച് ഹൈക്കോടതി അഭിപ്രായം പറഞ്ഞില്ല. എന്നാൽ, കേസ് റജിസ്റ്റർ ചെയ്തതു കെട്ടിച്ചമച്ച എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് എന്നതടക്കം ജില്ലാ കോടതിയുടെ നിരീക്ഷണങ്ങൾ പരിധി കടന്നുവെന്നും പൊലീസിന്റെയും അസം സർക്കാരിന്റെയും ആത്മവീര്യം കെടുത്തിയെന്നും വിമർശിച്ചു. ഹർജി 27 ന് വീണ്ടും പരിഗണിക്കും. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചു ട്വീറ്റ് ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 20നാണ് മേവാനിയെ ഗുജറാത്തിൽനിന്ന് അസം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ കോടതി ജാമ്യം നൽകിയതിനു പിന്നാലെ, വിമാനത്താവളത്തിൽനിന്നു ജീപ്പിൽ കൊണ്ടുപോകും വഴി വനിതാ എസ്ഐയെ അപമാനിച്ചുവെന്ന കുറ്റം ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു. 

രണ്ടാമത്തെ കേസിൽ ജാമ്യം അനുവദിച്ചുകൊണ്ടാണ് ബാ‍ർപേട്ട ജില്ലാ കോടതി അസം പൊലീസിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. 

‘പൊലീസ് നടപടികളിൽ നിയമത്തിന്റെയോ അധികാരത്തിന്റെയോ ദുർവിനിയോഗമില്ല. ജില്ലാ ജഡ്ജിയുടെ വ്യക്തിപരമായ തോന്നലുകളും അഭിപ്രായവും വിധിയിൽ വരാൻ പാടില്ലായിരുന്നു’ – ജസ്റ്റിസ് ബറുവ വിലയിരുത്തി. ഹൈക്കോടതി അവധിയായിരുന്നതിനാൽ പ്രത്യേകാനുമതി വാങ്ങിയാണ് സർക്കാർ അപ്പീൽ നൽകിയത്. 

മേവാനിയുടെ അറസ്റ്റിൽ ആർഎസ്എസിന് അതൃപ്തി

ന്യൂഡൽഹി ∙ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തതിൽ ഗുജറാത്തിലെ ആർഎസ്എസ് ഘടകത്തിനു എതിർപ്പുണ്ടെന്നു സൂചന. ഈ വർഷമവസാനം ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ദലിത് നേതാവായ മേവാനിയെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നാണ് ആർഎസ്എസിന്റെ നിലപാട്. 

∙ ‘‘പ്രധാനമന്ത്രിയുടെ ഓഫിസിലിരിക്കുന്ന ഗോഡ്സെ ഭക്തരാണ് എന്റെ അറസ്റ്റ് ആസൂത്രണം ചെയ്തത്. കേസ് റജിസ്റ്റർ ചെയ്യുന്നതിനു മുൻപ് തന്നെ അസം പൊലീസ് ഗുജറാത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തിരിക്കാം.’’ - ജിഗ്‍നേഷ് മേവാനി 

English Summary: High Court against sessions court in jignesh mevani arrest case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com