എൽഐസി ഐപിഒ: 2 ദിവസം കൊണ്ട് 100% അപേക്ഷ
Mail This Article
ന്യൂഡൽഹി ∙ എൽഐസി പ്രഥമ ഓഹരി വിൽപനയിൽ (ഐപിഒ) വെറും 2 ദിവസം കൊണ്ട് 100% ഓഹരികൾക്കുമുള്ള അപേക്ഷകൾ (ബിഡ്) എത്തി. വിൽക്കാനായി മാറ്റിവച്ചിരിക്കുന്നത് 16.20 കോടി ഓഹരിയാണെങ്കിൽ 16.68 കോടി ഓഹരിക്കുള്ള അപേക്ഷയാണ് ഇതുവരെ ലഭിച്ചത്.
അതേസമയം, ഇനിയും അപേക്ഷിക്കുന്നതിനു തടസ്സമില്ല. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3 വരെ ലഭിക്കുന്ന മൊത്തം അപേക്ഷകൾ പരിഗണിച്ചാണ് ഓഹരി അലോട്ട് ചെയ്യുന്നത്. അപേക്ഷിക്കുന്നവർക്കെല്ലാം ഓഹരി ലഭിക്കണമെന്നുമില്ല. പലരും ഒന്നിലധികം ലോട്ടുകൾക്ക് (നിശ്ചിത എണ്ണം ഓഹരി) അപേക്ഷിച്ചിട്ടുണ്ടാകാം.
ലഭ്യമായ ഓഹരിയെക്കാൾ കൂടുതൽ ആവശ്യക്കാർ വന്നാൽ, അപേക്ഷിച്ച എല്ലാവർക്കും കുറഞ്ഞത് ഒരു ലോട്ട് വീതം ലഭിക്കുന്ന തരത്തിൽ വീതം വയ്ക്കാൻ കഴിയുമോയെന്ന് ആദ്യം നോക്കും. അതിനുശേഷം മിച്ചമുള്ള ലോട്ടുകൾ കൂടുതൽ അപേക്ഷിച്ചവർക്ക് ആനുപാതികമായി നൽകും. എന്നാൽ, അപേക്ഷകരുടെ എണ്ണം പലമടങ്ങ് കൂടുകയും ഓരോരുത്തർക്കും ഒരു ലോട്ട് വീതം നൽകാൻ കഴിയാതെ വരികയും ചെയ്താൽ ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയാകും ഓഹരി അനുവദിക്കുക. ഓഹരി അനുവദിച്ചിട്ടുണ്ടോയെന്നു മേയ് 12ന് ഓൺലൈനായി അറിയാം.
English Summary: LIC IPO