ആയുർവേദ ആഹാരം; അവകാശവാദത്തിനു വിലക്ക്
Mail This Article
ന്യൂഡൽഹി∙ ‘ആയുർവേദ ആഹാരം’ രോഗങ്ങൾക്കു പ്രതിവിധിയാണെന്ന തരത്തിൽ പരസ്യം ചെയ്യുന്നതും അവതരിപ്പിക്കുന്നതും കർശനമായി വിലക്കി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ വിജ്ഞാപനമിറക്കി. ഇതിനായി ഭക്ഷ്യ സുരക്ഷ, ഗുണനിലവാര നിയന്ത്രണ ചട്ടത്തിലാണു ഭേദഗതി വരുത്തിയത്. ആയുർവേദത്തിലെ ആധികാരികമായ 71 ഗ്രന്ഥങ്ങളിലെ കുറിപ്പുകളും ചേരുവകളും അനുസരിച്ചു തയാറാക്കുന്ന ഭക്ഷണത്തെയാണ് 'ആയുർവേദ ആഹാര'മായി കണക്കാക്കുന്നത്. ഇത്തരം ഭക്ഷണവസ്തുക്കളുടെ പാക്കിങ്ങിൽ ‘ഡയറ്റ് അധിഷ്ഠിതമായ ഉപയോഗത്തിനു മാത്രം’ എന്നു വ്യക്തമാക്കിയിരിക്കണം.
2 വയസ്സുവരെയുള്ള കുട്ടികൾക്ക് വേണ്ട
2 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ആയുർവേദ ആഹാരം തയാറാക്കി വിൽക്കുന്നതും ഭേദഗതിയിലൂടെ വിലക്കി. ആയുർവേദ ആഹാരത്തിൽ വൈറ്റമിനോ ധാതുപദാർഥങ്ങളോ അമിനോ ആസിഡോ ചേർക്കുന്നത് അനുവദിക്കില്ല. സ്വാഭാവികമായ വൈറ്റമിനും ധാതുപദാർഥങ്ങളും ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ടെങ്കിൽ അക്കാര്യവും കവറിൽ വ്യക്തമാക്കണം.
മറ്റു നിർദേശങ്ങൾ
∙ 71 ആധികാരിക ആയുർവേദ ഗ്രന്ഥങ്ങളിലെ നിർദേശപ്രകാരമാണ് ഭക്ഷണമുണ്ടാക്കി വിൽക്കുന്നതെങ്കിൽ മുൻകൂർ അനുമതി വേണ്ട, എന്നാൽ ഇവയിൽ നിർദേശിച്ചിരിക്കുന്ന ചേരുവകൾ ഉൾപ്പെടുത്തി പുതിയ പാചകക്കുറിപ്പ് തയാറാക്കിയാൽ അനുമതി വേണം. സുരക്ഷയുമായി ബന്ധപ്പെട്ട ഡേറ്റയും നൽകണം.
∙ മുൻകൂർ അനുമതി ആവശ്യമായ സാഹചര്യങ്ങളിൽ ഇതിനായി വിദഗ്ധ സമിതി രൂപീകരിക്കും.
∙ ആയുർവേദ ആഹാരമാണെന്നു കാണിക്കുന്ന പ്രത്യേക ലോഗോ പാക്കറ്റിന്റെ മുൻവശത്തു തന്നെ നൽകണം.
∙ ഭക്ഷണം കഴിക്കുമ്പോഴുണ്ടായേക്കാവുന്ന പാർശ്വഫലങ്ങളും മറ്റും പാക്കറ്റിൽ രേഖപ്പെടുത്തണം.
∙ ആയുർവേദ ആഹാരം കുട്ടികളുടെ സമീപം വയ്ക്കരുതെന്നു പ്രത്യേകം രേഖപ്പെടുത്തണം. നിശ്ചിത ഭക്ഷണക്രമത്തിനു പകരമാണ് ആയുർവേദ ആഹാരമെന്ന തരത്തിൽ പരസ്യം ചെയ്യരുത്.
English Summary: Ayurveda food advertisement; new order