ADVERTISEMENT

ന്യൂഡൽഹി ∙ കഷണ്ടിക്കുള്ള പരിഹാരം, തലമുടി വച്ചുപിടിപ്പിക്കൽ, സൗന്ദര്യവർധക ശസ്ത്രക്രിയ തുടങ്ങിയവയുടെ കാര്യത്തിൽ സമ്മതപത്രം, മതിയായ യോഗ്യതയുള്ള ഡോക്ടറുടെ സാന്നിധ്യം, റിസ്ക് എത്രയുണ്ടാകുമെന്ന വിലയിരുത്തൽ, പിഴവുണ്ടായാൽ കേസ് സംബന്ധിച്ച കാര്യങ്ങൾ തുടങ്ങിയവ നിർബന്ധമാക്കി ചികിത്സാ മാർഗരേഖ വരും. ഇക്കാര്യത്തിൽ അന്തിമരൂപം നൽകാൻ സമിതിയെ നിയോഗിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചു.

സലൂണുകളിലും ബ്യൂട്ടി പാർലറുകളിലും ഇത്തരത്തിലുള്ള ചികിത്സകളും മറ്റും വാഗ്ദാനം ചെയ്യുന്നതു വ്യാപകമാകുന്നുവെന്നു ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണിത്. ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടി ജൂലൈ 27നകം അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി. 

മതിയായ യോഗ്യത ഇല്ലാതെയും പ്രഫഷനൽ വൈദഗ്ധ്യം നേടാതെയും സാധാരണ സലൂണുകളിൽ പോലും ഇവ ചെയ്യുന്നതും മെഡിക്കൽ വിദഗ്ധരുടെ മേൽനോട്ടം ഇല്ലാത്തതുമാണ് കോടതി ചൂണ്ടിക്കാട്ടിയത്. സുരക്ഷിതമല്ലെങ്കിൽ മരണം പോലും സംഭവിക്കാമെന്നതിനാൽ ബോധവൽക്കരണം വേണമെന്നും മാർഗരേഖ തയാറാക്കിയാൽ അതു പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

ഡൽഹിയിലെ ഒരു സലൂണിൽ 30,000 രൂപയ്ക്കു തലമുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ആൾ മരിച്ചതുമായി ബന്ധപ്പെട്ട്, സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സഹോദരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം മുഖവും തോൾഭാഗവും തടിച്ചുവീർത്തെന്നും ചികിത്സയിലിരിക്കെ മരിച്ചെന്നുമാണ് ഹർജിയിലുള്ളത്.

മരുന്നുകളോടോ രാസവസ്തുക്കളോടോ ഉള്ള അലർജിയോ രോഗാണുബാധ മൂലമോ സംഭവിക്കുന്ന അപൂർവ ത്വക്ക് രോഗമായ സ്റ്റീവൻ ജോൺസ് സിൻഡ്രോം ബാധിച്ചാണ് മരണമെന്നു റിപ്പോർട്ടുണ്ടായിരുന്നു. ചികിത്സാപിഴവും ചികിത്സാത്തട്ടിപ്പും കേസിൽ ഉൾപ്പെടുന്നുവെന്നു കണ്ടെത്തിയ കോടതി തുടർനടപടിക്കു ഡൽഹി പൊലീസിനോടു നിർദേശിച്ചിരിക്കുകയാണ്.

English Summary: Health Ministry on Cosmetic Surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com