കള്ളനോട്ട് പെരുകി; നോട്ടുനിരോധനഫലമെന്ന് പ്രതിപക്ഷം
Mail This Article
ന്യൂഡൽഹി ∙രാജ്യത്ത് 2021–22 സാമ്പത്തിക വർഷത്തിൽ കള്ളനോട്ടുകളുടെ എണ്ണം വർധിച്ചുവെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രതിപക്ഷത്തിനു കേന്ദ്ര സർക്കാരിനെതിരെ പുതിയ ആയുധമായി. നോട്ടുനിരോധനത്തിന്റെ തിക്തഫലമാണിതെന്നു പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. തലേവർഷത്തെ അപേക്ഷിച്ചു 2021–22 ൽ 500 രൂപയുടെ കള്ളനോട്ടുകൾ 101.9 ശതമാനത്തിലേറെയും 2,000 രൂപയുടേത് 54.16 ശതമാനത്തിലേറെയും തിരിച്ചറിഞ്ഞതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
കള്ളപ്പണം കണ്ടെത്താനും കള്ളനോട്ട് തടയാനും വേണ്ടിയാണ് 2016 ൽ നോട്ടു നിരോധനം നടപ്പാക്കിയതെന്നാണു നരേന്ദ്ര മോദി സർക്കാർ അവകാശപ്പെട്ടത്. രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർത്തതാണു നോട്ടുനിരോധനത്തിന്റെ ദൗർഭാഗ്യകരമായ വിജയം എന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. നോട്ടുനിരോധനത്തിന്റെ ഗുണങ്ങളിലൊന്നു യാഥാർഥ്യമായെന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി കുറ്റപ്പെടുത്തി. കള്ളനോട്ടുകൾ തുടച്ചുനീക്കുമെന്ന പ്രഖ്യാപനം മോദിക്ക് ഓർമയുണ്ടോയെന്നാണ് തൃണമൂൽ നേതാവ് ഡെറക് ഒബ്രയൻ ട്വീറ്റ് ചെയ്തത്.
English Summary: RBI report shows spike in fake notes, Opposition trains guns on Centre over demonetisation