കശ്മീരിൽ ഭീകരൻ ബാങ്കിൽ കയറി മാനേജരെ വെടിവച്ചുകൊന്നു
Mail This Article
ശ്രീനഗർ ∙ കശ്മീരിലെ കുൽഗാമിൽ ഭീകരൻ ബാങ്കിനുള്ളിൽ കയറി മാനേജരെ വെടിവച്ചുകൊന്നു. തെക്കൻ കശ്മീരിലെ കുൽഗാം ആർക് മോഹനപുരയിലെ എലാഖി ദേഹാതി ബാങ്ക് ബ്രാഞ്ച് മാനേജർ രാജസ്ഥാൻ സ്വദേശി വിജയ് കുമാർ ആണ് കൊല്ലപ്പെട്ടത്. തൊട്ടുപിന്നാതെ ബുദ്ഗാമിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു.
ഇതോടെ കശ്മീരിൽ മേയ് 1നു ശേഷം ഭീകരർ 9 പേരെ കൊലപ്പെടുത്തി. രാജസ്ഥാനിലെ ഹനുമാൻഗഡ് സ്വദേശിയായ വിജയ് കുമാർ കുൽഗാമിലെ ബ്രാഞ്ചിൽ ഒരാഴ്ച മുൻപാണ് ചുമതലയേറ്റത്. ഭീകരൻ വിജയ്കുമാറിന്റെ മുറിയിൽ കയറി വെടിയുതിർത്തശേഷം തിരിച്ചുപോകുന്നതായാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.പ്രദേശവാസികളല്ലാത്തവരെ ഉന്നംവച്ചുള്ള ആക്രമണം കശ്മീരിൽ തുടരുകയാണ്.
ചൊവ്വാഴ്ചയാണ് രജനി ബാല എന്ന അധ്യാപിക ഷോപ്പിയാനിലെ ഗോപാലപുരയിൽ ഭീകരരുടെ തോക്കിനിരയായത്. ജമ്മുവിലെ സാംബ സ്വദേശിയാണു രജനി. കഴിഞ്ഞ 12ന് ബുഡ്ഗാമിലെ തഹസിൽദാർ ഓഫിസിലെ ജീവനക്കാരനായ രാഹുൽ ഭട്ടിനെയും കൊലപ്പെടുത്തിയിരുന്നു.
വിജയ്കുമാറിന്റെ വധത്തിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ച നടത്തി. അക്രമം തടയാൻ കർശന നടപടി സ്വീകരിക്കാൻ ഷാ നിർദേശിച്ചു. തങ്ങളെ ഭീകരർ ലക്ഷ്യമിടുന്നതായി ആരോപിച്ച് പണ്ഡിറ്റുകൾ കഴിഞ്ഞദിവസം ശ്രീനഗർ– ജമ്മു ദേശീയപാത ഉപരോധിച്ചിരുന്നു. ഈ മാസം 6നു മുൻപ് പ്രശ്നപരിഹാരം ഉണ്ടാവുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നു. ഇവർക്കായി പ്രത്യേക ഹെൽപ് ലൈനും ഏർപ്പെടുത്തി.
ന്യൂനപക്ഷ വിഭാഗങ്ങളിലുൾപ്പെട്ട സർക്കാർ ജീവനക്കാരെ ഈ മാസം ആറിനകം സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റുമെന്ന് ജമ്മു കശ്മീർ ഭരണകൂടം അറിയിച്ചു. ഭീകരാക്രമണത്തെ കശ്മീരിലെ വിവിധ രാഷ്ട്രീയകക്ഷികൾ അപലപിച്ചു. കശ്മീരിലെ കൊലപാതകങ്ങൾക്കു പിന്നിൽ പാക്കിസ്ഥാന്റെ ഗൂഢാലോചനയുണ്ടെന്ന് ബിജെപി ആരോപിച്ചു.
English Summary: Bank Manager Shot Dead In Kashmir