വോട്ടിന് ആധാർ: ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ
Mail This Article
ന്യൂഡൽഹി ∙ വോട്ടർപട്ടികയിലെ പേര് ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നത് ഉൾപ്പെടെ വ്യവസ്ഥകളടങ്ങിയ തിരഞ്ഞെടുപ്പു ചട്ട ഭേദഗതി കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. ഭേദഗതിബിൽ കഴിഞ്ഞ ഡിസംബറിലാണു ലോക്സഭ പാസാക്കിയത്.
വെള്ളിയാഴ്ച രാത്രിയാണു വിജ്ഞാപനം ചെയ്തത്. ഓഗസ്റ്റ് 1 മുതൽ ഭേദഗതി പ്രാബല്യത്തിലാകും. ഇതുപ്രകാരം വോട്ടർപട്ടികയിൽ നിലവിൽ പേരുള്ളവർ ആധാർ വിവരങ്ങൾ 2023 ഏപ്രിൽ ഒന്നിനു മുൻപ് ചേർക്കണം. ഇതിനായി ‘6ബി’ ഫോം ലഭ്യമാക്കിയിട്ടുണ്ട്.
ആധാർ നമ്പർ ഹാജരാക്കാൻ കഴിയാത്തവർക്കു തൊഴിൽ മന്ത്രാലയത്തിന്റെ ഇൻഷുറൻസ് കാർഡോ ഡ്രൈവിങ് ലൈസൻസോ പാൻ നമ്പറോ നൽകാമെന്നും വ്യവസ്ഥയുണ്ട്. പുതിയ വോട്ടർമാർക്കുള്ള അപേക്ഷാ ഫോമിലും ഇനി ആധാർ വിവരങ്ങൾ രേഖപ്പെടുത്താൻ കോളമുണ്ടാകും.
നിയമഭേദഗതി അനുസരിച്ച് ഇനി മുതൽ ജനുവരി 1, ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 എന്നീ 4 തീയതികളിലൊന്നിൽ 18 വയസ്സു തികയുന്നവർക്ക് അപ്പോൾ തന്നെ വോട്ടർ പട്ടികയിൽ പേരു ചേർക്കാം.
നിലവിൽ ജനുവരി 1 വച്ചു മാത്രമാണു പ്രായപരിധി കണക്കാക്കിയിരുന്നത്. സർവീസ് വോട്ടുമായി ബന്ധപ്പെട്ട നിയമത്തിലെ ജെൻഡർ വേർതിരിവ് ഒഴിവാക്കിയും ചട്ടം ഭേദഗതി ചെയ്തിട്ടുണ്ട്.
English Summary: Aadhaar for vote to be implemented from august one