ബംഗാളിലും ‘ഓപ്പറേഷൻ താമര’ നീക്കം; സജീവചർച്ചയെന്ന് മിഥുൻ ചക്രവർത്തി
Mail This Article
കൊൽക്കത്ത ∙ ബംഗാളിൽ മമത സർക്കാരിലെ വ്യവസായ മന്ത്രി പാർഥ ചാറ്റർജിയെ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ ‘ഓപ്പറേഷൻ താമര’ നീക്കവുമായി ബിജെപി. തൃണമൂൽ കോൺഗ്രസിലെ 38 എംഎൽഎമാർ ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ടുവെന്നും ഇതിൽ 21 പേർ താനുമായി നേരിട്ടു സംസാരിക്കുന്നുണ്ടെന്നും വെളിപ്പെടുത്തി ബിജെപി നേതാവ് മിഥുൻ ചക്രവർത്തി രംഗത്തെത്തി. ബിജെപി 18 സംസ്ഥാനങ്ങളിൽ ഭരണത്തിലുണ്ടെന്നും ഏതാനും സംസ്ഥാനങ്ങളിൽക്കൂടി പാർട്ടിക്കൊടി പാറുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പൊള്ളയായ അവകാശവാദങ്ങളുമായി ജനങ്ങളെ മണ്ടൻമാരാക്കരുതെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ മിഥുനെ വിമർശിച്ചു. തൃണമൂലിന്റെ മുൻ രാജ്യസഭാംഗമായിരുന്ന മിഥുൻ, ബംഗാൾ തിരഞ്ഞെടുപ്പിനു മുൻപാണ് ബിജെപിയിൽ ചേർന്നത്.
മഹാരാഷ്ട്ര മോഡൽ ഭരണമാറ്റം ബംഗാളിലും എന്ന സൂചനയാണ് മിഥുൻ നൽകിയത്. 294 അംഗ ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയായ ടിഎംസിക്ക് 216 അംഗങ്ങളുണ്ട്. ബിജെപിക്ക് 75 പേരും. തിരഞ്ഞെടുപ്പിനു ശേഷം 5 ബിജെപി എംഎൽഎമാർ തൃണമൂലിൽ ചേർന്നിരുന്നു. ഇവർ നിയമസഭാംഗത്വം രാജിവച്ചിട്ടില്ല.
അതേസമയം, ഇഡിയുടെ കസ്റ്റഡിയിലുള്ള മന്ത്രി പാർഥ ചാറ്റർജി,സുഹൃത്തും നടിയുമായ അർപ്പിത മുഖർജി എന്നിവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച പാർഥയോട് രാജിവയ്ക്കുമോയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘‘എന്തിന് താൻ രാജിവയ്ക്കണം ’’ എന്നായിരുന്നു മറുചോദ്യം. ഇഡിയോട് അർപ്പിത സഹകരിക്കുകയും പാർഥ നിസ്സഹരിക്കുകയുമാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു. അർപ്പിതയുടെ ഉടമസ്ഥതയിലുള്ള 2 ഫ്ലാറ്റുകൾ കൂടി കണ്ടെത്തി. എന്നാൽ, താക്കോൽ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പരിശോധന നടന്നില്ല.
സ്കൂൾ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രൈമറി എജ്യുക്കേഷൻ ബോർഡ് മുൻ അധ്യക്ഷനും തൃണമൂൽ എംഎൽഎയുമായ മണിക് ഭട്ടാചാര്യയെയും ഇഡി ചോദ്യം ചെയ്തു. മൂവരെയും ഒരുമിച്ചും ചോദ്യം ചെയ്യുന്നുണ്ട്.
തൃണമൂൽ സർക്കാരിനെതിരെ മാധ്യമങ്ങൾ അപഖ്യാതി പടച്ചുവിടുകയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ‘‘ഒരു വലിയ സ്ഥാപനം നടത്തിക്കൊണ്ടു പോകുമ്പോൾ തെറ്റുസംഭവിക്കുക സ്വാഭാവികം. കുറ്റക്കാരെന്നു കോടതി കണ്ടെത്തിയാൽ അത്തരക്കാർക്കെതിരെ നടപടിയുമുണ്ടാകും. ഇഡി രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തകർക്കാൻ ശ്രമിക്കരുത് ’’ – മമത പറഞ്ഞു.
English Summary: 38 Trinamool MLAs in touch with BJP, claims Mithun Chakraborty