പ്രകടനപത്രിക: ആരാദ്യമെന്നും മത്സരം; ഡൽഹി മാജിക് വാഗ്ദാനം ചെയ്ത് കേജ്‍രിവാൾ
Mail This Article
ഷിംല ∙ ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാടുന്ന ഹിമാചൽപ്രദേശിൽ അടവുകൾ അവസാനനിമിഷം മാറ്റിപ്പയറ്റുകയാണ് പാർട്ടികൾ. ഇന്നു പുറത്തിറക്കാനിരുന്ന പ്രകടന പത്രിക ബിജെപി വൈകിപ്പിച്ചതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ ഇന്ന് പ്രകാശനം ചെയ്യുമെന്ന് അറിയിച്ചെങ്കിലും ചടങ്ങ് ആറിലേക്കു മാറ്റി.. നാളെ കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കാനിരിക്കെയാണിത്. കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കിയ ശേഷം മതി എന്നാണ് ബിജെപി തീരുമാനം. പ്രകടന പത്രിക പുറത്തിറക്കും മുൻപു തന്നെ 10 ഉറപ്പുകൾ നൽകിയാണ് കോൺഗ്രസിന്റെ പ്രചാരണം. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും, സ്ത്രീകൾക്കും പ്രതിമാസം 1500 രൂപ നൽകും തുടങ്ങിയവ ഇതിൽ പെടുന്നു.
ഡൽഹി മാജിക് വാഗ്ദാനം ചെയ്ത് കേജ്‍രിവാൾ
ഷിംല ∙ ആം ആദ്മി പാർട്ടി ഡൽഹിയിൽ നടത്തുന്ന മാജിക് ഹിമാചലിലെ ആളുകൾക്കും കാണാനാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. സോളൻ മണ്ഡലത്തിൽ റോഡ് ഷോ നടത്തിയ ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആം ആദ്മി പാർട്ടി പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നായ ഇവിടെ അഞ്ജു റാത്തോഡാണ് എഎപിക്കായി മത്സരിക്കുന്നത്. സംവരണ മണ്ഡലമായ ഇവിടെ കഴിഞ്ഞ തവണത്തേതു പോലെ ഡോ. രാജേഷ് കശ്യപാണ് ബിജെപി സ്ഥാനാർഥി. ഇദ്ദേഹത്തെ 671 വോട്ടുകൾക്ക് തോൽപിച്ച ഭാര്യാപിതാവ് ധാനി റാം ശന്തിലിന് ഇക്കുറി കോൺഗ്രസ് സീറ്റ് നൽകിയില്ല. അദ്ദേഹം വിമതനായി രംഗത്തുണ്ട്. കോൺഗ്രസിനു വേണ്ടി രാംകുമാർ ചൗധരി മത്സരിക്കുന്നു.
English Summary: Himachal Pradesh Election 2022 manifesto